Site iconSite icon Janayugom Online

പുകവലിക്കാരുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

ലോകത്തെ പുകവലിക്കാരുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുള്ള ചെെനയെക്കാൾ വലിയ വ്യത്യാസം ഇന്ത്യൻ പുകവലിക്കാരുടെ എണ്ണത്തിലില്ല എന്നും പഠനം പറയുന്നു. 16 നും 64 നും ഇടയിൽ പ്രായമുള്ള പുകവലിക്കാരുടെ എണ്ണം ചെെനയിലും ഇന്ത്യയിലും കൂടി 500 ദശലക്ഷത്തിലധികമാണെന്ന് ലോകബാങ്ക് പോലുള്ള സ്രോതസ്സുകളിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് അന്താരാഷ്ട്ര കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. പുകവലി ഉപേക്ഷിക്കുന്ന നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ഒന്നുമാണ് ഇന്ത്യ. 

ഇന്ത്യയിൽ 16 നും 64 നും ഇടയിൽ പ്രായമുള്ള 2,50,002,133 പുകവലിക്കാരാണുള്ളത്. പുകയില ഉപയോഗം സ്ത്രീകളേക്കാൾ മൂന്നിരട്ടിയാണ് രാജ്യത്തെ പുരുഷന്മാരിൽ. പുകയില ഉപയോഗം മൂലം വായിലെ അർബുദം ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യയിലാണെന്നും റിപ്പോർട്ട് പറയുന്നു. 37 ശതമാനം ഇന്ത്യക്കാരും പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഉപേക്ഷിക്കുന്നവരുടെ ഏറ്റവും കുറഞ്ഞ നിരക്ക് ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നു. പുരുഷന്മാരുടെ നിരക്ക് 20 ശതമാനത്തിൽ താഴെയാണ്. 

പുകയില പ്രതിവർഷം എട്ട് ദശലക്ഷം ആളുകളെ കൊല്ലുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. മിക്കവാറും എല്ലാ രാജ്യങ്ങളും കുട്ടികൾക്ക് പുകയില ഉല്പന്നങ്ങളുടെ വിപണനവും നേരിട്ടുള്ള വില്പനയും നിരോധിച്ചിട്ടുണ്ട്. എന്നാൽ ഈ നിരോധനങ്ങൾ കർശനമായി നടപ്പാക്കപ്പെടുന്നില്ലെന്ന് കൺസ്യൂമർ വോയ്സ് 2019 ൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിരോധനങ്ങൾ ഉണ്ടായിരുന്നിട്ടും 243 സ്കൂളുകൾക്ക് ചുറ്റും നടത്തിയ പഠനത്തിൽ സമീപത്തെ കച്ചവടക്കാർ കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ പുകയില ഉല്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതായി കണ്ടെത്തി. 

ENGLISH SUMMARY:India ranks sec­ond in the list of smokers
You may also like this video

Exit mobile version