അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റായി വലതുപക്ഷ പാര്‍ട്ടിയായ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹാവിയര്‍ മിലേ തെരഞ്ഞെടുക്കപ്പെട്ടു. മിലേ 56 ശതമാനം വോട്ട് നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന സാമ്പത്തിക മന്ത്രി സെര്‍ജിയോ മാസയ്ക്ക് 44 ശതമാനം വോട്ടുകളാണ് നേടാനായത്. ഒക്ടോബറിലെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ യാഥാസ്ഥിതികരുമായി സഖ്യം ദൃഢപ്പെടുത്തിയതാണ് മിലേയുടെ പിന്തുണ വര്‍ധിപ്പിച്ചത്. പതിറ്റാണ്ടുകളായി ഭരണത്തില്‍ തുടരുന്ന മധ്യ‑ഇടതുപക്ഷ പെറോണിസ്റ്റ് പ്രസ്ഥാനത്തെ പരാജയപ്പെടുത്തിയെന്നതാണ് മിലേയുടെ പ്രാധാന്യം. ധനമൂലധനത്തിന്റെ കടുത്ത ആരാധകനും തൊഴിലാളിവിരുദ്ധനുമായ മിലേയുടെ വിജയം അമേരിക്കയിലെ തീവ്രവലതുപക്ഷത്തിനും വലിയ പ്രോത്സാഹനമാകും. കമ്മ്യൂണിസ്റ്റുകളുമായി താന്‍ ഇടപെടില്ലെന്ന് പറയുന്ന മിലേ ചൈനയുടെയും ബ്രസീലിന്റെയും വിമര്‍ശകനും അമേരിക്കന്‍ നയങ്ങളുടെ ആരാധകനുമാണ്. വര്‍ധിച്ച പണപ്പെരുപ്പം, പിടിമുറുക്കുന്ന മാന്ദ്യം, ദാരിദ്ര്യം എന്നീ സാഹചര്യങ്ങളില്‍ മിലേയുടെ വിജയം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഒരു രാഷ്ട്രീയപാഠമാണ്.
അര്‍ജന്റീനയെ സംബന്ധിച്ച് ദുഃഖദിനമാണെന്ന കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ പ്രതികരണം ഏറെ അര്‍ത്ഥവത്താണ്. തീവ്ര വലതുപക്ഷക്കാരൻ, അൾട്രാ കൺസർവേറ്റീവ്, വലതുപക്ഷ പോപ്പുലിസ്റ്റ് എന്നിങ്ങനെയാണ് മിലേ അറിയപ്പെടുന്നത്. ഭരണകൂടം സമ്പത്തിന്റെ ശത്രുവാണെന്നും കെയ്നേഷ്യൻ സാമ്പത്തിക ശാസ്ത്രം തിന്മയാണെന്നും വിശ്വസിക്കുന്നയാളാണ് അദ്ദേഹം. ‘സോഷ്യലിസത്തോടും കമ്മ്യൂണിസത്തോടും ശക്തമായ എതിർപ്പാണുള്ളതെന്നും അവ ദുരിതവും പട്ടിണിയും സൃഷ്ടിക്കുന്ന അക്രമാസക്തമായ സംവിധാനങ്ങളാണെന്നും’ തുറന്ന് വിമർശിക്കുന്നയാള്‍. സോഷ്യലിസ്റ്റ് അല്ലാത്ത നോർഡിക് രാജ്യങ്ങളാണ് ലോകത്തിലെ ഏറ്റവും സ്വതന്ത്ര സമ്പദ്‌വ്യവസ്ഥകളെന്നും വാദിക്കുന്നു.
ഇതുകൂടി വായിക്കൂ: ചങ്ങാത്തമുതലാളിത്തത്തിന്റെ ചതിക്കുഴികള്‍
2019 ഫെബ്രുവരിയിൽ മുതലാളിത്തവും സ്വതന്ത്ര കമ്പോളവും എങ്ങനെയാണ് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതെന്ന് സ്വന്തം നിലയില്‍ സമര്‍ത്ഥിക്കുന്ന ടിവി പരിപാടി തന്നെ അദ്ദേഹം അവതരിപ്പിച്ചു. സാമൂഹിക അസമത്വം എന്നത് നുണയും തട്ടിപ്പുമാണെന്ന് അദ്ദേഹം മുദ്രകുത്തി. സാമൂഹിക നീതിയെന്നത് അന്യായമാണ്. അസൂയ, നീരസം, ബലപ്രയോഗം എന്നിവയുൾക്കൊള്ളുന്ന മൂല്യങ്ങളെക്കുറിച്ചുള്ള സംവാദമാണ് സോഷ്യലിസം. എന്നാല്‍ മുതലാളിത്തവും ലിബറലിസവും സഹവ്യക്തികളുടെ ജീവിതപദ്ധതിയോടുള്ള ബഹുമാനത്തെ പ്രതിനിധീകരിക്കുന്നുവെന്ന് വാദിച്ചു. 2020 ഒക്ടോബറിൽ ഒരു അഭിമുഖത്തിൽ മിലേ പറഞ്ഞത്: ‘ഞാൻ കമ്മ്യൂണിസ്റ്റുകാരെ വെറുക്കുന്നു, കാരണം ഇടതുപക്ഷക്കാരായ അവർ ജീവിതത്തെ വെറുക്കുന്നു‘വെന്നാണ്.
