ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യ ബാറ്റിങ് തുടരുകയാണ്. 90 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. ഷാര്‍ദുല്‍ ഠാക്കൂറും (32) വാഷിങ്ടണ്‍ സുന്ദറും (0) ആണ് ക്രീസില്‍. കഴിഞ്ഞ ദിവസം നാലിന് 264 എന്ന നിലയിലായിരുന്ന ഇന്ത്യക്ക്, ഇന്ന് തുടക്കത്തില്‍ത്തന്നെ രവീന്ദ്ര ജഡേജയെ (20) നഷ്ടപ്പെട്ടു. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ 85-ാം ഓവറില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്.
264‑ന് നാല് എന്ന നിലയിലായിരുന്നു ഇന്ത്യ ആദ്യ ദിനം. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും (58) കെ.എല്‍. രാഹുലും (46) മികച്ച തുടക്കം നല്‍കി. 30 ഓവര്‍ വരെ ഇരുവരും പിടിച്ചുനിന്നു. സായ് സുദര്‍ശനും (61) തിളങ്ങി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (12) വേഗം പുറത്തായി. നന്നായി കളിച്ചുവന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് (37) കാല്‍പാദത്തിന് പരിക്കേറ്റ് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. വൈദ്യപരിശോധനയില്‍ പന്തിന് ആറാഴ്ച വിശ്രമത്തിന് നിര്‍ദേശിച്ചു. ഇതോടെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍നിന്ന് പുറത്താകും.
ഇംഗ്ലീഷ് ബൗളര്‍ ക്രിസ് വോക്‌സിന്റെ യോര്‍ക്കര്‍ ലെങ്ത് പന്ത് റിവേഴ്‌സ് സ്വീപ്പിന് ശ്രമിക്കുന്നതിനിടെയാണ് പന്തിന് പരിക്കേറ്റിരുന്നു. 48 പന്തില്‍ 37 റണ്‍സെടുത്തുനില്‍ക്കേ റിട്ടയേർഡ് ഹർട്ടായി മടങ്ങിയിരുന്നു. ഇന്ത്യ ഫീല്‍ഡിങ്ങിനിറങ്ങുമ്പോള്‍ ധ്രുവ് ജുറേല്‍ വിക്കറ്റ് കീപ്പിങ് ചുമതല ഏറ്റെടുക്കും. ഫലത്തില്‍ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് 10 ബാറ്റര്‍മാര്‍ മാത്രമേ ഉണ്ടാകൂ.

