ദിത്വ ചുഴലിക്കാറ്റും പ്രളയവും മണ്ണിടിച്ചിലും തകർത്ത ശ്രീലങ്കയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള മുന്നൊരുക്കവുമായി കേന്ദ്രസർക്കാർ. ഇതിനായി വ്യോമസേനയുടെ സി-130 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനമാണ് കൊളംബോയിൽ എത്തിയത്. ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ട സാഹചര്യം അനിവാര്യമായാൽ സി-130 വിമാനമാണ് ഉപയോഗിക്കുക.
ശ്രീലങ്കയിലേക്കുള്ള അവശ്യവസ്തുക്കളുമായാണ് വ്യോമസേന വിമാനം കൊളംബോയിൽ ഇറങ്ങിയത്. ഈ വിമാനത്തിൽ ചരക്കുകൾക്കൊപ്പം ആളുകളെയും കൊണ്ടുപോകാൻ സൗകര്യമുള്ളതാണ്. എന്നാൽ, ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ് സേന.അതേസമയം, ‘ഓപറേഷൻ സാഗർ ബന്ധു‘വിന്‍റെ ഭാഗമായി ഇന്ത്യൻ വ്യോമസേന, നാവികസേന, ദേശീയ ദുരന്ത പ്രതിരോധസേന എന്നിവയാണ് ലങ്കയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ളത്. വ്യോമസേനയുടെ എം.ഐ‑17 വി5 ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്.
ദേശീയ ദുരന്ത പ്രതിരോധസേനയും ലങ്കൻ അധികൃതരും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എക്സിൽ കുറിച്ചു.

