Site icon Janayugom Online

സൈനികച്ചെലവില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

പ്രതിരോധമേഖലയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തുക ചെലവിടുന്ന രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. സ്റ്റോക്ക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ഐപിഐആര്‍ഐ) പുറത്തുവിട്ട 2021ലെ കണക്കുപ്രകാരം 7,600 കോടി ഡോളര്‍ (ഏകദേശം 60 ലക്ഷം കോടി ഇന്ത്യന്‍ രൂപ) ആണ് ഇന്ത്യ ഈ മേഖലയില്‍ ചെലവിടുന്നത്. 2020നേക്കാള്‍ 0.9 ശതമാനം അധിക തുകയാണിത്. 2012നെ തട്ടിച്ചുനോക്കുമ്പോള്‍ 33 ശതമാനത്തിന്റെ വര്‍ധനവാണ് ഇതെന്നും വ്യക്തം. തദ്ദേശീയ നിര്‍മ്മിത ആയുധങ്ങള്‍ വാങ്ങുന്നതിന് 2021ലെ പ്രതിരോധ ബജറ്റില്‍ 64 ശതമാനം തുക നീക്കിവച്ചിരുന്നു.

അമേരിക്ക ഒന്നാം സ്ഥാനത്തും ചൈന രണ്ടാം സ്ഥാനത്തുമാണ്. 2021ല്‍ 80,000 കോടി ഡോളറാണ് അമേരിക്ക ചെലവിട്ടത്. 2020നെ അപേക്ഷിച്ച് 1.4 ശതമാനത്തിന്റെ കുറവാണിത്. 29,000 കോടി ഡോളറാണ് ചൈന ഈ മേഖലയ്ക്കായി ചെലവിടുന്നത്. 2020 നേക്കാള്‍ 4.7 ശതമാനം കൂടുതലാണ് ഇത്.

കോവിഡ് മഹാമാരിയുടെ ഭാഗമായുണ്ടായ സാമ്പത്തിക തകര്‍ച്ചയ്ക്കിടെയാണ് സൈനിക ചെലവിന്റെ റെക്കോഡ് വര്‍ധന ഉണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയം. ആഗോള സൈനിക ചെലവ് 2021ല്‍ 0.7 ശതമാനം വര്‍ധിച്ച് 2,113 ബില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണ്. അമേരിക്കയ്ക്കും ചൈനയ്ക്കും ഇന്ത്യക്കും പുറമെ, യുകെ, റഷ്യ എന്നിവയാണ് കൂടുതല്‍ തുക സൈനിക മേഖലയ്ക്കായി ചെലവഴിക്കുന്നത്. 

Eng­lish Summary:India ranks third in mil­i­tary spending
You may also like this video

Exit mobile version