Site iconSite icon Janayugom Online

ക്ഷയരോഗ മരുന്നിന് ക്ഷാമം; ക്ഷയരോഗമുക്ത പദ്ധതിക്ക് തടസമാകുന്നു

രാജ്യത്ത് ക്ഷയരോഗ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നത് രോഗികളെ മരണത്തിലേക്ക് തള്ളുന്നു. ക്ഷയ രോഗത്തിനുള്ള പ്രധാന മരുന്നായ ക്ലോഫോസിമിൻ ലഭ്യമല്ലാത്തത് 2025 ഓടെ രാജ്യത്തെ ക്ഷയരോഗമുക്തമാക്കാനുള്ള പദ്ധതിക്ക് വിഘാതം സൃഷ്ടിക്കുന്നതായും വിദഗ്ധര്‍ പറയുന്നു. എംഡിആര്‍ രോഗികള്‍ മരുന്ന് കൃത്യമായി തുടര്‍ന്നാല്‍ പോലും രോഗബാധ കുറയുന്നതിനുള്ള സാധ്യത 60 മുതല്‍ 65 ശതമാനം വരെയാണ്. എന്നാല്‍ ക്ലോഫോസിമിൻ ലഭ്യമല്ലാത്തത് രോഗികളുടെ ആരോഗ്യ സ്ഥിതിയെ ബാധിക്കും.

കഴിഞ്ഞ ഒന്നരമാസമായി ആശുപത്രികളില്‍ മരുന്ന് ലഭ്യമല്ലെന്ന് ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഹരിദത്ത് നേമി അറിയിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യ വകുപ്പിന് മൂന്ന് തവണ അപേക്ഷ നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. 1200 ക്ഷയരോഗികളാണ് പിലിഭിത്തിലുള്ളതെന്നും ഇതില്‍ 124 എണ്ണം മള്‍ട്ടി ഡ്രഗ് റസിസിറ്റന്റ് (എംഡിആര്‍) കേസുകളാണ്.

മുംബൈയില്‍ ക്ലോഫോസിമിൻ കൂടാതെ എംഡിആര്‍ രോഗികള്‍ക്കുള്ള മറ്റ് മരുന്നുകളായ ലിസോളിഡ്, സൈക്ലോസ്‌റൈൻ എന്നിവയും ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായമില്ലാതെ മരുന്ന് നേരിട്ട് സംഭരിക്കുകയാണ് മുംബൈയിലെ ടിബി ഓഫിസര്‍മാര്‍. ഒരു തവണ 5000 രൂപയ്ക്ക് മാത്രം മരുന്ന് വാങ്ങാനുള്ള അനുവാദമാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത് എന്നതിനാല്‍ രോഗത്തിന്റെ തീവ്രതയനുസരിച്ചാണ് മരുന്ന് നല്‍കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഈ തുകയില്‍ ഒമ്പത് സൈക്ലോസ്‌റൈൻ സ്ട്രിപ്പുകള്‍ മാത്രമാണ് വാങ്ങാനാകുക എന്നും എന്നാല്‍ പ്രതിദിനം 500 രോഗികള്‍ക്കുള്ള മരുന്ന് ആവശ്യമുണ്ടെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു മാസമായി ഈ അവസ്ഥ തുടരുന്നതായും മഹാരാഷ്ട്ര ആരോഗ്യ വകുപ്പിനോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ട് നടപടി സ്വീകരിച്ചില്ലെന്നും അവര്‍ പറഞ്ഞു. മുബൈയില്‍ മാത്രം 5000 എംഡിആര്‍-ടിബി രോഗികളുണ്ട്. പ്രതിവര്‍ഷം 3000 ടിബി രോഗികള്‍ ഇവിടെ മരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ടിബിക്കെതിരെയുള്ള ഐക്യരാഷ്ട്ര സഭയുടെ രണ്ടാമത് ഉന്നതതല യോഗത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി പങ്കെടുത്തില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 200 കോടി ജനങ്ങള്‍ പ്രകടമല്ലാത്ത ടിബി ബാധിരാണ്. ഇതില്‍ നാലിലൊന്ന് പേര്‍ ഇന്ത്യയില്‍ നിന്നാണ്, ഏകദേശം 25 ലക്ഷം പേര്‍.

Eng­lish Sum­ma­ry: India faces Tuber­cu­lo­sis drug shortage
You may also like this video

Exit mobile version