26 April 2024, Friday

ഡിസാസ്റ്റർ ക്യാപ്പിറ്റലിസം അഥവാ ദുരന്ത മുതലാളിത്തം

അജിത് കൊളാടി
വാക്ക്
February 11, 2023 4:30 am

സോഷ്യലിസ്റ്റ് ഭരണകൂടങ്ങൾ തകർന്നപ്പോൾ മുതലാളിത്ത വ്യവസ്ഥയ്ക്കെതിരെ, മനുഷ്യ ജീവിതത്തിന്റെ സർഗാത്മക ശക്തികൾ നടത്തിക്കൊണ്ടിരുന്ന വികേന്ദ്രീകൃതവും വിമോചകവുമായ ചെറുത്തുനിൽപ്പുകളെ മുതലാളിത്ത മൂലധനശക്തികൾ നേരിട്ടത്, അത് സ്വയംതന്നെ ഒരു വമ്പിച്ച വിപ്ലവത്തിനു വിധേയമാകുന്നതിലൂടെയാണ്. അതിരുകളില്ലാത്ത ആഗോള മൂലധന വ്യവസ്ഥയിലേക്കുള്ള മുതലാളിത്തത്തിന്റെ പരിവർത്തനം അങ്ങനെയാണ് സംഭവിക്കുന്നത്. ഉല്പാദനശക്തിയുടെ ഘടനയിലും ഉല്പാദനോപകരണങ്ങളുടെ സ്വഭാവത്തിലും മുതലാളിത്തത്തിന്റെ ചരിത്രത്തെ തന്നെ മാറ്റുന്ന പരിവർത്തനമായി അത്. വിവരസാങ്കേതിക വിദ്യയുടെയും ഡിജിറ്റൽ ടെക്നോളജിയുടെയും രംഗപ്രവേശവും സൈബർ ലോകത്തിന്റെ ആവിർഭാവവും ഈ വിപ്ലവത്തിന്റെ ഭാഗമായിരുന്നു. ഇതോടെ മുതലാളിത്തം ജീവിതത്തിന്റെ വ്യാപാരങ്ങളെ ഒന്നാകെ ആവാഹിക്കുന്ന ഒരാഗോള ജൈവാധികാര സാമ്രാജ്യ വ്യവസ്ഥയായി മാറി.

മുതലാളിത്തത്തിന്റെ ഈ വിജയം മനുഷ്യജീവിത സാധ്യതകളുടെ അന്തിമമായ സാക്ഷാത്ക്കാരവും മുതലാളിത്തം ചരിത്രത്തിന്റെ അന്ത്യവുമായി ആഘോഷിക്കപ്പെട്ടു. ധനത്തിനും കാമത്തിനും കീർത്തിക്കും വേണ്ടിയുള്ള ആർത്തികൾ ജീവിത വിജയത്തിനുവേണ്ട സഹജ ഗുണങ്ങളായി അംഗീകരിക്കപ്പെട്ടു. ഒരു ഭാഗത്ത് ആർത്തികളെ ആരാധനീയമാക്കുന്ന മാധ്യമങ്ങളുടെയും രാഷ്ട്രീയ പ്രവർത്തനത്തെ അധികാരവും സമ്പത്തും കുഴിച്ചെടുക്കാനുള്ള രത്നഖനിയാക്കുന്ന പരമ്പരാഗത രാഷ്ട്രീയക്കാരുടെയും ശ്രദ്ധയിൽ പെടാതെ, മനുഷ്യജീവിതത്തിന്റെ ചരിത്രത്തിൽ പലതും സംഭവിച്ചുകൊണ്ടിരിക്കുന്നു. ആ സംഭവങ്ങൾ ആഗോള മുതലാളിത്ത സാമ്രാജ്യത്തിന്റെ ആഘോഷങ്ങൾക്കിടയിൽ അതിനെതിരെ ജീവിതത്തിന്റെ ശക്തികളെ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചവരുടെ മുന്നേറ്റമായിരുന്നു. തത്വചിന്തയുടെയും, മൂർത്തമായ ജീവിത സമരത്തിന്റെയും പാതയിലൂടെയും അത് പുരോഗമിച്ചു. മനുഷ്യരെ ഭരണകൂടത്തിന് കീഴ്പ്പെടുത്തി നിർത്തിയിരുന്ന അടഞ്ഞ സ്വത്വരൂപങ്ങളിൽ നിന്ന് വിമോചകമായ ഒരു ജനാധിപത്യത്തിന്റെ ബന്ധരൂപങ്ങൾക്കുള്ള ജീവിതത്തിന്റെ തുറക്കലായിരുന്നു. രാജ്യത്ത് കഴിഞ്ഞ വർഷങ്ങളിൽ നടന്ന സമരരൂപങ്ങൾ അത് തെളിവാക്കുന്നു. സ്വന്തം ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം സ്നേഹിച്ചിരുന്ന അവർ, അപരിചിതരെ സ്നേഹിക്കാൻ കഴിയുന്ന മനുഷ്യരായി മാറുന്ന കാഴ്ച കാണുന്നു.

