സാഫ് കപ്പില്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് ഗോളില്‍ പാകിസ്ഥാനെതിരെ ഗോള്‍ മഴ തീര്‍ത്ത് ഇന്ത്യ. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയിച്ചത്. ഉദാന്ത സിങ് കുമമാണ് മറ്റൊരു സ്കോറര്‍. മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും ആഷിഖ് കുരുണിയനും ആദ്യ ഇലവനില്‍ ഇടം നേടി. മത്സരത്തിന്റെ തുടക്കം മുതലേ ആക്രമിച്ചു കളിച്ച ഇന്ത്യക്കായിരുന്നു മത്സരത്തില്‍ ആധിപത്യം. 10-ാം മിനിറ്റില്‍ തന്നെ ഇന്ത്യ മത്സരത്തില്‍ ലീഡെടുത്തു. പാക് ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രിയുടെ സമ്മര്‍ദമാണ് ഫലം കണ്ടത്. ഛേത്രി ഓടിയെടുത്തപ്പോള്‍ ഗോള്‍ കീപ്പര്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം ഫലം കണ്ടില്ല പന്ത് റാഞ്ചിയ ഛേത്രി അനായാസം വല കുലുക്കി. ഒരു ഗോള്‍ വഴങ്ങിയതിന്റെ ആഘാതം വിട്ടുമാറുംമുന്‍പ് പാകിസ്ഥാന് ഇന്ത്യയുടെ വക അടുത്ത പ്രഹരം ലഭിച്ചു. പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഛേത്രിയുടെ രണ്ടാം ഗോള്‍.
രണ്ടാം പകുതിയിലും ആക്രമണം തുടര്‍ന്ന ഇന്ത്യക്ക് 74-ാം മിനിറ്റില്‍ വീണ്ടും അനുകൂലമായ പെനാല്‍റ്റിയെത്തി. ഇത്തവണയും കിക്കെടുക്കാനെത്തിയത് ഛേത്രിയായിരുന്നു. ലക്ഷ്യം തെറ്റാതെ പാകിസ്ഥാന്‍ ഗോള്‍വലയത്തില്‍ വീണ്ടും ഛേത്രി പന്തെത്തിച്ചതോടെ ഇന്ത്യന്‍ അക്കൗണ്ടില്‍ മൂന്ന് ഗോളായി. എന്നാല്‍ ഈ ഗോളോടെയും ഇന്ത്യ അവസാനിപ്പിച്ചില്ല. 81-ാം മിനിറ്റില്‍ ഉദാന്ത സിങ് കുമം നാലാം ഗോളും നേടി വിജയം ഉറപ്പിച്ചു.
ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ കുവൈറ്റ് നേപ്പാളിനെ തകര്‍ത്തു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജയം. ആദ്യപകുതിയില്‍ തന്നെ രണ്ട് ഗോളുകളടിച്ച് കുവൈറ്റ് മുന്നിലെത്തിയിരുന്നു. 23-ാം മിനിറ്റില്‍ ഖാലിദ് എല്‍ എബ്രാഹിമും 41-ാം മിനിറ്റില്‍ ഷാബിബ് അല്‍ കാല്‍ദിയുമാണ് സ്കോറര്‍മാര്‍. പെനാല്‍റ്റിയിലൂടെ 65-ാം മിനിറ്റില്‍ ദഹാമും ഗോള്‍ നേടിയതോടെ കുവൈറ്റ് വിജയമുറപ്പിച്ചു. എന്നാല്‍ ഈ ഗോളിന് ശേഷം നേപ്പാള്‍ ഒരു ഗോള്‍ മടക്കി.
English Summary:India has scored a goal against Pakistan
You may also like this video