Site icon Janayugom Online

കൂട്ടക്കൊ ലപാതക സാധ്യതയില്‍ ഇന്ത്യക്ക് എട്ടാം സ്ഥാനം; പഠന റിപ്പോര്‍ട്ട് പുറത്ത്

കൂട്ടക്കൊലപാതകങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനത്ത്. യുഎസിലെ ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയത്തിലെ വംശഹത്യ തടയുന്നതിനുള്ള സൈമൺ‑സ്ക്ജോഡ് സെന്ററും ഡാർട്ട്മൗത്ത് കോളജിലെ ഡിക്കി സെന്റർ ഫോർ ഇന്റർനാഷണൽ അണ്ടർസ്റ്റാൻഡിങ്ങും സംയുക്തമായി നടത്തിയ പഠനത്തിന്റേതാണ് കണ്ടെത്തല്‍. 2022–23 വര്‍ഷത്തിലെ ഇന്ത്യയിലെ മോശമായ അവസ്ഥയെക്കുറിച്ചായിരുന്ന പഠനം. സമാന കാലയളവില്‍ ഇന്ത്യയില്‍ കൂട്ടക്കൊലപാതകങ്ങള്‍ നടക്കുവാന്‍ 7.4 ശതമാനം സാധ്യതയുള്ളതായി ഏര്‍ലി വാണിങ് പ്രോജക്ട് നവംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വൻ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ള രാജ്യങ്ങളെ തിരിച്ചറിയുന്ന ഒരു ഗവേഷണ സ്ഥാപനമാണ് ഏര്‍ലി വാണിങ് പ്രോജക്ട്. 

ഒരു പ്രത്യേക ഗ്രൂപ്പുമായി ബന്ധമുള്ളതിനാൽ, ഒരു വർഷമോ അതിൽ താഴെയോ കാലയളവിൽ ആയിരമോ അതിലധികമോ ആളുകൾ സായുധ സേനയാൽ കൊല്ലപ്പെടുന്നതിനെയാണ് കൂട്ടക്കൊലയായി കണക്കാക്കുന്നത്. വംശഹത്യയുമായി ബന്ധപ്പെട്ട മിക്കവാറും കേസുകളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. 162 രാജ്യങ്ങളെയാണ് പഠന വിധേയമാക്കിയത്. ഈ വര്‍ഷത്തെ പട്ടികയില്‍ പകിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. യെമന്‍, മ്യാന്മര്‍, എത്യോപ്യ, നൈജീരിയ, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് തൊട്ടടുത്ത സ്ഥാനത്തുള്ള രാജ്യങ്ങള്‍. സുഡാന്‍, സൊമാലിയ ‚സിറിയ, ഇറാഖ്, സിംബാബ്‌വെ എന്നിവയാണ് ഇന്ത്യക്കു ശേഷം പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
2021–22 റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടത്തിയ പഠനത്തിൽ 15 രാജ്യങ്ങളിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
പുരുഷന്മാര്‍ക്കുള്ള സഞ്ചാര സ്വാതന്ത്ര്യം, ഭൂമിശാസ്ത്രം, ജനസംഖ്യ, സംഘര്‍ഷങ്ങള്‍, മനുഷ്യാവകാശം എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പഠനം. നിലവിലെ സര്‍ക്കാരിനു കീഴില്‍ ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്ന നിരവധി അതിക്രമങ്ങളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

2021 ഡിസംബറിൽ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യാനുള്ള മതനേതാക്കളുടെ ആഹ്വാനം ഉൾപ്പെടെയുള്ള വിദ്വേഷ പ്രസംഗങ്ങൾ ഹിന്ദു ദേശീയ നേതാക്കൾ തുടർന്നും പ്രചരിപ്പിക്കുകയാണ്. നിരവധി സംസ്ഥാനങ്ങളില്‍ മുസ്‌ലിങ്ങളെ ലക്ഷ്യമിട്ടുള്ള വലിയ തോതിലുള്ള അക്രമ സംഭവങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ നടന്നത്. മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളും പള്ളികള്‍ക്കു നേരെയുള്ള അക്രമങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇതിനെതിരെ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടെ വീടുകളും സ്ഥാപനങ്ങളും സംസ്ഥാന ഭരണകൂടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബിജെപിയെ പിന്തുണയ്ക്കുന്ന നിരവധി തീവ്ര വലതുപക്ഷ നേതാക്കള്‍ പരസ്യമായി മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്തു. വിവാദ സന്യാസി യതി നരസിംഹാനന്ദ്, ബിജെപി നേതാവ് കപില്‍ മിശ്ര തുടങ്ങിയവര്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ പഠനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

Eng­lish Summary:India ranks 8th in the prob­a­bil­i­ty of mass murder
You may also like this video

Exit mobile version