28 April 2024, Sunday

Related news

March 24, 2024
March 12, 2024
March 3, 2024
December 12, 2023
September 28, 2023
December 8, 2022
August 18, 2022
August 8, 2022
July 18, 2022
June 13, 2022

ആയുധ ഇറക്കുമതിയില്‍ ഇന്ത്യ വീണ്ടും ഒന്നാമത്

Janayugom Webdesk
ന്യൂഡല്‍ഹി
March 12, 2024 10:07 pm

ആഗോള ആയുധ ഇറക്കുമതിയില്‍ ഇന്ത്യ വീണ്ടും ഒന്നാമത്. 2014–18നും 2019–23നും ഇടയില്‍ 4.7 ശതമാനം കൂടുതല്‍ ആയുധങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്തതായി സ്വീഡിഷ് ഗവേഷണ സ്ഥാപനമായ സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ഐപിആര്‍ഐ). ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ കൈമാറുന്നത് റഷ്യ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ആയുധങ്ങളില്‍ 36 ശതമാനവും റഷ്യയില്‍ നിന്നാണ്. 1960–64ന് ശേഷം ആദ്യമായാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 50 ശതമാനത്തില്‍ താഴെയാകുന്നത്. 

പാകിസ്ഥാന്‍ ആയുധ ഇറക്കുമതിയില്‍ ഗണ്യമായ വര്‍ധനയാണ് നടത്തിയിരിക്കുന്നത്, 43 ശതമാനം. 2019–23 കാലയളവില്‍ ആയുധ ഇറക്കുമതിയില്‍ അഞ്ചാം സ്ഥാനമാണ് പാകിസ്ഥാന്. ചൈനയാണ് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ പാകിസ്ഥാന് നല്‍കിയിരിക്കുന്നത്. ആകെ ഇറക്കുമതിയുടെ 82 ശതമാനത്തോളം വരുമിത്.
ചൈനയുടെ കിഴക്കന്‍ ഏഷ്യന്‍ അയല്‍ക്കാരായ ജപ്പാനും ദക്ഷിണ കൊറിയയും കൂടുതല്‍ ആയുധങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ജപ്പാന്‍ 155 ശതമാനവും ദക്ഷിണ കൊറിയ 6.5 ശതമാനവും വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ചൈനയുടെ ആയുധ ഇറക്കുമതി 44 ശതമാനം കുറഞ്ഞു. റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയിലാണ് കുറവ് വരുത്തിയത്.
ചൈനയുടെ നീക്കങ്ങളിലുള്ള ആശങ്കയാണ് ജപ്പാനും മറ്റ് യുഎസ് സഖ്യരാജ്യങ്ങളും ആയുധ ശേഖരം വര്‍ധിപ്പിക്കാന്‍ കാരണമെന്ന് എസ്ഐപിആര്‍ഐ ആംസ് ട്രാന്‍ഫേഴ്സ് പ്രോഗ്രാം ഗവേഷകനായ സിമോന്‍ വെസ‌്മാന്‍ പറഞ്ഞു.

ചൈന ആക്രമിച്ചേക്കുമെന്ന ഭീതി അമേരിക്കയാണ് മേഖലയില്‍ പടര്‍ത്തിയത്. ഇത് അമേരിക്കയുടെ ആയുധവ്യാപാരത്തെ ത്വരിതപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014–18 വര്‍ഷങ്ങളില്‍ 35 ശതമാനം ആയുധങ്ങളാണ് അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കിയത്. 2019–23 ആയപ്പോള്‍ ഇത് 55 ശതമാനമായി വര്‍ധിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി അന്താരാഷ്ട്ര ആയുധവ്യാപാരത്തിന്റെ 30 ശതമാനവും നടക്കുന്നത് മധ്യേഷ്യയിലൂടെയാണ്. സൗദി, ഖത്തര്‍, ഈജിപ്ത് എന്നിവയാണ് പ്രധാന രാജ്യങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി. ആഗോളതലത്തില്‍ നടക്കുന്നതിന്റെ 8.4 ശതമാനം ഇറക്കുമതിയും സൗദിയിലാണ്. ഈ കാലയളവില്‍ ഖത്തര്‍ ആയുധ ഇറക്കുമതി നാലിരട്ടി വര്‍ധിപ്പിച്ചു. ആയുധ ഇറക്കുമതിയില്‍ മൂന്നാം സ്ഥാനമാണ് ഖത്തറിന്. 

Eng­lish Sum­ma­ry: India once again tops the list of arms importers

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.