Site iconSite icon Janayugom Online

അക്രമാസക്ത ദേശീയവാദത്തെയും വലതുപക്ഷ തീവ്രവാദത്തെയും ന്യയീകരിച്ച് ഇന്ത്യ

‘അക്രമാസക്ത ദേശീയവാദം, വലതുപക്ഷ തീവ്രവാദം’ തുടങ്ങിയ പ്രയോഗങ്ങള്‍ ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് ഭീകരവാദത്തിനെതിരായ യുദ്ധത്തിന്റെ വീര്യം കുറയ്ക്കുമെന്ന് യുഎന്നിലെ ഇന്ത്യന്‍ അമ്പാസിഡര്‍. ഹിംസാത്മക ദേശീയവാദവും വലതുപക്ഷ തീവ്രവാദവും ഭീകരവാദമായി നിര്‍വചിക്കപ്പെടണമെന്ന ആവശ്യം യുഎന്നില്‍ ശക്തിയാര്‍ജിക്കുകയും, ഇന്ത്യ ആഗോളതലത്തില്‍ അത്തരം വിഷയങ്ങളില്‍ വിമര്‍ശനം നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് തിരുമൂര്‍ത്തിയുടെ അഭിപ്രായപ്രകടനം.

അക്രമാസക്ത ദേശീയവാദത്തിനും വലതുപക്ഷ തീവ്രവാദത്തിനും പകരം ഹിന്ദുഫോബിയ (ഹിന്ദു വിദ്വേഷം), സിഖ്, ബുദ്ധമത വിരോധം എന്നിവയെ ഐക്യരാഷ്ട്രസഭയുടെ ഭീകരവാദ വിരുദ്ധ തന്ത്രത്തില്‍ ഉള്‍പ്പെടുത്തണമെന്നും തിരുമൂര്‍ത്തി ആവശ്യപ്പെടുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള ആഗോള ഭീകര പ്രതിരോധ കേന്ദ്ര(ജിസിടിസി)ത്തിന്റെ ഒരു വിര്‍ച്വല്‍ കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎന്‍ രക്ഷാസമിതിയുടെ ഭീകരപ്രതിരോധ കേന്ദ്രത്തിന്റെ ഇക്കൊല്ലത്തെ അധ്യക്ഷനായ തിരുമൂര്‍ത്തി, ആ പദവിയില്‍ നിന്നുകൊണ്ടല്ല മറിച്ച് യുഎന്നിലെ ഇന്ത്യന്‍ അമ്പാസിഡര്‍ എന്ന നിലയിലാണ് തന്റെ അഭിപ്രായപ്രകടനം എന്നും വ്യക്തമാക്കി.

ഹിന്ദുത്വവാദത്തിന്റെയും ദേശീയതയുടെയും പേരില്‍ രാജ്യത്തു നടക്കുന്ന വലതുപക്ഷ അതിക്രമങ്ങള്‍ ആഗോള ചര്‍ച്ചാവിഷയമായി മാറുന്ന പശ്ചാത്തലത്തില്‍ ഭീകരവാദത്തെ പുനര്‍നിര്‍ണയിക്കാനുള്ള നീക്കത്തെ ഇന്ത്യ എതിര്‍ക്കുമെന്ന് വ്യക്തമാക്കുന്ന സൂചനയാണ് തിരുമൂര്‍ത്തി നല്കുന്നത്. അക്രമാസക്ത ദേശീയവാദവും വലതുപക്ഷ തീവ്രവാദവും യുഎസ് അടക്കം പാശ്ചാത്യലോകത്ത് രാഷ്ട്രീയ വ്യവഹാരത്തില്‍ മുമ്പില്ലാത്ത പ്രാധാന്യവും പ്രതിസന്ധിയും സൃഷ്ടിച്ചിട്ടുണ്ട്.
2021ല്‍ യുഎന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ച ഭീകരവിരുദ്ധ തന്ത്രത്തില്‍ ഇസ്‌ലാം, ക്രിസ്ത്യന്‍, ജൂതര്‍ തുടങ്ങിയ ‘അബ്രഹാമിക് മതങ്ങളെ’ പരാമര്‍ശിക്കുന്നുണ്ട്. അവക്കൊപ്പം ഹിന്ദു, ബുദ്ധ, സിഖുമത വിദ്വേഷം കൂടി കൂട്ടിച്ചേര്‍ക്കണമെന്നാണ് തിരുമൂര്‍ത്തി ആവശ്യപ്പെടുന്നത്. ദേശീയവാദത്തിന്റെയും തീവ്ര വലതുപക്ഷത്തിന്റെയും പേരില്‍ നടക്കുന്ന ഭീകരതയെ വെള്ളപൂശാനുള്ള മോഡി സര്‍ക്കാരിന്റെ ശ്രമമാണ് തിരുമൂര്‍ത്തിയിലൂടെ പുറത്തുവരുന്നത്.

Eng­lish Sum­ma­ry : India jus­ti­fies vio­lent nation­al­ism and right-wing extremism
you may also like this video

Exit mobile version