മിലേയുടെ രാഷ്ട്രീയപ്രവേശം തന്നെ യാദൃച്ഛികമായിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനായ അദ്ദേഹം 2021 ലാണ് രാഷ്ട്രീയത്തിലെത്തിയത്. തീവ്രവലതുപക്ഷ സഖ്യമായ ലാ ലിബർട്ടാഡ് അവാൻസയുടെ പ്രതിനിധിയായി ബ്യൂണസ് അയേഴ്‌സ് നഗരത്തെ പ്രതിനിധീകരിച്ച് ദേശീയ ഡെപ്യൂട്ടി ആയി തെരഞ്ഞെടുക്കപ്പെട്ടു. ‘താൻ രാഷ്ട്രീയ തന്ത്രങ്ങൾ ചർച്ച ചെയ്യുന്നത് തന്റെ നായകളോടാണെ‘ന്ന അവകാശവാദമാണ് ശ്രദ്ധേയനാക്കിയത്. ചത്ത നായകളുടെ ആത്മാക്കളുമായി താൻ ആശയവിനിമയം നടത്താറുണ്ടെന്നും താന്ത്രിക് സെക്സ് കോച്ച് കൂടിയായ മിലേ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള വിചിത്രചിന്തകള്‍ കൊണ്ട് ജനങ്ങള്‍ക്കിടയില്‍ ‘ഭ്രാന്തൻ’ എന്ന വിളിപ്പേര് ലഭിക്കുന്നതിനും ഇടയാക്കി. സർക്കാരിന്റെ പൊതുചെലവ് കുറയ്ക്കണം എന്ന ആവശ്യവുമായി അദ്ദേഹം പ്രചരണം നടത്തിയതും വളരെ വിചിത്രമായ രീതിയിലാണ്. ഒരു അറക്കവാള്‍ മെഷീനുമായാണ് പൊതുറാലികളിൽ പ്രത്യക്ഷപ്പെട്ടത്. അഴിമതിക്കും വീർപ്പുമുട്ടുന്ന ബ്യൂറോക്രസിക്കുമെതിരെ ഈ വാള്‍ ഉപയോഗിക്കുമെന്നായിരുന്നു പ്രഖ്യാപനം.
താന്‍ തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയും ഇസ്രയേലും അര്‍ജന്റീനയുടെ പ്രാഥമിക സഖ്യകക്ഷികളായിരിക്കുമെന്ന് മിലേ പ്രസ്താവിച്ചു. ഇസ്രയേലിലെ അർജന്റീനിയന്‍ എംബസി ടെൽ അവീവിൽ നിന്ന് ജറുസലേമിലേക്ക് മാറ്റാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പറഞ്ഞു. ‘ചൈനയിൽ ജനങ്ങള്‍ സ്വതന്ത്രരല്ല, അവരവർക്ക് വേണ്ടത് ചെയ്യാൻ കഴിയില്ല, അങ്ങനെ ചെയ്യുന്നവർ കൊല്ലപ്പെടും. നിങ്ങൾ ഒരു കൊലയാളിയുമായി വ്യാപാരം നടത്തുമോ’ എന്നായിരുന്നു മിലിയുടെ ചോദ്യം. അതേസമയം അർജന്റീന‑ചൈന ബന്ധത്തിലെ തകർച്ച അർജന്റീനയുടെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു.