 


ഇതുകൂടി വായിക്കു; കേന്ദ്ര ബജറ്റിലെ അധിക മൂലധന നിക്ഷേപം കെട്ടുകഥ


ആഗോളവല്‍ക്കരണത്തിൽ എല്ലാ രാഷ്ട്രങ്ങളുടെയും ഭരണകൂടങ്ങൾക്ക് അവയുടെ സവിശേഷത നഷ്ടമാവുകയും ആഗോളീയമായ പൊതുസ്വഭാവം കൈവരുകയും ചെയ്യുന്നു. അവയ്ക്ക് പരമാധികാരം തന്നെ ഇല്ലാതെയാകുന്നു. മറുഭാഗത്ത് ആധുനിക നാഗരികതയെന്ന മുതലാളിത്തത്തിന്റെ ചതുരംഗപ്പലകയിലെ കരുക്കൾ മാത്രമായി മാറുന്നു. അധികാരാർത്തിയാണ്, ഉപഭോഗാർത്തിയാണ്, കരുക്കൾ നീക്കി ജനങ്ങളെ തമ്മിൽ കൊല്ലിക്കുന്നത്. ഗാന്ധി പണ്ടേ പറഞ്ഞിട്ടുണ്ട്, “ആധുനിക പരിഷ്കാരമെന്ന ദുർഭൂതത്തിന്റെ ഭാരത്തിനു കീഴിൽ ഇന്ത്യ അമർന്നു ഞെരുങ്ങുന്നു എന്ന്. കാറൽ മാർക്സ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കൽ മാനുസ്ക്രിപ്റ്റ് 1844 എന്ന പുസ്തകത്തിൽ ‘തനിക്ക് യാതൊരു അവകാശവുമില്ലാത്ത യന്ത്രം ജോലി ചെയ്ത്, മനുഷ്യ തൊഴിലാളിയെ അന്യവൽക്കരിക്കുന്ന ചിത്രം മനോഹരമായി ഹൃദയസ്പർശിയായി വരച്ചു കാണിക്കുന്നുണ്ട്. സ്വകാര്യ സ്വത്തും അതോടനുബന്ധിച്ചുള്ള ആധുനിക രാഷ്ട്രീയ സമ്പദ്ഘടനയും മനുഷ്യനെ കൊടിയ ചൂഷണത്തിലൂടെ അപമാനവൽക്കരിച്ച് സന്തോഷവും വ്യക്തിത്വവും ചോർത്തിക്കളഞ്ഞ് വെറും ചണ്ടിയാക്കുന്ന പ്രക്രിയ ആധുനിക യന്ത്രത്തിന്റെ വരവോടെയാണ് സംഭവിച്ചത് എന്ന് മാർക്സ് വ്യക്തമാക്കുന്നു. എത്ര ദീർഘദർശിത്വത്തോടെയാണ് അദ്ദേഹം ലോകത്തെ കണ്ടത്. ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യനെ കേന്ദ്രീകരിച്ചാണ് ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ രൂപപ്പെടുന്നത്.

