രാജ്യത്തെ ഡിജിറ്റല്‍ ജീവിത നിലവാരം ചൈനയേക്കാള്‍ പിന്നിലെന്ന് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ കമ്പനി സര്‍ഫ്സാര്‍ക്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് രാജ്യം ഡിജിറ്റല്‍ ജീവിത നിലവാരത്തില്‍ 52-ാം സ്ഥാനത്താണ്. ചൈന 44-ാം സ്ഥാനത്താണ്. 121 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിട്ടുള്ളത്.
ഇന്റര്‍നെറ്റ് ഗുണനിലവാരം, ഇന്റര്‍നെറ്റിനുള്ള ചെലവ്, ഇ‑സുരക്ഷ, ഇ‑ഇൻഫ്രാസ്ട്രക്ചര്‍, ഇ‑ഗവണ്‍മെന്റ് എന്നിവ ഉള്‍പ്പെടുന്ന അഞ്ച് ഘടകങ്ങള്‍ കണക്കാക്കിയാണ് പട്ടിക. കഴിഞ്ഞ വര്‍ഷം 59-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. രാജ്യത്തെ ഇന്റര്‍നെറ്റ് ഗുണനിലവാരം മെച്ചപ്പെട്ടതിനാല്‍ റാങ്ക് നില മെച്ചപ്പെട്ടു. ഇന്റര്‍നെറ്റ് ഗുണനിലവാരത്തില്‍ ഇന്ത്യ 16-ാം സ്ഥാനത്താണ്. എന്നാല്‍ ഇന്റര്‍നെറ്റ് അടിസ്ഥാന സൗകര്യത്തില്‍ 91-ാം സ്ഥാനത്തുള്ള ഇന്ത്യ ഈ മേഖലയില്‍ വെല്ലുവിളികള്‍ നേരിടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്റര്‍നെറ്റ് ചെലവില്‍ ഇന്ത്യ 28-ാം സ്ഥാനത്താണ്. ഇ‑ഗവണ്‍മെന്റില്‍ 35-ാം സ്ഥാനത്തും ഇ‑സുരക്ഷയില്‍ 66-ാം സ്ഥാനത്തുമാണ്.
ഏഷ്യൻ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 13-ാം സ്ഥാനത്താണ്. സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. ആഗോള തലത്തില്‍ ഇന്ത്യയുടെ ഇന്റര്‍നെറ്റ് ഗുണനിലവാരം 36 ശതമാനം മുകളിലാണ്.
രാജ്യത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത 74 എംബിപിഎസ്സാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 297 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഫിക്സഡ് ഇന്റര്‍നെറ്റ് വേഗത 16 ശതമാനം വര്‍ധിച്ച് 76 എംബിപിഎസിലെത്തി. ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാകാൻ ഇന്ത്യക്കാരന് മാസത്തില്‍ ഒരു മണിക്കൂര്‍ 48 മിനിറ്റ് ജോലി ചെയ്യേണ്ടതായി വരുന്നു. ഇത് റൊമാനിയയെക്കാള്‍ ആറിരട്ടിയാണ്. റൊമാനിയയിലാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്നത്.
പല രാജ്യങ്ങളിലും ഡിജിറ്റല്‍ ജീവിത നിലവാരം എന്നത് ആകെയുള്ള ജീവിത നിലവാരമായി കണക്കാക്കപ്പെടുന്നു. ജോലി, വിദ്യാഭ്യാസം, ഒഴിവ് സമയം എന്നിവയില്‍ എത്ര സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നു എന്ന് കണക്കാക്കാൻ ഇതിലും മികച്ച മാര്‍ഗമില്ലെന്ന് സര്‍ഫ്ഷാര്‍ക്ക് അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഏതൊക്കെ മേഖലകളിലാണ് രാജ്യത്തിന്റെ ഡിജിറ്റല്‍ ജീവിത നിലവാരം ഉയര്‍ത്തേണ്ടതെന്നും ശ്രദ്ധ വേണ്ടതെന്നും മനസിലാക്കേണ്ടതുണ്ടെന്നും സര്‍ഫ്ഷാര്‍ക്ക് പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ രാജ്യം എത്രത്തോളം തയ്യാറെടുപ്പുകള്‍ നടത്തി എന്നും വ്യക്തിഗത വിവര നിയമങ്ങള്‍ സംബന്ധിച്ചും മനസ്സിലാക്കാൻ ഇ‑സുരക്ഷ അളക്കേണ്ടതുണ്ട്. ഇ‑സുരക്ഷയില്‍ ഇന്ത്യ ബംഗ്ലാദേശിനെക്കാളും(85) ചൈന(79)യെക്കാളും മുന്നിലാണ്. എന്നാല്‍ ആഗോള തലത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ ചെറുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ രാജ്യം നടത്തിയിട്ടില്ല എന്നും വിവര സംരക്ഷണ നിയമത്തില്‍ പിന്നിലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
English summary; India lags far behind China in digital standard of living
you may also like this video;