Site icon Janayugom Online

തമിഴ് ന്യൂനപക്ഷത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ഇന്ത്യ

Srilanka

തമിഴ് വംശജരുള്‍പ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്ക് 13ാം ഭരണഘടനാ ഭേദഗതി നടപ്പാക്കി പരിഹാരമുണ്ടാക്കണമെന്ന് യുഎന്നില്‍ ഇന്ത്യ ശ്രീലങ്കയോട് ആവശ്യപ്പെട്ടു. 1987ലെ ഇന്ത്യാ — ശ്രീലങ്കന്‍ കരാറിന്റെ ഭാഗമായുള്ളതാണ് 13ാം ഭേദഗതി. തമിഴ് വംശജര്‍ കൂടുതലായുള്ള പ്രവിശ്യകളില്‍ അധികാരവികേന്ദ്രീകരണം ലക്ഷ്യമിട്ടുള്ളതാണ് ഈ ഭേദഗതി. സിംഹള സര്‍ക്കാരിന്റെ വര്‍ഗീയ വിവേചനവും ശ്രീലങ്കന്‍ തമിഴ് വിഭാഗത്തിന് നേരെയുള്ള അതിക്രമണങ്ങളും കാരണം വടക്ക് കിഴക്കന്‍ ശ്രീലങ്കയില്‍ പുതിയ സംസ്ഥാനം വേണമെന്നാണ് ന്യൂനപക്ഷ വിഭാഗങ്ങളുടെ ആവശ്യം.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ രീതിയില്‍ ശ്രീലങ്കയിലെ തമിഴരുടെ വിമോചന പോരാട്ടങ്ങളെ പിന്തുണച്ചു. പോരാടുന്ന തമിഴര്‍ക്ക് വേണ്ടി തമിഴ്‌നാട്ടില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു. ഒടുവില്‍ രാജീവ്ഗാന്ധിയുടെ കാലത്താണ് ശ്രീലങ്കയുമായി ഇന്ത്യ കരാറില്‍ ഒപ്പുവച്ചത്. കരാര്‍ ഒപ്പിട്ടെങ്കിലും അത് നടപ്പിലാക്കുന്നതില്‍ ശ്രീലങ്ക താല്പര്യം കാണിച്ചില്ല. എന്നുമാത്രമല്ല, മഹീന്ദ രാജപക്സെ അധികാരത്തിലെത്തിയിതിന് ശേഷം തമിഴ് വംശജര്‍ക്കെതിരായ നിലപാടുകള്‍ ശക്തമാക്കുകയും ചെയ്തു.
എല്‍ടിടിഇക്കെതിരായ യുദ്ധത്തിൽ പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. അന്ന് ഭരണകൂടം നടത്തിയ അതിക്രമങ്ങള്‍ വംശീയഹത്യയായിരുന്നുവെന്ന് നിരവധി അന്താരാഷ്ട്ര മനുഷ്യാവാകാശ സംഘടനകള്‍ ആരോപിച്ചു. കുറ്റാരോപിതര്‍ക്കെതിരെ നടപടി വേണമെന്ന ഐക്യരാഷ്ട്ര സഭയടക്കം ആവശ്യപ്പെട്ടു. എന്നാല്‍ ശ്രീലങ്ക നടപടി എടുത്തില്ല. തമിഴരുടെ അവകാശങ്ങളെ സംബന്ധിച്ചും തമിഴ്‌മേഖലയില്‍ അധികാരം നല്‍കുന്നതും സംബന്ധിച്ച ചര്‍ച്ചകളും പൂര്‍ണമായും അവഗണിക്കപ്പെടുകയായിരുന്നു.
ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഇന്ദിര മണി പാണ്ഡെയാണ് യുഎന്നില്‍ ഇക്കാര്യം അവതരിപ്പിച്ചത്. പ്രവിശ്യങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താനും പാണ്ഡെ ആഹ്വാനം ചെയ്തു. 

Eng­lish Sum­ma­ry: India should solve the prob­lems of the Tamil minority

You may like this video also

Exit mobile version