Site icon Janayugom Online

ലീഡ്‌സ് ടെസ്റ്റ്; ഇന്ത്യക്ക് ദയനീയ തോല്‍വി, പരമ്പരയില്‍ ഒപ്പമെത്തി ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. ഇന്നിങ്‌സിനും 76 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. ജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് (1–1) ഒപ്പമെത്തി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് ലീഡായ 354 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 278ന് പുറത്തായി. മൂന്നാം ദിനം വ്യക്തമായ ആധിപത്യം നേടിയെങ്കിലും അതു മുതലെടുക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ഇന്ത്യക്കായി രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, വിരാട് കോലി എന്നിവര്‍ അര്‍ധ സെഞ്ചുറി കുറിച്ചു. ഇംഗ്ലണ്ടിനായി റോബിന്‍സണ്‍ അഞ്ചും ഓവര്‍ടണ്‍ മൂന്നും വിക്കറ്റെടുത്തു.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ് നാലാം ദിനം ഇന്ത്യ തുടങ്ങിയത്. നായകന്‍ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ഇന്ത്യയെ വിജയ തീരത്ത് അടുപ്പിക്കുമെന്നാണ് കരുതിയതെങ്കിലും ഇംഗ്ലണ്ട് പേസ് ബൗളിംഗിന് മുന്നില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. 91 റണ്‍സെടുത്ത പൂജാരയെ നാലാം ദിനം ഒരു റണ്‍ പോലും എടുക്കാന്‍ അനുവധിക്കാതെ റോബിന്‍സണ്‍ കൂടാരം കയറ്റി. തൊട്ടു പിന്നാലെ തന്നെ അര്‍ധ സെഞ്ചുറി നേടിയ നായകന്‍ വിരാട് കോലിയെയും റോബിന്‍സണ്‍ പുറത്താക്കി. സ്ലിപ്പില്‍ നിന്ന് റൂട്ടിന് ക്യാച്ച് നല്‍കിയാണ് താരം വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

പിന്നാലെ എത്തിയ അജിങ്ക്യാ രഹാനെയും റിഷഭ് പന്തും വന്നപോലെ തന്നെ തിരിച്ചു പോയി എന്നു വേണം പറയാന്‍. 10 റണ്‍സെടുത്ത രഹാനെയെ ആന്‍ഡേഴ്‌സണും ഒരു റണ്ണെടുത്ത റിഷഭ് പന്തിനെ റോബിന്‍സണും മടക്കിയതോടെ ഇന്ത്യയുടെ പോരാട്ടം തീര്‍ന്നു. ഓള്‍റൗണ്ടര്‍ ജഡേജ വാലറ്റത്തിനൊപ്പം നടത്തിയ ചെറിയ പോരാട്ട വീര്യമാണ് ഇന്ത്യയുടെ തോല്‍വിയുടെ ആഘാതം കുറച്ചത്. 25 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സി‌ക്സും ഉള്‍പ്പെടെ 30 റണ്‍സ് താരം കുറിച്ചു.

സെഞ്ചുറി നേടിയ നായകന്‍ ജോ റൂട്ടിന്റെയും (121) അര്‍ധസെഞ്ചുറി നേടിയ റോറി ബേണ്‍സിന്റെയും(61) ഹസീബ് അഹമ്മദിന്റെയും(68) ഡേവിഡ് മലാന്റെയും(70) ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് പടുകൂറ്റന്‍ സ്‌കോര്‍ കെട്ടുപ്പടുത്തത്. ഇന്ത്യക്കെതിരെയുള്ള 8–ാം സെഞ്ചുറി. ഈ കലണ്ടർ വർഷത്തിൽ കളിച്ച 11 ടെസ്റ്റുകളിൽ ആറ് സെഞ്ചുറി. കൂടുതൽ സെഞ്ചുറികൾ നേടുന്ന ഇംഗ്ലീഷ് ക്യാപ്റ്റനെന്ന നേട്ടത്തി‍ൽ (12) അലസ്റ്റയർ കുക്കിന് ഒപ്പമെത്തുകയും ചെയ്തു. . ഇന്ത്യക്കായി മുഹമ്മദ് ഷമി നാലും മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തിയിരുന്നു.

You may also like this video:

Exit mobile version