Site iconSite icon Janayugom Online

ആയുധ സംഭരണം ഊര്‍ജിതമാക്കി ഇന്ത്യ; ഓര്‍ഡനന്‍സ് ഫാക്ടറി ജീവനക്കാരുടെ അവധികള്‍ റദ്ദാക്കി

ഇന്ത്യ‑പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആയുധ ഫാക്ടറികളിലെ ജീവനക്കാരുടെ നീണ്ട അവധികള്‍ റദ്ദാക്കി.12 ആയുധ ഫാക്ടറികളുടെ കൂട്ടായ്മയായ മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡ് (എംഐഎല്‍) മിക്ക പ്ലാന്റുകളിലെയും ജീവനക്കാരുടെ ദീര്‍ഘകാല അവധികള്‍ റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആയുധസാമഗ്രികളുടെ ഉല്പാദന ലക്ഷ്യം കൈവരിക്കുന്നതിനാണ് ഈ നടപടിയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെയും മധ്യപ്രദേശിലെ ജബല്‍പൂരിലെയും ആയുധ ഫാക്ടറികളിലെ അവധികള്‍ റദ്ദാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

എംഐഎല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍മാരും നല്‍കിയ നിര്‍ദേശപ്രകാരം എല്ലാ അവധികളും റദ്ദാക്കിയതായി മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലുള്ള ഓര്‍ഡനന്‍സ് ഫാക്ടറി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്നും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി തടസമില്ലാതെ ജോലി ചെയ്യണമെന്നും ദേശീയ സുരക്ഷയും അടിയന്തരസാഹചര്യവും കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതില്‍ പറയുന്നു. നിര്‍ബന്ധിതമായ സാഹചര്യങ്ങളില്‍ മാത്രമേ ഇളവ് അനുവദിക്കുകയുള്ളൂ എന്നും പറയുന്നു. 

ജബല്‍പൂരിലെ ഓര്‍ഡനന്‍സ് ഫാക്ടറി ഖമാരിയ ദേശീയ സുരക്ഷയല്ല, ഉല്പാദന ലക്ഷ്യമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. രണ്ട് ദിവസത്തില്‍ കൂടുതലുള്ള അവധികളും അവര്‍ റദ്ദാക്കി. ഏകദേശം നാലായിരം പേര്‍ക്ക് ജോലി നല്‍കുന്ന ഈ ഫാക്ടറി സായുധ സേനയ്ക്ക് വെടിക്കോപ്പുകള്‍ നല്‍കുന്ന എംഐഎല്ലിന്റെ ഏറ്റവും വലിയ യൂണിറ്റുകളില്‍ ഒന്നാണ്. 

നിലവിലെ സാഹചര്യം കാരണമാണ് അവധി റദ്ദാക്കിയതെന്ന് ബംഗാളിലെ ഗണ്‍ അന്റ് ഷെല്‍ ഫാക്ടറിയായ കോസിപ്പൂരിലെ ജീവനക്കാരന്‍ പറഞ്ഞു. അതേസമയം ആയുധ ഫാക്ടറികള്‍ക്ക് ഔദ്യോഗിക സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടില്ലെന്നും നിലവിലെ സാഹചര്യം കാരണം ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ അവധി റദ്ദാക്കണമെന്ന് ആഭ്യന്തര നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധ ഉല്‍പാദന വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ എംഐഎല്‍ ഇതര ഓര്‍ഡനന്‍സ് ഫാക്ടറികളില്‍ അവധി റദ്ദാക്കിയിട്ടില്ല. 

Exit mobile version