Site iconSite icon Janayugom Online

‘ജമ്മു കശ്മീർ എക്കാലവും ഇന്ത്യയുടെ അവിഭാജ്യഘടകം,’ പാകിസ്ഥാൻ സ്വന്തം അതിർത്തിയിൽ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുവെന്നും ഇന്ത്യ

ജമ്മു കശ്മീർ എക്കാലവും ഇന്ത്യയുടെ അവിഭാജ്യഘടകമെന്ന് യു.എൻ ജനറൽ അസംബ്ളിയിൽ ഇന്ത്യ. അതിർത്തി മേഖലയിലും പാക് അധീന കശ്മീരിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ജമ്മുകശ്മീരിലെ ജനങ്ങൾ ഇന്ത്യയുടെ കാലാതീതമായ ജനാധിപത്യ പാരമ്പര്യത്തിലും ഭരണഘടനാ ചട്ടക്കൂടിലും നിലനിൽക്കും. പാകിസ്താനെ സംബന്ധിച്ചിടത്തോളം ഇതൊക്കെ കേട്ടുകേൾവിയില്ലാത്ത സങ്കൽപ്പങ്ങളാണെന്ന് ഞങ്ങൾക്കറിയാമെന്നും ഇന്ത്യൻ അംബാസഡർ പർവതനേനി ഹരീഷ് പറഞ്ഞു. ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗൺസിലിൽ പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനധികൃതമായി കയ്യേറി കൈവശം​ വെച്ചിരിക്കുന്ന മേഖലകളിൽ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ അവസാനിപ്പിക്കണമെന്നാണ് പാകിസ്ഥാനോട് ആവശ്യപ്പെടാനുള്ളത്. പലയിടങ്ങളിലും പാകിസ്താന്റെ സൈനിക അധിനിവേശത്തി​നെതിരെയും അടിച്ചമർത്തലുകൾക്കും ക്രൂരതക്കുമെതിരെയും ഭൗമ വിഭവങ്ങളുടെ ചൂഷണത്തിനെതിരെയും ജനം തെരുവിലിറങ്ങിയിരിക്കുകയാണെന്നും ഹരീഷ് കൂട്ടിച്ചേർത്തു.

നിയമം കാറ്റിൽ പറത്തി അതിർത്തിമേഖയിൽ ആളുകളെ കൊന്നൊടുക്കുന്ന അതിക്രമങ്ങളിൽ പാകിസ്താനിൽ നിന്ന് വിശദീകരണം തേടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. മേഖലയിൽ മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും പാകിസ്താൻ നിഷേധിച്ചിരിക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

Exit mobile version