ആഗോള ആയുധ ഇറക്കുമതിയില്‍ ഇന്ത്യ വീണ്ടും ഒന്നാമത്. 2014–18നും 2019–23നും ഇടയില്‍ 4.7 ശതമാനം കൂടുതല്‍ ആയുധങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്തതായി സ്വീഡിഷ് ഗവേഷണ സ്ഥാപനമായ സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ഐപിആര്‍ഐ). ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ കൈമാറുന്നത് റഷ്യ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ആയുധങ്ങളില്‍ 36 ശതമാനവും റഷ്യയില്‍ നിന്നാണ്. 1960–64ന് ശേഷം ആദ്യമായാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 50 ശതമാനത്തില്‍ താഴെയാകുന്നത്.
പാകിസ്ഥാന്‍ ആയുധ ഇറക്കുമതിയില്‍ ഗണ്യമായ വര്‍ധനയാണ് നടത്തിയിരിക്കുന്നത്, 43 ശതമാനം. 2019–23 കാലയളവില്‍ ആയുധ ഇറക്കുമതിയില്‍ അഞ്ചാം സ്ഥാനമാണ് പാകിസ്ഥാന്. ചൈനയാണ് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ പാകിസ്ഥാന് നല്‍കിയിരിക്കുന്നത്. ആകെ ഇറക്കുമതിയുടെ 82 ശതമാനത്തോളം വരുമിത്.
ചൈനയുടെ കിഴക്കന്‍ ഏഷ്യന്‍ അയല്‍ക്കാരായ ജപ്പാനും ദക്ഷിണ കൊറിയയും കൂടുതല്‍ ആയുധങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ജപ്പാന്‍ 155 ശതമാനവും ദക്ഷിണ കൊറിയ 6.5 ശതമാനവും വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ചൈനയുടെ ആയുധ ഇറക്കുമതി 44 ശതമാനം കുറഞ്ഞു. റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയിലാണ് കുറവ് വരുത്തിയത്.
ചൈനയുടെ നീക്കങ്ങളിലുള്ള ആശങ്കയാണ് ജപ്പാനും മറ്റ് യുഎസ് സഖ്യരാജ്യങ്ങളും ആയുധ ശേഖരം വര്‍ധിപ്പിക്കാന്‍ കാരണമെന്ന് എസ്ഐപിആര്‍ഐ ആംസ് ട്രാന്‍ഫേഴ്സ് പ്രോഗ്രാം ഗവേഷകനായ സിമോന്‍ വെസ‌്മാന്‍ പറഞ്ഞു.
ചൈന ആക്രമിച്ചേക്കുമെന്ന ഭീതി അമേരിക്കയാണ് മേഖലയില്‍ പടര്‍ത്തിയത്. ഇത് അമേരിക്കയുടെ ആയുധവ്യാപാരത്തെ ത്വരിതപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014–18 വര്‍ഷങ്ങളില്‍ 35 ശതമാനം ആയുധങ്ങളാണ് അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കിയത്. 2019–23 ആയപ്പോള്‍ ഇത് 55 ശതമാനമായി വര്‍ധിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി അന്താരാഷ്ട്ര ആയുധവ്യാപാരത്തിന്റെ 30 ശതമാനവും നടക്കുന്നത് മധ്യേഷ്യയിലൂടെയാണ്. സൗദി, ഖത്തര്‍, ഈജിപ്ത് എന്നിവയാണ് പ്രധാന രാജ്യങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി. ആഗോളതലത്തില്‍ നടക്കുന്നതിന്റെ 8.4 ശതമാനം ഇറക്കുമതിയും സൗദിയിലാണ്. ഈ കാലയളവില്‍ ഖത്തര്‍ ആയുധ ഇറക്കുമതി നാലിരട്ടി വര്‍ധിപ്പിച്ചു. ആയുധ ഇറക്കുമതിയില്‍ മൂന്നാം സ്ഥാനമാണ് ഖത്തറിന്.
English Summary: India once again tops the list of arms importers
You may also like this video