കൽക്കരിയുടെ ആവിശക്തിയിൽ നിന്ന് ആരംഭിച്ച്, എണ്ണയിലൂടെ, ഡിജിറ്റലൈസേഷനിലൂടെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ എത്തി നിൽക്കുന്ന ആധുനിക ശാസ്ത്ര സങ്കേതികതയുടെ ഉല്പന്നമായ യന്ത്രത്തിന് മനുഷ്യനെന്ന സ്പീഷിസിനെ തന്നെ മാറ്റിമറിക്കാനാവും. എത്രയോ ഹിരോഷിമകളും ചെർണോബിലുകളും ഭോപ്പാലുകളും സൃഷ്ടിക്കാം. ഇതിന്റെയെല്ലാം അടിസ്ഥാനം ശാസ്ത്രമല്ല, അതിന്റെ സാങ്കേതിക വിദ്യയായ ‘യന്ത്രസംസ്കാരം’ ആണ്. യന്ത്രം ഒരു ഘടികാരമാണ്. അത് രാപ്പകൽ ചലിച്ചുകൊണ്ടിരിക്കുന്നു. അതിന് വർണങ്ങളില്ല, ഋതുക്കളില്ല, വികാരങ്ങളില്ല, സ്നേഹമില്ല, കാരുണ്യമില്ല. ഗാന്ധിജി വെല്ലുവിളിച്ചത് ഈ യന്ത്രത്തെയാണ്. ഈ യന്ത്രത്തിന്റെ പരിധിയിൽപ്പെടാത്ത കോടിക്കണക്കിനു മനുഷ്യരോട് ഗാന്ധിജി സംസാരിച്ചു. തദ്ദേശീയർ, ആദിവാസികൾ, ദളിതർ, കൂലിത്തൊഴിലാളികൾ, സ്ത്രീകൾ, നെയ്ത്തുകാർ, കൈവേലക്കാർ, മത്സ്യത്തൊഴിലാളികൾ, അസംഘടിതർ തുടങ്ങി യന്ത്രത്തിന് പുറത്തേക്ക് തള്ളപ്പെട്ടവർ.


ഇതുകൂടി വായിക്കു;  സഹകരണ ഫെഡറലിസത്തിനെതിരെ വീണ്ടും കേന്ദ്രസർക്കാർ


 

നവലിബറലിസത്തിന്റെ നോട്ടു നിരോധനത്തിലൂടെ, ചരക്ക് സേവന നികുതിയിലൂടെ, പൊതുമേഖല സ്വകാര്യ കുത്തകകൾ കൈക്കലാക്കുന്നതിലൂടെ, വനങ്ങൾ നശിപ്പിക്കുന്നതിലൂടെ, കാർഷിക മേഖലയുടെ തകർച്ചയിലൂടെ, പിഴുതെറിയപ്പെട്ട ജീവിതങ്ങൾ ഓർത്തു നോക്കുക. യന്ത്രഭ്രമം ലോകത്തെ കീഴടക്കി. മൂലധന ശക്തികൾ കീഴടക്കി എന്നർത്ഥം. ലക്ഷക്കണക്കിന് ആളുകളെ തെരുവിൽ പട്ടിണിക്കിട്ടു മരിക്കാൻ വിടുന്ന യന്ത്ര ഭ്രമം, ജനലക്ഷങ്ങളുടെ പുറത്ത് സവാരി ചെയ്യാൻ ഒരു ചെറിയ വിഭാഗം ജനങ്ങൾക്ക് സൗകര്യം നൽകുന്നു. അതിനുപിന്നിലെ പ്രേരണ ആർത്തിയാണ്, മനുഷ്യസ്നേഹമല്ല. കുത്തക മൂലധനശക്തികളുടെ അപാര വളർച്ചയും ലോകത്തെ ഭരിക്കാനുള്ള ശക്തിയും കാണുക. അതിലൂടെ കോടിക്കണക്കിനു മനുഷ്യർ സ്വാഭിമാനമില്ലാത്തവരായി മാറുന്നു.

