Site iconSite icon Janayugom Online

ഇന്ത്യ 31 റഫാൽ കൂടി വാങ്ങിയേക്കുമെന്ന് റിപ്പോർട്ട്

വ്യോമസേനയ്ക്കായി 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വൻകിട കരാറിന് പിന്നാലെ, നാവികസേനയ്ക്കായി റഫാൽ വിമാനങ്ങൾ വാങ്ങാൻ ലക്ഷ്യമിട്ട് ഇന്ത്യ. ഫ്രഞ്ച് മാധ്യമമായ ‘ലാ ട്രിബ്യൂൺ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനവാഹിനികളിൽ നിന്ന് പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കുന്ന റഫാൽ എം യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങുക. 31 റഫാൽ എം വിമാനങ്ങളാകും ഇന്ത്യ വാങ്ങുകയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനിയിലാകും ഇവ വിന്യസിക്കുക. കൂടാതെ, ഐ.എൻ.എസ്. വിക്രമാദിത്യയിലും ഇവ ഉപയോഗിച്ചേക്കാം. നേരത്തെ 26 റഫാൽ എം വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ഫ്രാൻസുമായി 2025ൽ കരാർ ഒപ്പിട്ടിരുന്നു. ഇതിന് പുറമേയാകും 31 എണ്ണം കൂടി വാങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. ഇവകൂടി ഇന്ത്യൻ സേനയുടെ ഭാഗമാകുന്നതോടെ ഇന്ത്യയുടെ പക്കലുണ്ടാകുന്ന റഫാൽ വിമാനങ്ങളുടെ എണ്ണം 145 ആയി ഉയരും. കരാർ നടപ്പിലായാൽ ഫ്രാൻസിനേക്കാൾ കൂടുതൽ റഫാൽ എം വിമാനങ്ങൾ കൈവശമുള്ള രാജ്യമായി ഇന്ത്യ മാറും. ഫ്രാൻസിന്റെ പക്കൽ 41 റഫാൽ എം വിമാനങ്ങളാണ് ഉള്ളത്. 2025 ലെ കരാർ പ്രകാരമുള്ള റഫാലുകൾക്ക് പുറമെ 31 എണ്ണം കൂടി വാങ്ങുകയാണെങ്കിൽ ഇന്ത്യയുടെ പക്കൽ 57 റഫാൽ എം യുദ്ധവിമാനങ്ങളുണ്ടാകും.

Exit mobile version