ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിക്കാന്‍ ഇന്ത്യ പാകിസ്ഥാനിലേക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഹൈബ്രിഡ് മോഡല്‍ ഐസിസി നിര്‍ദേശിച്ചെങ്കിലും പാകിസ്ഥാന്‍ ഇതിന് തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഇതേത്തുടര്‍ന്ന് ടൂര്‍ണമെന്റ് പാകിസ്ഥാന്‍ ബഹിഷ്കരിച്ചേക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. അടുത്ത വർഷം ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പതുവരെയാണ് പാകിസ്ഥാനിലെ വിവിധ വേദികളിലായി ഐസിസി ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാൽ വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകാറില്ലാത്തതിനാൽ, ഇത്തവണ അതിന് മാറ്റം വരുമോയെന്ന ആകാംക്ഷയിലായിരുന്നു ക്രിക്കറ്റ് ലോകം. ഇന്ത്യ പാകിസ്ഥാനിലേക്കില്ലെന്ന് വ്യക്തമായതോടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ യുഎഇയിലോ ശ്രീലങ്കയിലോ വച്ച് നടത്താനാണ് ഐസിസിയുടെ ശ്രമം.
എന്നാല്‍ ഇതിനോട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് യോജിപ്പില്ല. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഹൈബ്രിഡ് മോഡല്‍ നിരസിച്ചാല്‍, ദക്ഷിണാഫ്രിക്കയിലേക്ക് ടൂർണമെന്റ് മാറ്റാനാണ് ഐസിസി തീരുമാനം. പാകിസ്ഥാനില്‍ കളിക്കാനില്ലെന്നും പകരം ചാമ്പ്യൻസ് ട്രോഫിയിലെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയായ ദുബായില്‍ കളിക്കാമെന്നും ബിസിസിഐ നേരത്തെ ഐസിസിയെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ബിസിസിഐ നിലപാട് അറിയിച്ചത്. ഏകദിന ഫോര്‍മാറ്റില്‍ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയില്‍ റാങ്കിങ്ങില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് പങ്കെടുക്കുക.
കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാകപ്പിന് പാകിസ്ഥാൻ ആതിഥ്യം വഹിച്ചിരുന്നെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലായിരുന്നു നടന്നത്. 1996ല്‍ സംയുക്തമായി ആതിഥേയത്വം വഹിച്ച ക്രിക്കറ്റ് ലോകകപ്പിനുശേഷം പാകിസ്ഥാൻ ഇതാദ്യമായാണ് ഒരു ഐസിസി ടൂർണമെന്റിന് വേദിയാകുന്നത്. 2008ന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാൻ സന്ദർശിച്ചിട്ടില്ല.