നിലവില്‍ അര്‍ജന്റീന നേരിടുന്ന വെല്ലുവിളികൾ വളരെ വലുതാണ്. സര്‍ക്കാരിന്റെയും കേന്ദ്ര ബാങ്കിന്റെയും ശൂന്യമായ ഖജനാവുകൾ, അന്താരാഷ്ട്ര നാണയ നിധിയില്‍ 4400 കോടി ഡോളറിന്റെ കടം, പണപ്പെരുപ്പം 142 ശതമാനം തുടങ്ങിയവയാണ് പുതിയ പ്രസിഡന്റിനെ കാത്തിരിക്കുന്നത്. പണപ്പെരുപ്പം, വര്‍ധിച്ചുവരുന്ന മാന്ദ്യം, ദാരിദ്ര്യം എന്നിവ അതിജീവിച്ച് സമ്പദ്‌വ്യവസ്ഥയെ തിരിച്ചു പിടിക്കലാണ് മിലേയ്ക്ക് മുന്നിലുള്ള വെല്ലുവിളി.
മിലേയുടെ വിജയം അര്‍ജന്റീനയെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിടുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പണപ്പെരുപ്പം ഇല്ലാതാക്കാന്‍ സെൻട്രൽ ബാങ്ക് നിര്‍ത്തലാക്കുമെന്നായിരുന്നു മിലേയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്‍ദാനം. ഡോളറിനെ രാജ്യത്തിന്റെ ഔദ്യോഗിക കറൻസിയാക്കുമെന്നും മിലേ പ്രഖ്യാപിച്ചിരുന്നു. ഇത്തരം പ്രഖ്യാപനങ്ങള്‍ ദീർഘകാലാടിസ്ഥാനത്തിൽ നയപരമായ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് വിദഗ്‍ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതുകൂടി വായിക്കൂ: ഡിസാസ്റ്റർ ക്യാപ്പിറ്റലിസം അഥവാ ദുരന്ത മുതലാളിത്തം
‘മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കള്ളന്മാരിൽ ഒരാൾ’ എന്നാണ് രാജ്യത്തെ കേന്ദ്ര ബാങ്കിനെ വിശേഷിപ്പിച്ചത്. “സെൻട്രൽ ബാങ്കുകളെ നാല് വിഭാഗങ്ങളായി തിരിക്കാം ഫെഡറൽ റിസർവ് പോലെ മോശമായവ, ലാറ്റിനമേരിക്കയുടേതു പോലെ വളരെ മോശമായവ, സെൻട്രൽ ബാങ്ക് ഓഫ് അർജന്റീന പോലെ ഭയാനകമായി മോശമായവ’. പൗരന്മാർക്ക് അവരുടെ പണമിടപാട് സ്വതന്ത്രമാക്കാൻ സെൻട്രൽ ബാങ്ക് പൊളിച്ചുകളയണമെന്നും അദ്ദേഹം വാദിക്കുന്നു.
രാജ്യത്തിന്റെ പണപ്പെരുപ്പ പ്രശ്നങ്ങളെ പ്രതിരോധിക്കാനുള്ള നടപടിയെന്ന നിലയിലാണ് ഡോളറൈസ്ഡ് സമ്പദ്‌വ്യവസ്ഥയെ അനുകൂലിക്കുന്നത്. രാജ്യത്തിന്റെ കറന്‍സിയായ പെസോയുടെ സ്ഥാനത്ത് യുഎസ് ഡോളര്‍ കൊണ്ടുവരാനുള്ള നീക്കം രാജ്യത്തെ പ്രതിസന്ധിയിലായിരിക്കുന്ന സമ്പദ്‌വ്യവസ്ഥയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും എന്നാണ് നിഗമനം.
നേരത്തെ ഇക്വഡോറും എല്‍ സാല്‍വഡോറും പണപ്പെരുപ്പത്തെ നേരിടാന്‍ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ഡോളര്‍വല്‍ക്കരിച്ചിരുന്നു. ഡോളര്‍ പെസോയെക്കാള്‍ ശക്തമാണെന്നും ഇഷ്ടാനുസരണം അച്ചടിക്കാന്‍ കഴിയില്ലെന്നുമാണ് മിലേയുടെ അവകാശവാദം. എന്നാല്‍ ഡോളര്‍വല്‍ക്കരണം പലിശ നിരക്ക് പോലുള്ള പണനയ നീക്കങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കാന്‍ സാധ്യതയുള്ള രാജ്യത്തിന്റെ സ്വയംഭരണം നഷ്ടപ്പെടുത്തും എന്നാണ് വിദഗ്ധാഭിപ്രായം. ഇത് അർജന്റീനിയന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ദോഷകരമാകാവുന്നതും അപകടസാധ്യതകൾ നിറഞ്ഞതുമാണെന്നാണ് വിലയിരുത്തല്‍. ധാന്യങ്ങള്‍, ലിഥിയം, ഹൈഡ്രോകാര്‍ബണ്‍ എന്നിവയുടെ വ്യാപാരത്തെ നയങ്ങള്‍ ബാധിച്ചേക്കും. ഡോളര്‍വല്‍ക്കരണ പദ്ധതി ദേശീയ പരമാധികാരത്തിന്റെ കീഴടങ്ങലാണെന്ന് നിലവിലെ സാമ്പത്തിക മന്ത്രിയും മിലേയുടെ എതിരാളിയുമായിരുന്ന സെര്‍ജിയോ മാസ വിമര്‍ശിച്ചു.
