Site iconSite icon Janayugom Online

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം; മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്റെ നിലപാടില്‍ മാറ്റം

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചതില്‍ നിലപാട് മാറ്റവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറുമായി വെെറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രസ്താവന. സംഘർഷം ഒഴിവാക്കാൻ ബുദ്ധിമാന്മാരായ രണ്ട് നേതാക്കാള്‍ സ്വയം തീരുമാനിച്ചുവെന്നായിരുന്നു ഇന്ത്യ‑പാകിസ്ഥാന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. ഇതാദ്യമായാണ് ഇന്ത്യ‑പാകിസ്ഥാന്‍ വിഷയത്തില്‍ മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന തരത്തില്‍ ട്രംപ് പ്രസ്താവന നടത്തുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ജനറല്‍ അസിം മുനീറിനെയും പരാമര്‍ശിച്ചുകൊണ്ട്, ആണവയുദ്ധത്തിലേക്ക് നയിച്ചേക്കാവുന്ന സംഘര്‍ഷത്തില്‍ നിന്ന് പിന്മാറാന്‍ ഇരുപക്ഷവും തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ഇരു രാജ്യങ്ങളുമായി വ്യാപാര കരാര്‍ അന്തിമമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ താന്‍ ഇടപെട്ടുവെന്നായിരുന്നു ഇതുവരെയുള്ള ട്രംപിന്റെ അവകാശവാദം. ശത്രുത അവസാനിപ്പിച്ചാൽ ഇരുരാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം വര്‍ധിപ്പിക്കുമെന്ന വാഗ്‍ദാനം മുന്നോട്ടുവച്ചിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. 

കാന‍ഡയിലെ കനനാസ്കില്‍ നടക്കുന്ന ജി ഏഴ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും നിശ്ചിത സമയത്തിനു മുമ്പേ ട്രംപ് വാഷിങ്ടണ്ണിലേക്ക് മടങ്ങി. എന്നാല്‍ ഇരുനേതാക്കളും 35 മിനിറ്റോളം ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ ഔപചാരിക സംഭാഷണമായിരുന്നു മോഡിയും ട്രംപം തമ്മില്‍ നടത്തിയത്. ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഒരിക്കലും അംഗീകരിക്കില്ലെന്നും ഈ നിലപാടിൽ രാജ്യത്തിനുള്ളിൽ പൂർണ രാഷ്ട്രീയ സമവായമുണ്ടെന്നും മോഡി ട്രംപിനെ അറിയിച്ചതായി കാനനാസ്കിസിൽ നിന്നുള്ള വീഡിയോ സന്ദേശത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. 

Exit mobile version