ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം വെടിവച്ചിട്ടു. ഷൂട്ടിങ് മെഡലിനായുള്ള ഇന്ത്യയുടെ 12 വര്‍ഷത്തെ കാത്തിരിപ്പിനുകൂടി വിരാമമായി. ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവും, എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമെന്ന റെക്കോഡും മനു ഭാകര്‍ സ്വന്തമാക്കി.
221.7 പോയിന്റുകള്‍ നേടിയാണ് മനുവിന്റെ ചരിത്ര നേട്ടം. ദക്ഷിണ കൊറിയന്‍ താരങ്ങളായ ഓ യെ ജിന്‍ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണവും കിം യെജി വെള്ളിയും നേടി. യോഗ്യതാ റൗണ്ടിലും മനു ഭാകര്‍ മൂന്നാം സ്ഥാനത്തായിരുന്നു. 2020ല്‍ ടോക്യോ ഒളിമ്പിക‌്സില്‍ മൂന്ന് വിഭാഗത്തില്‍ മത്സരിച്ച മനുവിനു ഒന്നിലും ഫൈനലിലെത്താന്‍ സാധിച്ചിരുന്നില്ല.
ഫൈനല്‍ മത്സരത്തിന്റെ തുടക്കം മുതല്‍ മെഡല്‍ പൊസിഷനില്‍ നിന്ന് പുറത്താവാതെയാണ് താരം വെങ്കലത്തിലേക്ക് മുന്നേറിയത്. അഞ്ച് ഷോട്ടുകളുടെ ആദ്യ സീരീസിൽ 50.4 സ്‌കോര്‍ ചെയ്‌ത മനുവിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചെങ്കിലും പിന്നീട് പിന്തള്ളപ്പെട്ട് നേട്ടം വെങ്കലത്തില്‍ ഒതുങ്ങി.
രാജ്യവർധൻ സിങ് റാത്തോഡ്, അഭിനവ് ബിന്ദ്ര, വിജയ് കുമാർ, ഗഗൻ നാരംഗ് എന്നിവർക്ക് ശേഷം ഷൂട്ടിങ്ങില്‍ ഒളിമ്പിക്‌സ് മെഡൽ നേടുന്ന അഞ്ചാമത്തെ താരമാണ് മനു. ഇന്ത്യക്കായി ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന എട്ടാമത്തെ വനിതാ അത്‌ലറ്റ് കൂടിയാണ് മനു ഭാകര്‍.
വനിതകളുടെ 10 മീറ്റർ എയർ റൈഫിള്‍ ഇനത്തില്‍ രമിത ജിൻഡാല്‍ ഫൈനലിലെത്തി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അര്‍ജുന്‍ ബബുതയും ഫൈനലില്‍ സ്ഥാനമുറപ്പിച്ചു.
English Summary;India get their first medal at paris olympics
You may also like this video