Site iconSite icon Janayugom Online

അഴിമതിയില്‍ ഇന്ത്യ മുന്നില്‍; മാധ്യമപ്രവർത്തകർക്ക് ഇന്ത്യ സുരക്ഷിതമല്ലെന്നും റിപ്പോർട്ട്

ട്രാൻസ്പെരൻസി ഇന്റർനാഷണൽ പുറത്തിറക്കിയ 2025‑ലെ ആഗോള അഴിമതി സൂചികയിൽ ഇന്ത്യ 91-ാം സ്ഥാനത്തെത്തി. ആകെ 182 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിലാണ് ഇന്ത്യയുടെ ഈ സ്ഥാനം. കഴിഞ്ഞ വർഷത്തെ 96-ാം റാങ്കിൽ നിന്ന് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയെങ്കിലും, രാജ്യത്തെ അഴിമതി നിരക്ക് ഇപ്പോഴും ആശങ്കാജനകമായി തുടരുന്നതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 100‑ൽ 39 പോയിന്റാണ് ഇത്തവണ ഇന്ത്യക്ക് ലഭിച്ചത്.
അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന മാധ്യമപ്രവർത്തകർക്ക് ഇന്ത്യ ഇപ്പോഴും അപകടകരമായ രാജ്യമായി തുടരുന്നുവെന്ന് ബെർലിൻ ആസ്ഥാനമായുള്ള ഈ സംഘടന ചൂണ്ടിക്കാട്ടുന്നു. അഴിമതി അന്വേഷിക്കുന്ന മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഭരണകൂടത്തെ ഉത്തരവാദിത്തമുള്ളതാക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയെ കൂടാതെ ബ്രസീൽ, മെക്സിക്കോ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെയും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യ‑പസഫിക് മേഖലയിൽ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. അധികാര ദുർവിനിയോഗം, ജനാധിപത്യ സംവിധാനങ്ങളുടെ തകർച്ച, സ്വതന്ത്ര സംഘടനകൾക്ക് നേരെയുള്ള കടന്നുകയറ്റം എന്നിവ അഴിമതി വർധിക്കാൻ കാരണമാകുന്നു. ലോകമെമ്പാടുമുള്ള 122 രാജ്യങ്ങളും 50‑ൽ താഴെ പോയിന്റ് മാത്രമാണ് നേടിയിരിക്കുന്നത് എന്നത് ഈ വെല്ലുവിളിയുടെ ഗൗരവം വർധിപ്പിക്കുന്നു.
ഡെൻമാർക്ക് 89 പോയിന്റ് നേടി അഴിമതി കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാമതെത്തി. ഫിൻലാൻഡ്, സിംഗപ്പൂർ എന്നിവയും തങ്ങളുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ദക്ഷിണ സുഡാൻ, സൊമാലിയ എന്നിവ ഒമ്പതു പോയിന്റുമായി ഏറ്റവും പിന്നിലായി.
പൊതുജനരോഷം പല രാജ്യങ്ങളിലും ഭരണമാറ്റത്തിന് കാരണമാകുന്നുണ്ടെന്നും, സുതാര്യമായ ഭരണം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അഴിമതി റിപ്പോർട്ട് ചെയ്യുന്നവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ട്രാൻസ്പെരൻസി ഇന്റർനാഷണൽ ആവശ്യപ്പെടുന്നു. 

Exit mobile version