കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വീണ്ടും സ്വര്‍ണമുയര്‍ത്തി ഇന്ത്യ. ഭാരോദ്വഹനത്തിൽ ജെറമി ലാൽറിന്നുങ്ക ഇന്ത്യയുടെ രണ്ടാം സ്വർണം നേടി. പുരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗത്തില്‍ ഗെയിംസ് റെക്കോഡോടെയാണ് നേട്ടം. ആകെ 300 കിലോ ഉയര്‍ത്തിയാണ് താരം ഒന്നാമതെത്തിയത്. ജെറമിയുടെ ആദ്യ കോമണ്‍വെല്‍ത്ത് സ്വര്‍ണമാണിത്. സമോവയുടെ നെവോ വെള്ളി നേടി.
സ്നാച്ചിൽ 140 കിലോ ഭാരം ഉയർത്തിയ ഇന്ത്യന്‍ താരം റെക്കോർഡിന് ഉടമയായി. ക്ലീൻ ആന്റ് ജെർക്കിൽ 160 കിലോയാണ് ജെറമി ഉയർത്തിയത്. മൂന്നാം ശ്രമത്തിൽ 165 കിലോ ഉയർത്താൻ ആഗ്രഹിച്ചെങ്കിലും ജെറമിക്ക് അത് നഷ്ടമായി. ക്ലീൻ ആന്റ് ജെർക്ക് റൗണ്ടിനിടെ രണ്ട് തവണ ജെറമിക്ക് പരിക്കേറ്റെങ്കിലും തളരാതെ രാജ്യത്തിനായി സ്വർണം നേടിയെടുത്തു.
ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി ഉയര്‍ന്നിട്ടുണ്ട്. എല്ലാം ഭാരോദ്വഹനത്തിലാണ്. രണ്ട് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഇതിൽ ഉൾപ്പെടുന്നു. സങ്കേത് സർഗറും ബിന്ദ്യ റാണിയും വെള്ളിയും ഗുരുരാജ പൂജാരി വെങ്കലവും നേടിയപ്പോൾ മീരാഭായിയും ജെറമിയും ഇന്ത്യക്കായി സ്വർണം നേടി.
സ്നാച്ചില്‍ 84 കിലോ ഉയര്‍ത്തി മത്സരം തുടങ്ങിയ മീരാബായ് തന്റെ രണ്ടാം ശ്രമത്തില്‍ 88 കിലോ ഗ്രാം ഉയര്‍ത്തിയാണ് ഗെയിംസ് റെക്കോര്‍ഡിട്ടത്. 55 കിലോഗ്രാം വിഭാഗത്തില്‍ സ്‌നാചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി ബിന്ദ്യറാണി 202 കിലോ ഭാരം ഉയര്‍ത്തി വെള്ളിത്തിളക്കം സ്വന്തമാക്കി. സ്വര്‍ണം നേടിയ നൈജീരിയയുടെ അദിജാത് ഒറാലിയ ബിന്ദ്യയേക്കാള്‍ ഒരു കിലോ ഗ്രാം ഭാരം മാത്രമാണ് അധികം ഉയര്‍ത്തിയത്.
English Summary: India raised gold; The second gold medalist is Jeremy Lalrinunka
You may like this video also