Site iconSite icon Janayugom Online

ഇന്ത്യ നടത്തിയത് ഇതിഹാസ പോരാട്ടം; ഓപ്പറേഷന്‍ സിന്ദൂറിലൂടെ തീവ്രവാദികളുടെ തലസ്ഥാനം തകര്‍ത്തെന്നും നരേന്ദ്രമോഡി

ഇന്ത്യ നടത്തിയത് ഇതിഹാസ പോരാട്ടമാണെന്നും ഓപ്പറേഷന്‍ സിന്ദൂറിലൂടെ തീവ്രവാദികളുടെ തലസ്ഥാനം തകര്‍ത്തെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. ആദംപുർ വ്യോമതാവളത്തിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കവേ ആയിരുന്നു അദ്ദേഹം. 9 ഭീകരകേന്ദ്രങ്ങൾ തകർത്തു, നൂറോളം ഭീകരരെ കൊലപ്പെടുത്തി, അവരുടെ വ്യോമാക്രമണം ചെറുത്തു. രാജ്യത്തിന് നേരെ ആക്രമണം നടത്താൻ തുനിഞ്ഞാൽ ഇനി ഒരു മറുപടിയേ ഉള്ളൂ, വിനാശവും മഹാവിനാശവും. പാകിസ്ഥാന്റെ മണ്ണിൽ ഒളിച്ചിരുന്ന ആ ഭീകരരെ മൂന്ന് സേനകളും ചേർന്ന് വധിച്ചു. 

പാക് സേനയെയും വിറപ്പിച്ചു. ഭീകരർക്ക് ഒളിച്ചിരിക്കാനുള്ള കേന്ദ്രങ്ങൾ ഒരുക്കാൻ കഴിയില്ല എന്ന് പാക് സൈന്യത്തോടും നിങ്ങൾ പറഞ്ഞു. ഇനി പാകിസ്ഥാന് കുറച്ച് കാലം സമാധാനമായി ഉറങ്ങാൻ കഴിയില്ല. ഓപ്പറേഷൻ സിന്ദൂറിലൂടെ നിങ്ങൾ രാജ്യത്തിന്റെ അഭിമാനം കാത്തു, ഒന്നിപ്പിച്ചു, അതിർത്തി കാത്തു എന്നും പ്രധാനമന്ത്രി സൈനികരോടായി പറഞ്ഞു.
ആണവായുധം ഉപയോഗിച്ചുള്ള ബ്ലക്‌മെയിലിങ് വെച്ചുപൊറുപ്പിക്കില്ല. ഇത് പുതിയ ഇന്ത്യയാണ്. വേണ്ടിവന്നാൽ മനുഷ്യജീവനുകൾ സംരക്ഷിക്കാൻ യുദ്ധത്തിലേക്ക് നീങ്ങാൻ മടിക്കില്ല. ഇനി മറുപടി നൽകിയാൽ അത് പാകിസ്ഥാന്റെ സർവനാശമായിരിക്കും. ശത്രുക്കൾ മണ്ണോടടിയുമെന്നും മോഡി പറഞ്ഞു.

Exit mobile version