Site icon Janayugom Online

പ്രവാസി പണമൊഴുക്കില്‍ ഇന്ത്യ തന്നെ മുന്നില്‍

ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന നേട്ടം നിലനിര്‍ത്തി ഇന്ത്യ. ലോകബാങ്കിന്റെ ഈ വര്‍ഷത്തെ കണക്കുപ്രകാരം ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ചത് 12,500 കോടി ഡോളറാണ് (ഏകദേശം 10.41 ലക്ഷം കോടി രൂപ). ഇത് സര്‍വകാല റെക്കോഡ് കൂടിയാണ്. 2021ല്‍ 8,700 കോടി ഡോളറും (7.24 ലക്ഷം കോടി രൂപ) 2022ല്‍ 11,122 കോടി ഡോളറുമാണ് (9.24 ലക്ഷം കോടി രൂപ) ലഭിച്ചിരുന്നത്. 2022ലാണ് ആദ്യമായി പ്രവാസിപ്പണമൊഴുക്കില്‍ ഇന്ത്യ 10,000 കോടി ഡോളറെന്ന നാഴികക്കല്ല് പിന്നിട്ടത്. ‍ഇന്ത്യ അടക്കമുള്ള താഴ്ന്ന‑ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്ക് 3.8 ശതമാനം വളര്‍ച്ചയോടെ 66,900 കോടി ഡോളര്‍ പ്രവാസിപ്പണമാണ് 2023ല്‍ ഒഴുകിയത്. വികസിത രാജ്യങ്ങള്‍, ഗള്‍ഫ് രാഷ്ട്രങ്ങള്‍ എന്നിവയുടെ സമ്പദ്‌വ്യവസ്ഥയിലെ ഉണര്‍വ് നേട്ടമായെന്ന് ലോകബാങ്ക് പറയുന്നു. 

പരമ്പരാഗതമായി ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തിയിരുന്നത് യുഎഇ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നായിരുന്നു. പക്ഷേ 2022ല്‍ ഇതിന് മാറ്റമുണ്ടായി. യുഎസ് മുന്നിലെത്തി. ഇതേ ട്രെന്‍ഡാണ് ഈ വര്‍ഷവും കണ്ടതെന്ന് ലോകബാങ്ക് പറയുന്നു. അമേരിക്ക കഴിഞ്ഞാല്‍ യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ പ്രവാസിപ്പണം നേടുന്നത്. ഈ അഞ്ച് രാജ്യങ്ങളുടെ സംയുക്ത വിഹിതം 11 ശതമാനമാണ്. ഇന്ത്യയുടെ ജിഡിപിയില്‍ 3.4 ശതമാനമാണ് പ്രവാസിപ്പണത്തിന്റെ പങ്ക്. മെക്‌സിക്കോ (6,700 കോടി ഡോളര്‍), ചൈന (5,000 കോടി ഡോളര്‍), ഫിലിപ്പൈന്‍സ് (4,000 കോടി ഡോളര്‍), ഈജിപ്ത് (2,400 കോടി ഡോളര്‍) എന്നിവയാണ് ഇന്ത്യക്ക് തൊട്ടുപിന്നാലെയുള്ളത്. 

മെക്‌സിക്കോ 2022ലെ 6,100 കോടി ഡോളറില്‍ നിന്ന് നേരിയ വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം ചൈനയ്ക്ക് 100 കോടി ഡോളറിന്റെ ഇടിവുണ്ടായി. ഫിലിപ്പൈന്‍സും നേരിയ വളര്‍ച്ച നേടി. എന്നാല്‍, ഈജിപ്തിലേക്കുള്ള പ്രവാസിപ്പണമൊഴുക്കിലും ഗണ്യമായ കുറവുണ്ടായി. 2022ലെ 3,000 കോടി ഡോളറില്‍ നിന്ന് ഈ വര്‍ഷം 2,400 കോടി ഡോളറിലേക്ക് ഇടിഞ്ഞു. 3,000 കോടി ഡോളറില്‍ നിന്ന് 2,400 കോടി ഡോളറിലേക്ക് പാകിസ്ഥാനിലേക്കുള്ള പ്രവാസിപ്പണം വരവ് 2023ല്‍ കുറഞ്ഞു.
ലാറ്റിന്‍ അമേരിക്ക ആന്‍ഡ് കരീബിയന്‍ രാഷ്ട്രങ്ങള്‍ എട്ട് ശതമാനവും ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യ 7.2 ശതമാനവും വളര്‍ച്ച പ്രവാസിപ്പണമൊഴുക്കില്‍ ഈവര്‍ഷം രേഖപ്പെടുത്തി. അതേസമയം പശ്ചിമേഷ്യയിലേക്കും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള പ്രവാസിപ്പണമൊഴുക്ക് 5.3 ശതമാനം ഇടിഞ്ഞു. യൂറോപ്പിലേക്കും മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള പണമൊഴുക്ക് 1.4 ശതമാനവും കുറഞ്ഞു. 2022ല്‍ 18 ശതമാനം വളര്‍ച്ച ഈ മേഖല രേഖപ്പെടുത്തിയിരുന്നു. 

Eng­lish Sum­ma­ry; India is lead­ing in expa­tri­ate remittances
You may also like this video

Exit mobile version