Site icon Janayugom Online

ലീഡ്സ് ടെസ്റ്റ്; ഇന്ത്യ പൊരുതുന്നു, രോഹിത്തിനും പുജാരയ്ക്കും അര്‍ധ സെഞ്ചുറി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ബാറ്റിംഗ് തുടരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് ലീഡായ 354 റണ്‍സ് പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 185 രണ്‍സെടുത്തിട്ടുണ്ട്. കരുതലോടെ ബാറ്റ് വീശിയ രോഹിത് ശര്‍മയും ചേതേശ്വര്‍ പുജാരയും അര്‍ധ സെഞ്ചുറി കുറിച്ചു. നിലവില്‍ നായകന്‍ വിരാട് കോലിയും (33) പുജാര (77)യുമാണ് ക്രീസില്‍. രോഹിത് ശര്‍മ്മ 177 പന്തില്‍ നിന്ന് 59 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി റോബിന്‍സണും ക്രെഗ് ഓവര്‍ടേണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടാം ഇന്നിങ്സിനായി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് കെഎല്‍ രാഹുലിനെ തുടക്കത്തില്‍ തന്നെ നഷ്ടമായി. സ്കോര്‍ 34ല്‍ നില്‍ക്കെ ക്രെഗ് ഓവര്‍ടേണിന്റെ പന്തില്‍ ബെയര്‍സ്റ്റോയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ രാഹുല്‍ ഇന്നലെ എട്ട് റണ്‍സ് മാത്രമാണ് അടിച്ചെടുത്തത്. പിന്നീടൊത്തു ചേര്‍ന്ന രോഹിതും പുജാരയും ഇന്ത്യന്‍ സ്കോര്‍ 100 കടത്തി.

എട്ടുവിക്കറ്റിന് 423 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ ശേഷിച്ച രണ്ട് വിക്കറ്റുകള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വേഗത്തില്‍ വീഴ്ത്തി. ക്രെയ്ഗ് ഓവർട്ടൻ (32), ഒലി റോബിൻസൻ (0) എന്നിവരാണ് ഇന്നലെ പുറത്തായത്. ഓവർട്ടനെ ഷമി വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾ റോബിൻസനെ ബുംറ ക്ലീൻ ബൗൾഡാക്കി. ഇന്ത്യക്കായി മുഹമ്മദ് ഷമി നാലും മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.

സെഞ്ചുറി നേടിയ നായകന്‍ ജോ റൂട്ടിന്റെയും (121) അര്‍ധസെഞ്ചുറി നേടിയ റോറി ബേണ്‍സിന്റെയും(61) ഹസീബ് അഹമ്മദിന്റെയും(68) ഡേവിഡ് മലാന്റെയും(70) ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് പടുകൂറ്റന്‍ സ്‌കോര്‍ കെട്ടുപ്പടുത്തത്. ജോണി ബെയര്‍സ്‌റ്റോ (29), ജോസ് ബട്‌ലര്‍ (7), മോയിന്‍ അലി (8), സാം കറെന്‍ (15) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

ഇന്ത്യക്കെതിരെയുള്ള 8–ാം സെഞ്ചുറി. ഈ കലണ്ടർ വർഷത്തിൽ കളിച്ച 11 ടെസ്റ്റുകളിൽ ആറ് സെഞ്ചുറി. കൂടുതൽ സെഞ്ചുറികൾ നേടുന്ന ഇംഗ്ലീഷ് ക്യാപ്റ്റനെന്ന നേട്ടത്തി‍ൽ (12) അലസ്റ്റയർ കുക്കിന് ഒപ്പമെത്തുകയും ചെയ്തു. ഇംഗ്ലണ്ട് ഇന്നിങ്സിലെ 63–ാം ഓവറിൽ മാത്രം ക്രീസിലെത്തിയ റൂട്ട് വെറും 125 പന്തുകളിലാണ് സെഞ്ചുറി തികച്ചത്.

അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിലവില്‍ ഇന്ത്യ 1–0 ന് മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയം സ്വന്തമാക്കി.

You may also like this video:

Exit mobile version