ലോകത്തിലെ സഹസ്രകോടീശ്വരന്മാരെ ചൂണ്ടിക്കൊണ്ട് “ഒരു ശതമാനം നിങ്ങളും തൊണ്ണൂറ്റി ഒമ്പത് ശതമാനം ഞങ്ങളും” എന്ന മുദ്രാവാക്യം മുഴക്കിയ ബദൽ ജനാധിപത്യ സമരങ്ങൾക്ക് തുടക്കം കുറിച്ചിട്ട് ഒരു പതിറ്റാണ്ടാകുന്നു. ഈ ബദൽ അധികാരമുന്നേറ്റങ്ങളെയാകെ മറികടക്കാൻ പാകത്തിൽ ആഗോള മുതലാളിത്തം പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതും കണ്ടു. “ഡാറ്റ ക്യാപ്പിറ്റലിസം” എന്നും “സർവയലൻസ് ക്യാപ്പിറ്റലിസം” എന്നുമുള്ള പല പേരുകളിൽ അറിയപ്പെടുന്ന, മനുഷ്യരുടെ ചിന്തകളെയും ശരീരങ്ങളെയും പിടികൂടുന്ന ജൈവാധികാര സങ്കേതങ്ങൾ ഒരു വശത്തും മനുഷ്യരെ മതത്തിന്റെയും വംശത്തിന്റെയും സംസ്കാരത്തിന്റെയും പേരിൽ ഭിന്നിപ്പിച്ചകറ്റുകയും, പരസ്പരം പോരടിപ്പിക്കുകയും ചെയ്യുന്ന നവ ഫാസിസ്റ്റ് യാഥാസ്ഥിതിക രാഷ്ട്രീയം മറുവശത്തും അമ്പരപ്പിക്കുന്ന വേഗത്തിൽ കൈവരിച്ച വളർച്ച ഇതിനു തെളിവാണ്.

വിഭാഗീയതയും ശത്രുതയും കാലുഷ്യവും യുദ്ധവും അവ സൃഷ്ടിക്കുന്ന പ്രതിസന്ധികളുമാണ് ആഗോള മുലധനത്തിന്റെ ചാലകശക്തി. ഇതിനെയാണ് നവോമി ക്ലീൻ ”ദുരന്ത മുതലാളിത്തം” (ഡിസാസ്റ്റർ ക്യാപ്പിറ്റലിസം) എന്നു വിളിക്കുന്നത്. ഇന്ന് ആധിപത്യം പുലർത്തുന്ന ആഗോള മൂലധന വ്യവസ്ഥക്ക് ജനാധിപത്യമേ ആവശ്യമില്ല. അതുകൊണ്ടാണ് ആഗോള മൂലധനശക്തികൾക്ക് കീഴിൽ പല തട്ടുകളിലായി സാമന്ത പദവിയിൽ വിന്യസിക്കപ്പെട്ട ലോകരാഷ്ട്രങ്ങളിൽ, ലിബറൽ ജനാധിപത്യത്തിന്റെയോ, സോഷ്യലിസത്തിന്റെയോ മൂല്യങ്ങൾക്ക് പരിമിതാർത്ഥത്തിൽ പോലും വിലയില്ലാതായിരിക്കുന്നത്. ഇതിന്റെ തെളിവാണ് ലോക ജനാധിപത്യ വ്യവസ്ഥയ്ക്കു തന്നെ മാതൃകയായി വാഴ്ത്തപ്പെട്ട ഇന്ത്യ, ഒരു നവ ഫാസിസ്റ്റ് പ്രസ്ഥാനത്തിനു കീഴിൽ അമർന്നിരിക്കുന്നതും ലോകത്തെ സഹസ്രകോടീശ്വരന്മാരുടെ മുൻനിരയിൽ ഇന്ത്യയിൽ നിന്നുള്ളവരാകുന്നതും. സബ്സഹാറൻ രാജ്യങ്ങളെക്കാൾ താഴ്ന്ന ഇൻഡക്സാണ് പട്ടിണി നിർമ്മാർജനത്തിൽ നമുക്ക്. അത്താഴപ്പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങൾ ഏറ്റവും അധികം മരിക്കുന്ന രാജ്യമായി ഇന്ത്യ മാറുന്നു. പോഷകാഹാരക്കുറവ് കൊണ്ട് വളർച്ച മുരടിക്കുന്ന ഏറ്റവുമധികം കുഞ്ഞുങ്ങളുള്ള രാജ്യവുംസാമൂഹ്യ സാമ്പത്തിക അസമത്വം ക്രമാതീതമായി വർധിക്കുന്ന രാജ്യവുമായി മാറി ഇന്ത്യ. രാജ്യത്തെ പത്ത് അതിസമ്പന്നരുടെ ആസ്തി രാജ്യത്തിന്റെ മൊത്തം ആസ്തിയുടെ പകുതിയിൽ ഏറെയാണ്. ദേശീയ സമ്പത്തിന്റെ അറുപത് ശതമാനത്തിലധികം, ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈവശമുള്ള രാജ്യമായി ഇന്ത്യ മാറി. എവിടെ ഭീകരമായ സാമ്പത്തിക സാമൂഹ്യ അസമത്വമുണ്ടോ അവിടെ അത്രയും തന്നെ ഭീകരമായ അഴിമതി ഉണ്ടാകുമെന്നതില്‍ സംശയം വേണ്ട. സ്ഥാപനവൽകൃത അഴിമതി, ആഗോള അരാജകത്വ വാഴ്ചകൾ, ചുരുങ്ങിക്കൊണ്ടിരിക്കുന്ന പൊതുവിടങ്ങൾ, തസ്കര ഭരണം, കീഴോട്ട് കുതിക്കുന്ന വളർച്ച എന്നിവയാൽ നിർവചിക്കപ്പെടുന്ന ഒരു ലോകമായി മാറിയിരിക്കുന്നു നമ്മുടേത്.

