ജമ്മു കശ്മീരില്‍ പ്രതിപക്ഷ ഇന്ത്യ സഖ്യം അധികാരത്തില്‍. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് വിരുദ്ധമായി ഹരിയാനയില്‍ ബിജെപി ഭരണം നിലനിര്‍ത്തി.
ഹരിയാനയിലും ജമ്മു കശ്മീരിലും 90 അസംബ്ലി മണ്ഡലങ്ങള്‍ വീതമാണുള്ളത്. അധികാരത്തിലേറാന്‍ വേണ്ടത് 46 സീറ്റുകളുടെ ഭൂരിപക്ഷം. ഹരിയാനയില്‍ 48ല്‍ ബിജെപി വിജയിച്ചു. കോണ്‍ഗ്രസ് 36 സീറ്റുകളില്‍ വിജയം നേടി. ബിജെപി വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെട്ട റോത്തക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭരത് ഭൂഷന്‍ ബത്ര 1,341 വോട്ടുകള്‍ക്ക് മുന്നിലാണ്. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ രണ്ട് സീറ്റിലും സ്വതന്ത്രര്‍ മൂന്നു സീറ്റിലും വിജയിച്ചു.
ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) 42 സീറ്റുകളില്‍ വിജയം നേടി പ്രധാനകക്ഷിയായി. കോണ്‍ഗ്രസിന് ആറ്, പിഡിപി മൂന്ന്, ജെപിസി, സിപിഐ (എം), എഎപി ഒന്നു വീതം സീറ്റുകളാണ് നേടിയത്. ഏഴ് സ്വതന്ത്രരും ജയിച്ചു. ബിജെപിക്ക് 29 സീറ്റുകളാണ് നേടാനായത്. എന്‍സി മത്സരിച്ച 51 ല്‍ 41 സീറ്റുകളിലും വിജയം സ്വന്തമാക്കി. ബുദ്ഗാം, ഗന്ധേര്‍ബാള്‍ മണ്ഡലങ്ങളില്‍ വിജയിച്ച ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകും.
ഹരിയാനയില്‍ നയാബ് സിങ് സൈനി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. ജാട്ട് വോട്ടുബാങ്കില്‍ ഭിന്നത സൃഷ്ടിക്കാനായതാണ് ബിജെപിക്ക് ഹരിയാനയില്‍ നേട്ടമായത്. പിന്നാക്ക വിഭാഗങ്ങള്‍ നല്‍കിയ പിന്തുണയും ഗുണം ചെയ്തു. കോണ്‍ഗ്രസിനാകട്ടെ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയം വിനയായി. സര്‍ക്കാര്‍ വിരുദ്ധ വികാരം ഉള്‍പ്പെടെ അനുകൂല ഘടകങ്ങള്‍ ഏറെയുണ്ടായിട്ടും അതൊന്നും വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. 89 മണ്ഡലങ്ങളിലും മത്സരിച്ച എഎപിക്ക് 1.79 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ജുലാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിനേഷ് ഫോഗട്ടിന് വിജയം നേടാനായി.
ജമ്മു കശ്മീരിനുള്ള പ്രത്യേക ഭരണഘടനാ പദവി എടുത്തു കളഞ്ഞ അനുച്ഛേദം 370 റദ്ദാക്കിയതിനൊടുവില്‍ 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നത്. അവിടെ ഇന്ത്യ സഖ്യം നേട്ടം കൊയ്തത് എടുത്തുപറയേണ്ടതാണ്. കശ്മീരിലെ ജനങ്ങള്‍ ബിജെപിയെ പൂര്‍ണമായും തള്ളിയതായി തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ദോഡ മണ്ഡലത്തില്‍ 4,470 വോട്ടുകള്‍ക്ക് മെഹ്റാജ് മാലിക്ക് വിജയിച്ചതോടെ എഎപിക്കും സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായി.