ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന വിവിധതരം വിവേചനങ്ങൾ ജനതയുടെ ആരോഗ്യം, വിദ്യാഭ്യാസം സന്തുഷ്ടമായ ജീവിതം എന്നിവയെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് തുറന്നുകാട്ടുകയാണ് കഴിഞ്ഞദിവസങ്ങളിൽ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തെപ്പറ്റി പുറത്തുവന്ന രണ്ട് പഠനങ്ങൾ. അശോക സർവകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിന്റെ മേധാവി അശ്വനി ദേശ്പാണ്ഡെ, മലേഷ്യയിലെ മൊണാഷ് സർവകലാശാലയിലെ സാമ്പത്തിക വിദഗ്ധൻ രാജേഷ് രാമചന്ദ്രൻ എന്നിവർ നടത്തിയ പഠനം പട്ടികജാതി പട്ടികവർഗ സമുദായങ്ങളിലെ കുഞ്ഞുങ്ങൾ മുന്നാക്ക സമുദായങ്ങളിലെ കുഞ്ഞുങ്ങളെക്കാൾ 50 ശതമാനം കൂടുതൽ വളർച്ചാ മുരടിപ്പ് നേരിടുന്നതായി കണ്ടെത്തി. 2019–21 കാലയളവിൽ അഞ്ച് വയസിൽ താഴെയുള്ള രണ്ടുലക്ഷം കുഞ്ഞുങ്ങളെയാണ് പഠനവിധേയമാക്കിയത്. ചരിത്രപരമായി ജാതിവിവേചനത്തിന്റെ ഇരകളായ പട്ടികജാതി, വർഗ വിഭാഗങ്ങളിലെ കുഞ്ഞുങ്ങളിൽ 36 ശതമാനവും വളർച്ചാ മുരടിപ്പ് നേരിടുന്നുവെന്നാണ് പഠനത്തിന്റെ കണ്ടെത്തൽ. സബ്സഹാറൻ ആഫ്രിക്കയിലെ വളർച്ചാ മുരടിപ്പ് നേരിടുന്ന 34 ശതമാനം കുഞ്ഞുങ്ങളെക്കാൾ രണ്ട് ശതമാനം കൂടുതലാണ് ജാതിവിവേചനത്തിന്റെ ഇരകളായ ഇന്ത്യയിലെ കീഴാള ജനതയുടെ കുഞ്ഞുങ്ങൾ നേരിടുന്ന വളർച്ചാ മുരടിപ്പ് എന്നാണ് പഠനം വ്യക്തമാക്കുന്നത്. മുന്നാക്ക സമുദായങ്ങളില്‍പ്പെട്ട കുഞ്ഞുങ്ങൾ, അവരുടെ കുടുംബങ്ങളുടെ സാമ്പത്തിക അവസ്ഥകളിലെ അന്തരം നിലനിൽക്കുമ്പോഴും, സബ്സഹാറൻ ആഫ്രിക്കയിലെയും ഇന്ത്യയിലെ പട്ടികജാതി, വർഗ വിഭാഗങ്ങളിൽപ്പെട്ട കുഞ്ഞുങ്ങളെക്കാളും കുറഞ്ഞ 27 ശതമാനമേ വളർച്ചാ മുരടിപ്പ് നേരിടുന്നുള്ളു. ഇന്ത്യയിൽ സാമ്പത്തിക അസമത്വം നേരിടുന്ന മുന്നാക്ക ജാതികൾക്കിടയിൽ കുഞ്ഞുങ്ങളിലെ മുരടിപ്പിനുള്ള സാധ്യത സബ്സഹാറൻ ആഫ്രിക്കയിലേതിനെക്കാൾ 20 ശതമാനം കുറവാണെന്നും പഠനം പറയുന്നു. പോഷകാഹാരം സംബന്ധിച്ച ഈ താരതമ്യപഠനം യഥാർത്ഥത്തിൽ തുറന്നുകാട്ടുന്നത് ജാതി വിവേചനം ഇന്ത്യൻ സമൂഹത്തിൽ സൃഷ്ടിച്ചിട്ടുള്ള കൊടിയ അസമത്വത്തെയാണ്.
