Site iconSite icon Janayugom Online

വ്യോമശക്തിയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ലോകത്തെ ശക്തരായ വ്യോമസേനകളുടെ പട്ടികയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എയര്‍ഫോഴ്സിനെ പിന്തള്ളി ഇന്ത്യന്‍ വ്യോമസേന.

വേള്‍ഡ് ഡയറക്ടറി ഓഫ് മോഡേണ്‍ മിലിട്ടറി എയര്‍ക്രാഫ്റ്റ് പ്രസിദ്ധീകരിച്ച 2022ലെ റാങ്കിങ്ങിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മുന്നേറ്റം. അമേരിക്കയും റഷ്യയുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. രാജ്യങ്ങളുടെ കണക്കില്‍ മൂന്നാം സ്ഥാനത്തും സേനാവിഭാഗങ്ങളുടെ കണക്കില്‍ ആറാം സ്ഥാനത്തുമാണ് ഇന്ത്യന്‍ വ്യോമസേന.

സേനയുടെ ശക്തിക്കുപുറമേ, ആധുനികവത്കരണം, ലോജിസ്റ്റിക്കല്‍ സപ്പോര്‍ട്ട്, ആക്രമിക്കാനും പ്രതിരോധിക്കാനുമുള്ള ശേഷി എന്നിവ വിലയിരുത്തുന്ന ട്രൂ വാല്യു റേറ്റിങ്ങിന്റെ (ടിവിആര്‍) അടിസ്ഥാനത്തിലാണ് റാങ്കിങ്. വിമാനങ്ങളുടെ എണ്ണം മാത്രമല്ല, അവയുടെ പ്രവര്‍ത്തനമികവും വ്യത്യസ്ത ദൗത്യങ്ങള്‍ക്കുവേണ്ട വിവിധതരം വിമാനങ്ങളുടെ ലഭ്യതയും റേറ്റിങിന് കണക്കിലെടുക്കും.

സേനയുടെ പ്രവൃത്തിപരിചയം, നടപ്പാക്കിയ പ്രത്യേക ദൗത്യങ്ങള്‍, പരിശീലനം, കര‑നാവിക സേനകള്‍ക്ക് നല്‍കുന്ന വ്യോമ പിന്തുണ എന്നിവയും ഘടകങ്ങളാണ്. 98 രാജ്യങ്ങളിലെ വ്യോമസേനകളെ നിരീക്ഷിച്ചാണ് ഡബ്ല്യുഡിഎംഎംഎ പട്ടിക തയ്യാറാക്കിയത്.

242.9 പോയിന്റ് ടിവിആര്‍ നേടി യുഎസ് വ്യോമസേനയാണ് ഒന്നാം സ്ഥാനത്ത്. 142.4 പോയിന്റ് നേടി യുഎസ് നാവികസേന രണ്ടാം സ്ഥാനത്തും 114.2 പോയിന്റുമായി റഷ്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്തുമുണ്ട്.

യുഎസ് ആര്‍മി ഏവിയേഷന്‍ (112.6), യുഎസ് മറൈന്‍ കോര്‍പ്സ് (85.3) എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. 69.4 പോയിന്റുമായി ഇന്ത്യ ആറാം സ്ഥാനം നേടിയപ്പോള്‍ 63.8 പോയിന്റ് നേടിയ ചൈനീസ് വ്യോമസേന ഏഴാം സ്ഥാനത്തെത്തി.

Eng­lish summary;India ranks third in avi­a­tion power

You may also like this video;

Exit mobile version