Site iconSite icon Janayugom Online

ഇന്ത്യ‑പാക് പോരാട്ടം ഇന്ന്; അഭിഷേക് തിരിച്ചെത്തിയേക്കും

ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഗ്രൂപ്പ് എ പോരാട്ടത്തിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം വേദിയാകും. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നടക്കുന്ന ഇന്ത്യ‑പാകിസ്ഥാന്‍ മത്സരം ഇന്ന് തീപാറുമെന്നുറപ്പാണ്. രാത്രി ഏഴിനാണ് മത്സരം. ബംഗ്ലാദേശിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് വിട്ടുനിൽക്കുമെന്നറിയിച്ചെങ്കിലും സമ്മർദത്തിന് വഴങ്ങിയാണ് പാകിസ്ഥാൻ ഇന്ന് ഇന്ത്യയെ നേരിടാനിറങ്ങുന്നത്.
ഇരുടീമും രണ്ട് മത്സരങ്ങള്‍ വീതം ജയിച്ചാണ് കളത്തിലെത്തുന്നത്. വിജയിക്കുന്നവര്‍ സൂപ്പര്‍ 8ലേക്ക് കടക്കും. ഇന്ത്യ ആദ്യ മത്സരത്തില്‍ യുഎസിനെയും രണ്ടാം മത്സരത്തില്‍ നമീബയയെയും തോല്പിച്ചു. പാകിസ്ഥാന്‍ യുഎസിനെയും നെതര്‍ലാന്‍ഡ്സിനെയും പരാജയപ്പെടുത്തി. ടി20 ലോകകപ്പിലെ ഏറ്റവും അപകടകരമായ ടീമുമായാണ് ഇന്ത്യയെത്തിയത്. എന്നാല്‍ ഇത്തവണത്തെ ലോകകപ്പില്‍ കുഞ്ഞന്‍ ടീമുകളോട് പതറുന്ന വമ്പന്മാരെയാണ് കാണാന്‍ കഴിഞ്ഞത്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഓസ്ട്രേലിയയെ സിംബാബ്‌വെ അട്ടിമറിച്ചിരുന്നു. അതിനാല്‍ തന്നെ ഇന്ത്യ‑പാക് പോരാട്ടവും പ്രവചനാതീതമായി മാറുകയാണ്. 

ഭക്ഷ്യവിഷബാധയെത്തുടർന്ന് വിശ്രമത്തിലായിരുന്ന അഭിഷേക് ശർമ്മ കളിക്കാനിറങ്ങിയാൽ ആരാധകർ കാത്തിരിക്കുന്നത് അഫ്രീദിയുമായുള്ള പോരാട്ടത്തിനാണ്. ഏഷ്യാ കപ്പിൽ അഫ്രീദിയുടെ ആദ്യ പന്ത് സിക്സറടിച്ച ചരിത്രം അഭിഷേകിനുണ്ട്. അഭിഷേക് ശർമ്മ പൂർണ കായികക്ഷമത വീണ്ടെടുത്തില്ലെങ്കിൽ സഞ്ജു സാംസൺ തന്നെയാകും ഓപ്പണറായി ഇറങ്ങുക. നമീബിയയ്ക്കെതിരെ തകർപ്പൻ തുടക്കം നൽകിയ സഞ്ജുവിൽ ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്.
കൊളംബോയിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുന്നതാണ്. ഇന്ത്യയുടെ വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർക്കൊപ്പം മൂന്നാം സ്പിന്നറായി കുൽദീപ് യാദവോ വാഷിങ്ടൺ സുന്ദറോ ഇലവനിൽ എത്തിയേക്കും. പാക് നിരയിൽ അബ്രാർ അഹമ്മദും ഷദബ് ഖാനും ഭീഷണിയാകും. പാക് സ്പിന്നർമാരെ നേരിടാൻ മധ്യനിരയിൽ ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് സ്പിന്നിനെതിരെ മികച്ച റെക്കോഡുള്ള ശിവം ദുബെയെ ആയിരിക്കും.

ഇന്ത്യക്ക് ഏറെ ഭാഗ്യമുള്ള ഗ്രൗണ്ടാണ് പ്രേമദാസ സ്റ്റേഡിയം. 2009ന് ശേഷം ഇവിടെ കളിച്ച 15 ടി20 മത്സരങ്ങളിൽ 11 എണ്ണത്തിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, വാഷിങ്ൺ സുന്ദർ, റിങ്കു സിങ്.

Exit mobile version