പോഷകാഹാര ലഭ്യതയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ നിലനിൽക്കുന്ന അസമത്വവും പെൺകുട്ടികൾ നേരിടുന്ന വിവേചനവുമാണ് സാമ്പത്തിക വിദഗ്ധരായ സീമ ജയചന്ദ്രൻ, രോഹിണി പാണ്ഡെ എന്നിവരുടെ പഠനത്തിലെ പ്രതിപാദ്യം. ആൺകുട്ടികൾക്ക് പെൺകുട്ടികളെക്കാൾ മെച്ചപ്പെട്ട പങ്ക് പോഷകാഹാരം ലഭിക്കുന്നു. കുടുംബം പുലർത്തുന്നത് ആൺകുട്ടികളായിരിക്കുമെന്ന പരമ്പരാഗതവും ലിംഗവിവേചനപരവുമായ ധാരണയുടെ അടിസ്ഥാനത്തിലാണ് പോഷകാഹാരത്തിലെ ഈ വിവേചനം. ഭൂമി, മറ്റ് വിഭവ സ്രോതസുകൾ എന്നിവയുടെ ഉടമാവകാശമാണ് പോഷകാഹാര ലഭ്യതയുടെ മാനദണ്ഡമായി വർത്തിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കൃഷി സംഘടന (ഫുഡ് ആന്റ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ — എഫ്എഒ) വിലയിരുത്തുന്നു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആരോഗ്യകരമായ ഭക്ഷണം, പ്രധാനമായും ഭർത്താവിന്റെയോ ഭർതൃകുടുംബത്തിന്റെയോ നിയന്ത്രണങ്ങൾ മറികടന്ന്, വാങ്ങാനോ കഴിക്കാനോ പരിമിതികളുണ്ട്. പല സംസ്കാരങ്ങളിലും ആർത്തവകാലത്ത് അടുക്കളയിൽ കടക്കുന്നതിനും ഭക്ഷണം പാകംചെയ്ത് കഴിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. ഇന്ത്യയിൽ സർക്കാരുകളുടെ ലിംഗനീതിയെപ്പറ്റിയുള്ള നയപ്രഖ്യാപനങ്ങൾക്കപ്പുറം നിലനിൽക്കുന്ന വിവേചനം സ്ത്രീകളുടെ പോഷകാഹാര സമത്വത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നത് ദേശീയ കുടുംബാരോഗ്യ സർവേ കണക്കുകൾ അസന്ദിഗ്ധമായി സ്ഥാപിക്കുന്നു. 15–19 പ്രായപരിധിയിലുള്ള പെൺകുട്ടികളിൽ 54–59 ശതമാനവും വിളർച്ചാരോഗ ബാധിതരാണ്. അതേ പ്രായപരിധിയിലുള്ള ആൺകുട്ടികളിൽ വിളർച്ച ബാധിച്ചവർ 29–31 ശതമാനം മാത്രമാണ്. ഇവിടെയും ജാതിയും സാമ്പത്തിക അവസ്ഥയും നിർണായകമാണ്. ഭക്ഷണ കാര്യത്തിലെ വിവേചനവും തൽഫലമായുള്ള വിളർച്ചയും ഇരുമ്പിന്റെ ന്യൂനതയും പെൺകുട്ടികളുടെ പഠനത്തെയും കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കുമെന്ന് ആധികാരിക പഠനങ്ങൾ സ്ഥാപിക്കുന്നുണ്ട്. രാഷ്ട്രനിർമ്മാണത്തിലും സമ്പത്തുല്പാദനത്തിലും നിർണായക പങ്ക് വഹിക്കേണ്ട ജനസംഖ്യയിലെ നേർപകുതിയുടെ ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കുന്ന പോഷകാഹാര പ്രശ്നത്തിന്റെ പരിഹാരം സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു. നയരൂപീകരണത്തിലും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും തുല്യ അവസരവും പങ്കാളിത്തവും ഉറപ്പുവരുത്താതെ സ്ത്രീകളുടെ പോഷകാഹാരത്തിന്റെയും ആരോഗ്യത്തിന്റെയും വെല്ലുവിളികൾക്ക് ഫലപ്രദമായ ഉത്തരം കണ്ടെത്താനാവില്ല.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും പുരോഗതിയെയും പറ്റിയുള്ള എല്ലാ അവകാശവാദങ്ങളെയും നിഷ്പ്രഭവും പരിഹാസ്യവുമാക്കുന്ന വസ്തുതകളാണ് മേല്പറഞ്ഞ പഠനങ്ങൾ വിശകലന വിധേയമാക്കുന്നത്. ആ വിശകലനങ്ങളുടെ അടിസ്ഥാനമായി വർത്തിക്കുന്ന കണക്കുകൾ എല്ലാംതന്നെ കേന്ദ്ര സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ സർവേകൾ പുറത്തുകൊണ്ടുവന്ന വസ്തുതകളാണ്. അതുകൊണ്ടുതന്നെ ഐക്യരാഷ്ട്ര സഭയടക്കം ആഗോള ഏജൻസികൾ പ്രസിദ്ധീകരിച്ചിട്ടുള്ള റിപ്പോർട്ടുകളോട് അവലംബിച്ചുപോരുന്ന നിഷേധാത്മക സമീപനം ഈ വിശകലനങ്ങളോട് സ്വീകരിക്കാൻ മോഡി സർക്കാരിന് കഴിയില്ല. ജാതിയുടെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം അവസാനിപ്പിക്കുക എന്നത് കേവലം സർക്കാരുകളുടെ നയപരവും ഭരണപരവുമായ ഉത്തരവാദിത്തം മാത്രമല്ല. അതിന് വിപുലവും സമൂഹത്തെയാകെ ഇളക്കിമറിക്കാൻ പ്രാപ്തവും കരുത്തുറ്റതുമായ സാമൂഹിക വിപ്ലവംതന്നെ കൂടിയേതീരൂ. അതാവട്ടെ നിലവിൽ സമൂഹത്തിനുമേൽ ആധിപത്യം ചെലുത്തുന്ന രാഷ്ട്രീയ, പ്രത്യയശാസ്ത്ര ആഖ്യാനങ്ങളെ കടപുഴക്കാൻ കരുത്തുറ്റ ബദൽ പ്രത്യയശാസ്ത്രവും പ്രസ്ഥാനവുമായി മാറേണ്ടതുണ്ട്.