മൂലധനശക്തികൾക്ക് ആധിപത്യം ഉറപ്പാക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന ഭരണകൂടത്തിന് ഭരണഘടന പാവനമല്ല. അപ്പോൾ അതിന്റെ ആധാരശിലകളായ ജനാധിപത്യം, ഫെഡറലിസം, മതേതരത്വം, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവയെല്ലാം ഇല്ലായ്മ ചെയ്യപ്പെടും. ഈ മൂല്യങ്ങളാണല്ലോ ഭരണകക്ഷിയുടെ സ്വകാര്യ അജണ്ടയുടെ പരമലക്ഷ്യമായ മതരാഷ്ട്രീയത്തിന്റെ അംഗീകൃത ശത്രുക്കൾ. “ഒരു രാഷ്ട്രം, ഒരു ജനത, ഒരു സംസ്കാരം, ഒരു നേതാവ്” എന്ന മുദ്രാവാക്യം ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും അസ്തമയം വിദൂരത്തല്ല എന്ന് ബോധ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തിന് മുക്കാൽ നൂറ്റാണ്ട് തികയുമ്പോൾ ഇന്ത്യയെ അപ്പാടെ തങ്ങളുടെ മഹാഗഹ്വരത്തിലാഴ്ത്താൻ മൂലധനശക്തികൾക്ക് കഴിഞ്ഞു. അവർക്ക് തടസമായി നിന്നിരുന്നത് ജനാധിപത്യവും മതേതരത്വവും ആയിരുന്നു. അവയെ നിർവീര്യമാക്കിയ ഭരണാധികാരികളോട് മൂലധനശക്തികൾക്ക് പരിപൂർണ ചാരിതാർത്ഥ്യവും. ഏകശാസനാധികാരിയായ ഒരു ഭരണാധിപനാണെങ്കില്‍ ആ അധികാരിയെ വശീകരിക്കുന്നതിലൂടെ ഏതു കാര്യവും നേടാൻ സാധിക്കും എന്ന് സഹസ്രകോടീശ്വരന്മാർക്ക് അറിയാം. അതുകൊണ്ടു തന്നെ അവർ ജനാധിപത്യം ഇഷ്ടപ്പെടില്ല. ലോകത്തിലെ വൻ മുതലാളിത്ത ശക്തികളുടെയും ഇന്ത്യൻ ഭരണാധികാരികളുടെയും രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങൾ സാമഞ്ജസ്യത്തോടെ ഏകീഭാവമാർന്ന നാളുകളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. നമ്മുടെ ദേശീയ പ്രതിബദ്ധതയും രാഷ്ട്രീയ പ്രബുദ്ധതയും ഈ വൻ വിപത്തിനെ എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചാണ് ഇന്ത്യയുടെ ഭാവി നിലകൊള്ളുന്നത്. നിതാന്ത ജാഗ്രതയോടെ, അർപ്പണബോധത്തോടെ ഈ ശക്തികൾക്കെതിരെ അഹോരാത്രം പോരാടിയേ തീരൂ. മനുഷ്യനെ അപമാനത്തിലാഴ്ത്തുന്ന, അവനിൽ നിന്ന് സന്തോഷവും സാഹോദര്യവും സ്നേഹവും തട്ടിയെടുക്കുന്ന മൂലധനശക്തികൾക്കെതിരെ, ലാഭം മാത്രം ജീവിത ലക്ഷ്യം ആക്കിയവർക്കെതിരെ അണയാത്ത ജ്വാലയായി വർത്തിക്കണം. ‘ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാൻ നിബോധത’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.