ആയുധ ഇടപാടില്‍ മേക്ക് ഇന്‍ ഇന്ത്യ നയം മറികടന്ന് അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങി. യുഎസ് കമ്പനിയായ ജനറല്‍ ആറ്റോമിക്‌സില്‍ നിന്നും സമുദ്രാതിര്‍ത്തി നിരീക്ഷണത്തിനും സംരക്ഷണത്തിനുമായി ഡ്രോണുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നതതല യോഗം അനുമതി നല്‍കി. നരേന്ദ്ര മോഡിയുടെ അമേരിക്കൻ സന്ദര്‍ശനത്തിലായിരിക്കും കരാര്‍ പ്രഖ്യാപിക്കുക. കേന്ദ്ര മന്ത്രിസഭയും കരാറിന് അംഗീകാരം നല്‍കേണ്ടതുണ്ട്.
രാജ്യത്തെ സമുദ്രാതിര്‍ത്തികളില്‍ നിരീക്ഷണം നടത്താനും സുരക്ഷ ഉറപ്പു വരുത്താനും 31 ആയുധ വാഹക ശേഷിയുള്ള എം ക്യു-9 ബി സീഗാര്‍ഡിയന്‍ ഡ്രോണുകള്‍ വാങ്ങാനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്.
ഡ്രോണുകള്‍ വാങ്ങാനുള്ള തീരുമാനം രണ്ട് വര്‍ഷം മുമ്പ് എടുത്തതാണെങ്കിലും നടപടികള്‍ വൈകുകയായിരുന്നു. എന്നാല്‍ അടുത്തിടെ കരാര്‍ നടപ്പാക്കാന്‍ ഇന്ത്യക്കുമേല്‍ അമേരിക്കന്‍ സമ്മര്‍ദ്ദം ശക്തമായതോടെ പ്രതിരോധ മന്ത്രാലയം തിടുക്കത്തില്‍ അനുമതി ലഭ്യമാക്കുകയായിരുന്നു. അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സുള്ളിവന്‍, പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ എന്നിവര്‍ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തിയിരുന്നു.
റഷ്യയുമായുള്ള ആയുധ ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്തോ-അമേരിക്കന്‍ ബന്ധങ്ങളില്‍ അകല്‍ച്ച നിലനില്‍ക്കുന്നുണ്ട്. ചൈന പ്രതിരോധ മേഖലയില്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഇരു രാജ്യങ്ങള്‍ക്കും ആശങ്കയുണ്ട്. യുഎസിന്റെ പാക്കിസ്ഥാന്‍ അനുകൂല നിലപാടില്‍ ഇന്ത്യ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇന്ത്യ വാങ്ങുന്ന ഡ്രോണുകള്‍ക്ക് ഏകദേശം മൂന്നു ദശലക്ഷത്തില്‍ അധികം ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. കൃത്യമായ കണക്കുകള്‍ കരാറില്‍ ഏര്‍പ്പെടുമ്പേള്‍ മാത്രമേ വ്യക്തമാകൂ. നിലവില്‍ ഇത്തരത്തിലുള്ള രണ്ട് ഡ്രോണുകള്‍ ഇന്ത്യന്‍ നാവിക സേന വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഫൈറ്റര്‍ ജെറ്റ് എഞ്ചിനുകള്‍ ഇന്ത്യയില്‍ ആഭ്യന്തരമായി നിര്‍മ്മിക്കാനുള്ള ജനറല്‍ ഇലക്ട്രിക്കല്‍സിന്റെ നീക്കത്തിനും മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
English Summary: India Okays Move To Buy Armed Drones From US Ahead Of PM’s Visit
You may also like this video