Site iconSite icon Janayugom Online

ഇഷ്‌കിന്ത്യ; ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍

ആവേശകരമായ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ടി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍. മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ബാറ്റ് കൊണ്ട് തിളങ്ങിയപ്പോള്‍ ഇന്ത്യ ഏഴ് റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. ഫൈനലില്‍ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. 42 പന്തില്‍ എട്ട് ഫോറും ഏഴ് സിക്സറുമുള്‍പ്പെടെ 89 റണ്‍സാണ് സഞ്ജു സാംസണ്‍ അടിച്ചെടുത്തത്. ടീമിന്റെ ടോപ് സ്കോററും സഞ്ജു തന്നെയാണ്. മറുപടി ബാറ്റി­ങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ട­ത്തില്‍ 246 റണ്‍­സെടുക്കാനെ ക­ഴിഞ്ഞുള്ളു. ജേ­ക്കബ് ബേഥല്‍ സെഞ്ചുറി നേടിയിട്ടും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. താരം 48 പന്തില്‍ 105 റ­ണ്‍­സെ­ടുത്തു.

തുടക്കത്തില്‍ ഇംഗ്ലണ്ടിന് തിരിച്ചടിയേറ്റു. സ്കോര്‍ 13ല്‍ നില്‍ക്കെ ഫിലിപ് സാള്‍ട്ടിനെ (അഞ്ച്) ഹാര്‍ദിക് പാണ്ഡ്യ അക്സര്‍ പട്ടേലിന്റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് (ഏഴ്) നിരാശപ്പെടുത്തി. ജോസ് ബട്ലര്‍ 17 പന്തില്‍ 25 റണ്‍സും ടോം ബാന്റണ്‍ അഞ്ച് പന്തില്‍ 17 റണ്‍സുമെടുത്ത് മടങ്ങി. എന്നാല്‍ ഒരു വശത്ത് തകര്‍പ്പന്‍ വെടിക്കെട്ടുമായി ജേക്കബ് ബേഥല്‍ കളം നിറഞ്ഞു. 19 പന്തില്‍ അര്‍ധസെഞ്ചുറി കുറിച്ചു. വില്‍ ജാക്സും ബേഥലും വെടിക്കെട്ട് പ്രകടനം പുറത്തെടുത്തതോടെ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ വന്നു. എന്നാല്‍ 14-ാം ഓവറിന്റെ അവസാന പന്തില്‍ ജാക്സിനെ അര്‍ഷ്ദീപ് സിങ് മടക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 20 പന്തില്‍ 35 റണ്‍സാണ് താരം നേടിയത്. ഇരുവരും ചേര്‍ന്ന് 39 പന്തില്‍ 77 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നാലെ ബേഥല്‍ സെഞ്ചുറി കു­റിച്ചെങ്കിലും വിജയതീര­ത്തെ­ത്തി­ക്കാനാ­യില്ല. സഞ്ജു മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പതിവുപോലെ അഭിഷേക് ശര്‍മ്മ വീണ്ടും നിരാശപ്പെടുത്തി. ഓഫ് കെണിയില്‍ പെടുത്തിയാണ് അഭിഷേകിനെ ഇംഗ്ലണ്ടും പൂട്ടിയത്. ഏഴ് പന്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് താരം നേടിയത്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ബൗണ്ടറി അടിച്ചു തുടങ്ങിയ സഞ്ജു അടുത്ത പന്തില്‍ മിഡ് ഓണില്‍ അനായാസ ക്യാച്ച് നല്‍കിയെങ്കിലും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് അവിശ്വസനീയമായി നിലത്തിട്ടു. പിന്നാലെ ഇഷാന്‍ കിഷനെത്തിയതോടെ സ്കോര്‍ ഉയര്‍ന്നു. സഞ്ജു വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞതോടെ പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സാണ് ഇന്ത്യ നേടിയത്. പിന്നാലെ 26 പന്തില്‍ സഞ്ജു അര്‍ധസെ‍ഞ്ചുറി കുറിച്ചു. താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. ഒമ്പത് ഓവര്‍ തികയും മുമ്പെ സ്കോര്‍ 100 കടന്നു. എന്നാല്‍ ആദില്‍ റാഷിദ് എറിഞ്ഞ ഒമ്പതാം ഓവറിലെ മൂന്നാം പന്തില്‍ ക്രീസില്‍ നിന്നിറങ്ങിയടിച്ച ഇഷാന്‍ കിഷന്‍ വില്‍ ജാക്സിന്റെ കൈകളിലെത്തി. 18 പന്തില്‍ 39 റണ്‍സെടുത്താണ് ഇഷാന്‍ മടങ്ങിയത്. ഇഷാന്‍-സഞ്ജു സംഖ്യം 45 പന്തില്‍ 97 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ശിവം ദുബെയും മികച്ച പിന്തുണയുമായി കളം നിറഞ്ഞു. എന്നാല്‍ സെഞ്ചുറിയിലേക്ക് അതിവേഗം കുതിക്കുകയായിരുന്ന സഞ്ജുവിനെ വില്‍ ജാക്സിന്റെ ഓഫ് സ്പിന്‍ കെണിയില്‍ കുരുക്കി. ഇരുവരും ചേര്‍ന്ന് 22 പന്തില്‍ 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ആറ് പന്തില്‍ 11 റണ്‍സുമായി മടങ്ങി. ഹാര്‍ദിക് പാണ്ഡ്യ ബൗണ്ടറികളുമായി തുടങ്ങി. എന്നാല്‍ ശിവം ദുബെ റണ്ണൗട്ടായി മടങ്ങി. 25 പന്തില്‍ 43 റണ്‍സാണ് ദുബെ നേടിയത്. തിലക് വര്‍മ്മയുടെ വെടിക്കെട്ടാണ് അവസാന ഓവറുകളില്‍ കണ്ടത്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ 19-ാം ഓവറില്‍ മൂന്ന് സിക്സര്‍ തിലക് വര്‍മ്മ പറത്തി. എന്നാല്‍ നാലാം പന്തില്‍ തിലകിനെ ആര്‍ച്ചര്‍ ബൗള്‍ഡാക്കി. ഏഴ് പന്തില്‍ 21 റണ്‍സെടുത്താണ് തിലക് മടങ്ങിയത്. ഈ ഓവറില്‍ ഒരു വൈഡ് സഹിതം ആകെ 20 റണ്‍സ് പിറന്നു. 11 പന്തില്‍ 26 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് മറ്റൊരു പ്രധാന സ്കോറര്‍. ഇംഗ്ലണ്ടിനായി വില്‍ ജാക്സും ആദില്‍ റഷീദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സഞ്ജുവിന് റെക്കോഡ്

വാങ്കഡെയിലെ വെടിക്കെട്ട് ബാറ്റിങ്ങില്‍ അപൂര്‍വ റെക്കോഡ് കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന വിരാട് കോലിയുടെ റെക്കോഡിനൊപ്പമെത്തി. 2016ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കോലി നേടിയ 89 റൺസാണ് സഞ്ജു ഇന്ന് തിരുത്തിക്കുറിച്ചത്.

കോലിയും സഞ്ജുവും തങ്ങളുടെ റെക്കോഡ് സ്കോറുകൾ കണ്ടെത്തിയത് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ്. ലോകകപ്പ് ചരിത്രത്തിലെ നോക്കൗട്ട് മത്സരങ്ങളിലെ നാലാമത്തെ ഉയർന്ന സ്കോറാണിത്. ഫിൻ അലൻ (100*, ന്യൂസിലാൻഡ്), തിലകരത്നെ ദിൽഷൻ (96*, ശ്രീലങ്ക), വിരാട് കോലി ആന്റ് സഞ്ജു സാംസൺ (89) എന്നിങ്ങനെയാണ് യഥാക്രമം ഉയര്‍ന്ന സ്കോര്‍ നേടിയവര്‍.

Exit mobile version