ഏകദിനത്തിന് പിന്നാലെ ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയും പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. മത്സരം രാത്രി ഏഴിന് നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ നടക്കും. മൂന്ന് മത്സര പരമ്പരയില്‍ ഇരുടീമും ഓരോ കളി വീതം ജയിച്ച് സമനിലയിലാണ്. ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര നേടാം. നേരത്തെ ഏകദിനത്തില്‍ മൂന്ന് മത്സരങ്ങളും തോറ്റ് പരമ്പര കൈവിട്ട ന്യൂസിലാന്‍ഡ് ടി20 പരമ്പര നേടി മടങ്ങാനാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ 21 റണ്‍സിന് ന്യൂസിലാന്‍ഡ് വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന് ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ പ്രധാന തലവേദന മുന്‍നിരയാണ്.
ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍— ഇഷാന്‍ കിഷന്‍ സഖ്യത്തിനും മൂന്നാമന്‍ രാഹുല്‍ ത്രിപാഠിക്കും ഇതുവരെ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. ഇതോടെ സൂര്യകുമാര്‍ യാദവിനെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇന്ത്യ. മൂന്ന് പേരില്‍ ഒരാള്‍ക്ക് സ്ഥാനം നഷ്ടമായേക്കും. ഇടങ്കയ്യനും വിക്കറ്റ് കീപ്പറുമെന്ന പരിഗണന ഇഷാന്‍ കിഷന് ലഭിച്ചേക്കും. ഏകദിന ഫോര്‍മാറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഗില്ലിനെ ഒരിക്കല്‍കൂടി വിശ്വാസത്തിലെടുക്കും. രണ്ട് മത്സരത്തിലും താളം കണ്ടെത്താന്‍ വിഷമിച്ച ത്രിപാഠിക്കാണ് സ്ഥാനം നഷ്ടമാവാന്‍ സാധ്യത. അങ്ങനെ വന്നാല്‍ പൃഥ്വി ഷാ ഓപ്പണറായെത്തും. വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ ടീമിന്റെ ഭാഗമാണെങ്കിലും ഇനിയും അവസരം നല്‍കിയിട്ടില്ല.
അവസാന കളിയിലെങ്കിലും പൃഥ്വിയെ ഇന്ത്യ കളിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രണ്ടാം ടി20യില്‍ രണ്ടു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ ഇന്ത്യ പരീക്ഷിച്ചിരുന്നു. ഈ നീക്കം വിജയമാവുകയും ചെയ്തു. പിച്ചിന്റെ സ്വഭാവം പരിഗണിച്ചായിരുന്നു ഉമ്രാന്‍ മാലിക്കിനെ ഒഴിവാക്കി യുസ്വേന്ദ്ര ചഹലിനെ ടീമിലേക്കു തിരിച്ചുവിളിച്ചത്. മൂന്നാം ടി20യിലും ചഹല്‍-കുല്‍ദീപ് യാദവ് ജോടി കളിക്കുമോയെന്ന് ഉറപ്പായിട്ടില്ല. അഹമ്മദാബാദിലെ പിച്ച് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. നേരത്തെ സ്പിന്നര്‍മാര്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഗ്രൗണ്ടാണിത്. അതുകൊണ്ടു തന്നെ കുല്‍-ചാ സഖ്യം ഒരിക്കല്‍ക്കൂടി സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ചേക്കും.