ഇതുകൂടി വായിക്കൂ: മുതലാളിത്തവും പുതിയ തലങ്ങളും
ചെലവ് ചുരുക്കലിന്റെ ഭാഗമായി വനിതാ ക്ഷേമം, ശാസ്ത്രം, വിദ്യാഭ്യാസം, സാമൂഹിക വികസനം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങൾ ഇല്ലാതാക്കുകയോ ലയിപ്പിക്കുകയോ ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. റോഡുകളുൾപ്പെടെ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിനും നീക്കമുണ്ട്. നാഷണൽ സയന്റിഫിക് ആന്റ് ടെക്നിക്കൽ റിസർച്ച് കൗൺസിൽ അടച്ചുപൂട്ടുകയോ സ്വകാര്യവൽക്കരിക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യാനുള്ള നീക്കവും മിലേ വ്യക്തമാക്കിയിട്ടുണ്ട്. ഗർഭച്ഛിദ്രം വീണ്ടും ക്രിമിനൽ കുറ്റമാക്കുക, രാജ്യത്തെ നദികളുടെ മലിനീകരണം തടയുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുക തുടങ്ങിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പാലിക്കുമെന്നാണ് നിയുക്ത പ്രസിഡന്റ് പറയുന്നത്.
അർജന്റീനിയൻ ഭരണഘടനയുടെ അനുച്ഛേദം 14 ന്റെ അനുബന്ധം തൊഴിൽ അവകാശങ്ങളും പെൻഷനുകളും സാമൂഹിക സുരക്ഷാ സംവിധാനവും ഉറപ്പുനൽകുന്നു. ‘ഇത് രാജ്യത്തിന്റെ കാൻസറാണന്നും പിൻവലിക്കുമെന്നു‘മാണ് മിലേയുടെ പക്ഷം. മയക്കുമരുന്ന് നിയമവിധേയമാക്കൽ, സുരക്ഷയുടെ പേരില്‍ ജനങ്ങള്‍ക്ക് ആയുധം നല്‍കല്‍ തുടങ്ങിയ നയങ്ങളും പ്രാവര്‍ത്തികമാക്കുമെന്നാണ് മിലേയുടെ നിലപാട്. കടുത്ത ദാരിദ്ര്യം ബാധിച്ച ഒരു രാജ്യത്ത് മാറ്റത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ആളുകൾ നോക്കിക്കാണുന്നത്.
മിലേ മുന്നോട്ടു വച്ചിട്ടുള്ള നയങ്ങളില്‍ ഭൂരിപക്ഷവും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ നടപ്പാക്കുകയോ പ്രഖ്യാപിക്കപ്പെടുകയോ ചെയ്തവയാണ് എന്നത് യാദൃച്ഛികമായ സമാനതയല്ല. കമ്പോളാധിഷ്ഠിത ഭരണകൂടങ്ങളുടെ സാമ്പത്തിക സാമൂഹികനയങ്ങള്‍ക്ക് ആഗോളതലത്തില്‍ ഒരേമുഖം തന്നെയായിരിക്കും. പണപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും കൊണ്ട് ദുരിതത്തിലായ അര്‍ജന്റീനയില്‍ യുവാക്കൾക്കിടയിലായിരുന്നു മിലേ തെരഞ്ഞെടുപ്പുകാലത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സമൂഹമാധ്യമങ്ങളിലും ടിവി അഭിമുഖങ്ങളിലും മിലേയുടെ പ്രകടനത്തോട് ആളുകൾ മുന്‍പിന്‍ചിന്തയില്ലാതെ ആവേശത്തോടെ പ്രതികരിക്കുകയും തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുകയും ചെയ്തു. 2014ല്‍ ഇന്ത്യയില്‍ സംഭവിച്ചതും അതാണ്. 2024ല്‍ അത് തിരുത്താനുള്ള വേദിയൊരുക്കേണ്ടത് ഉത്തരവാദിത്തമുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ കടമയാണ്.