പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിനിറങ്ങും. ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യക്ക് പരമ്പര സമനിലയാക്കാന്‍ രണ്ടാം മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. രാവിലെ ഒമ്പതിന് ബര്‍സപര സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ രണ്ടാം മത്സരത്തിനിറങ്ങില്ല. പകരം റിഷഭ് പന്ത് ഇന്ത്യയെ നയിക്കും. കൊൽക്കത്ത ടെസ്റ്റിൽ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിടെ ഗിൽ റിട്ടയേർഡ് ഹർട്ടായി മടങ്ങുകയായിരുന്നു. പിന്നാലെ ഇന്ത്യൻ ക്യാപ്റ്റനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഗില്ലിന് പകരം സായ് സുദര്‍ശനോ ദേവ്ദത്ത് പടിക്കലിനോ അവസരം ലഭിച്ചേക്കും. ആദ്യ ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ കളിച്ച വാഷിങ്ടൺ സുന്ദര്‍ മധ്യനിരയിലേക്ക് മാറും. സുദര്‍ശന്‍ മൂന്നാം നമ്പറിലിറങ്ങും. ഗില്‍ കളിക്കുന്ന നാലാം നമ്പറില്‍ ധ്രുവ് ജുറെലാകും ക്രീസിലെത്തുക.
യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലും ഓപ്പണര്‍മാരായെത്തും. രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങടണ്‍ സുന്ദര്‍ എന്നിവര്‍ ഓള്‍റൗണ്ടര്‍മാരായി ടീമില്‍ തുടരും. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ ഇന്ത്യന്‍ പേസ് നിര കൈകാര്യം ചെയ്യും. കുല്‍ദീപ് യാദവ് ആണ് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍. ആദ്യ മത്സരത്തില്‍ ബൗളര്‍മാര്‍ മികവ് പുലര്‍ത്തിയിട്ടും ബാറ്റര്‍മാര്‍ തിളങ്ങാതിരുന്നതാണ് ഇന്ത്യക്ക് നാണംകെട്ട തോല്‍വി വഴങ്ങേണ്ടി വന്നത്. 30 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കന്‍ ജയം.
ആദ്യ ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 159 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 189 റണ്‍സ് നേടിയതോടെ 30 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി. രണ്ടാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 153 റണ്‍സിന് പുറത്തായതോടെ ചെറിയ വിജയലക്ഷ്യം അനായാസം ഇന്ത്യ മറികടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വെറും 93 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. അവസാന മത്സരത്തില്‍ സമനില നേടിയാല്‍ പോലും പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കും. ഇന്ത്യയുടെ സാധ്യതാ ടീം: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍, റിഷഭ് പന്ത്(ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

