Site iconSite icon Janayugom Online

സൂപ്പര്‍ സണ്‍ഡേ; ഇന്ത്യ‑പാക് പോരാട്ടം ഇന്ന്

ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റില്‍ ആരാധകര്‍ കാത്തിരിക്കുന്ന അഭിമാന പോരാട്ടമായ ഇന്ത്യ‑പാകിസ്ഥാന്‍ മത്സരം ഇന്ന് നടക്കും. രാത്രി എട്ടിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

യുഎഇയ്ക്കെതിരെ അനായാസ ജയം നേടിയാണ് ഇന്ത്യയുടെ വരവ്. ഒമ്പത് വിക്കറ്റ് വിജയമാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ സ്വന്തമാക്കിയത്. യുഎഇയെ 57 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 4.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാന്റെ ബാറ്റിങ് നിര ഒമാന് മുന്നില്‍ പതറിയിരുന്നു.

വന്‍ സ്കോറിലേക്ക് കുതിക്കുമെന്ന പ്രതീക്ഷിച്ച പാകിസ്ഥാനെ 160 റണ്‍സില്‍ ഒമാന്‍ ഒതുക്കിയിരുന്നു. എന്നാല്‍ ബൗളിങ്ങില്‍ പാകിസ്ഥാന്‍ കരുത്തുകാട്ടി. ഒമാനെ 67 റണ്‍സിന് എറിഞ്ഞിട്ട് 93 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ഇതോടെ ഇരുടീമും ഇന്ന് ഏറ്റുമുട്ടുമുമ്പോള്‍ മത്സരം തീപാറുമെന്നുറപ്പാണ്.

ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടിയിരുന്നു. ഇന്നത്തെ മത്സരത്തിലും സഞ്ജു തന്നെയാകും പ്രധാന വിക്കറ്റ് കീപ്പറായെത്തുക. കഴിഞ്ഞ മത്സരത്തില്‍ അഞ്ചാം നമ്പര്‍ താരമായിരുന്ന സഞ്ജുവിന് ഇത്തവണ ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റമുണ്ടാകുമോയെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മ്മയും ഇറങ്ങുമ്പോള്‍ മൂന്നാമനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവെത്തും. തുടര്‍ന്ന് തിലക് വര്‍മ്മയും ഇറങ്ങും. ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവരും പ്ലേയിങ് ഇലവനിലുണ്ടാകും. മറ്റൊരു ഓള്‍റൗണ്ടറായ ശിവം ദുബെ കഴിഞ്ഞ മത്സരത്തില്‍ മികച്ച ബൗളിങ് പ്രകടനം നടത്തിയിരുന്നു. മൂന്ന് വിക്കറ്റാണ് താരം നേടിയത്.

അതിനാല്‍ തന്നെ ദുബെയും ടീമില്‍ തുടര്‍ന്നേക്കും. ഇനി ദുബെയെ മാറ്റിയാല്‍ പേസറായ അര്‍ഷ്ദീപ് സിങ് ടീമിലെത്തും. കഴിഞ്ഞ മത്സരത്തില്‍ ജസ്പ്രീത് ബുംറ മാത്രമാണ് പ്രധാന പേസ് ബൗളറായി ടീമിലുണ്ടായിരുന്നത്.

സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവും ടീമിലുണ്ടാകുമെന്നുറപ്പാണ്. യുഎഇക്കെതിരെ മൂന്ന് വിക്കറ്റുമായി കുല്‍ദീപ് മികച്ച പ്രകടനം നടത്തി. സ്പിന്നര്‍മാരെ മുന്‍നിര്‍ത്തിയാണ് ടീമിറക്കുന്നതെങ്കില്‍ ആദ്യ മത്സരത്തിലെ ടീമില്‍ നിന്നും വലിയ അഴിച്ചുപണിക്ക് ഇന്ത്യ തയ്യാറായേക്കില്ല.

2023 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ 223 റണ്‍സ് വിജയം ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഏകദിന ഫോര്‍മാറ്റില്‍ നടന്ന ഈ മത്സരത്തില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന്‍ 128ന് ഓള്‍ഔട്ടായി.

ഇന്ത്യയുടെ സാധ്യതാ ഇലവൻ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ശിവം ദുബെ/അര്‍ഷ്ദീപ് സിങ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.

Exit mobile version