വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പുതു ചാമ്പ്യന്‍ പിറക്കാനൊരുങ്ങുന്നു. കന്നിക്കിരീടം ലക്ഷ്യമിട്ട് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. മത്സരം ഇന്ന് വൈകിട്ട് മൂന്നിന് ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറും. രണ്ട് തവണ കൈവിട്ട കിരീടം ഇത്തവണ കൈക്കലാക്കാമെന്ന പ്രതീക്ഷയിലാണ് ഹര്‍മന്‍പ്രീതും സംഘവുമിറങ്ങുക. 2005 ഫൈനലില്‍ ഓസ്ട്രേലിയയോടും 2017ല്‍ ഇംഗ്ലണ്ടിനോടുമാണ് ഇന്ത്യ പരാജയപ്പെട്ടത്. സെമിഫൈനലില്‍ ഓസ്ട്രേലിയയെ നിലംപരിശാക്കിയാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തത്. ഓസ്ട്രേലിയയുര്‍ത്തിയ 339 റണ്‍സെന്ന ഹിമാലയന്‍ വിജയലക്ഷ്യം 48.3 ഓവറില്‍ ഇന്ത്യ മറികടന്നു. പുറത്താകാതെ നിന്ന ജെമീമ റോഡ്രിഗസിന്റെ ഉജ്വല സെഞ്ചുറിയാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ജെമീമ റോഡ്രിഗസ് തന്റെ മൂന്നാം ഏകദിന ലോകകപ്പ് സെഞ്ചുറിയാണ് നേടിയത്.
ഇത്തവണ കിരീടം നേടണമെന്ന ഉറച്ച തീരുമാനമാണ് ഇന്ത്യക്കുള്ളതെന്ന സൂചനയായിരുന്നു ജെമീമയുടെ വെടിക്കെട്ട് ഇന്നിങ്സ്. ഈ ലോകകപ്പിലെ ഓസീസിന്റെ ആദ്യ തോല്‍വിയായിരുന്നു അത്. ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയെ മൂന്ന് വിക്കറ്റിന് ഓസീസ് തോല്പിച്ചിരുന്നു. മൂന്ന് കളി തോറ്റ് നാലാംസ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലേക്ക് കടന്നത്. ദക്ഷിണാഫ്രിക്ക ഏഴിൽ അഞ്ച് കളിയും ജയിച്ചു. ഗ്രൂപ്പില്‍ പാകിസ്ഥാനെയും ശ്രീലങ്കയേയും വീഴ്ത്തിയ ഇന്ത്യക്ക് പിന്നീട് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളോടു തോല്‍വി നേരിട്ടു. ന്യൂസിലാന്‍ഡിനെതിരായ വിജയത്തോടെയാണ് ഇന്ത്യ തിരിച്ചെത്തിയത്.
ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. സ്മൃതി മന്ദാനയും ഷെഫാലി വര്‍മ്മയും ഇന്ത്യയുടെ ഓപ്പണര്‍മാരായി ഇറങ്ങും. ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ്മ, റിച്ചാ ഘോഷ് എന്നിവരാകും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. രേണുക ഠാക്കൂര്‍, ശ്രീചരണി, ക്രാന്തി ഗൗഡ്, രാധാ യാദവ് എന്നിവര്‍ ബൗളിങ് നിരയിലുണ്ടാകും. പരിചയസമ്പത്തിലും കൃത്യതയിലും മുന്നിലുള്ള ദീപ്തി 17 വിക്കറ്റുമായ് ടൂര്‍ണമെന്റില്‍ ഒന്നാമതാണ്
ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലാണിത്. ആദ്യ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 125 റണ്‍സിന് തോല്പിച്ചാണ് ദക്ഷിണാഫ്രിക്ക ഏകദിന ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചത്. ലോകകപ്പുകളില്‍ ഇതുവരെ പരസ്പരം കളിച്ച ആറ് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയും മൂന്ന് മത്സരങ്ങള്‍ വീതം ജയിച്ചു. ഈ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു ജയം. ഇന്ത്യക്ക് പകരംചോദിക്കാനുള്ള അവസരം കൂടിയാണിത്.

