Site iconSite icon Janayugom Online

ഭീകരവാദത്തിനെതിരെയുള്ള ശ്രമങ്ങള്‍ തടയുന്നുവെന്ന് ഇന്ത്യ

തീവ്രവാദം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയാണെന്ന് ഇന്ത്യ യുഎന്‍ സുരക്ഷാ സമിതിയില്‍. മുംബെെ ഭീകരാക്രമണത്തിലെ കുറ്റവാളികളെ ആഗോള ഭീകരരായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് രാഷ്ട്രീയ കാരണങ്ങളാല്‍ തടയിടുകയാണെന്നും സുരക്ഷാ സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യന്‍ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. 

പാകിസ്ഥാന്‍ ഭീകരരെയും സംഘടനകളെയും കരിമ്പട്ടികയില്‍പ്പെടുത്താനുള്ള ഇന്ത്യയുടെയും യുഎസിന്റെയും ശ്രമങ്ങള്‍ ചെെ­ന ആവര്‍ത്തിച്ച് തടയുന്ന സാ­­­ഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ പ്രസ്താവന. ഇ­ത്തരം നിഷ്ക്രിയത്വം ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരെ സ്വതന്ത്രരായി നടക്കാനും ഇന്ത്യക്കെതിരെ കൂടുതല്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കും പ്രാപ്തമാക്കിയെന്നും രുചിര കാംബോജ് കൂട്ടിച്ചേര്‍ത്തു. 2022 ലെ തീവ്രവാദ വിരുദ്ധ സമിതിയുടെ (സിടിസി) ചെയര്‍മാനെന്ന നിലയില്‍, കമ്മിറ്റിക്ക് അതിന്റെ ചുമതല ഫലപ്രദമായി നിറവേറ്റാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് കാംബോജ് പറഞ്ഞു. 

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദിയും ലഷ്‍കര്‍ ഇ ത്വയ്‍ബ തലവനുമായ ഹാഫിസ് സയീദിന്റെ മ­കന്‍ ഹാഫിസ് തലാഹ് സയീദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ആഗോള ഭീകരനായി പ്ര­ഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ചെെന തടഞ്ഞിരുന്നു. മുംബെെ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ഹാഫിസ് സയീദ്. 

Eng­lish Summary:India says it is block­ing efforts against terrorism
You may also like this video

Exit mobile version