Site iconSite icon Janayugom Online

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. സ്വന്തം ജനങ്ങള്‍ക്കുനേരെ ബോബ് വര്‍ഷിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ അംബാസഡറായ പരാ‍വതനേനി ഹരീഷ് പറഞ്ഞു. സ്ത്രീകള്‍ സമാധാനവും സുരക്ഷയും എന്ന വിഷയത്തില്‍ നടന്ന പൊതുസംവാദത്തിനിടെയാണ് ഇന്ത്യന്‍ പ്രതിനിധി പാകിസ്ഥാനെതിരെ ഇങ്ങനെ അഭിപ്രായപ്പെട്ടത്. 

കശ്മീരി സ്ത്രീകള്‍ പതിറ്റാണ്ടുകളായി ലൈംഗികാതിക്രമങ്ങള്‍ സഹിക്കുന്നവരാണെന്ന് പാകിസ്ഥാനി പ്രതിനിധി ചര്‍ച്ചയ്ക്കിടെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ യുഎന്‍ അംബാസഡര്‍ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയത്. പാകിസ്ഥാന്‍ നടത്തുന്നത് വ്യവസ്ഥാപിതമായ വംശഹത്യയാണെന്നും തെറ്റിദ്ധാരണകളും അതിശയോക്തികളുംകൊണ്ട് ലോകത്തിന്റെ ശ്രദ്ധതിരിക്കാനാണ് അവരുടെ ശ്രമമെന്നും ഇന്ത്യയുടെ യുഎന്‍ അംബാസഡര്‍ പറഞ്ഞു. ഇന്ത്യയ്‌ക്കെതിരേയും പ്രത്യേകിച്ച് ജമ്മുകശ്മീരിനെതിരേയും പാകിസ്ഥാന്‍ നടത്തുന്ന അധിക്ഷേപങ്ങളെയും ഇന്ത്യന്‍ പ്രതിനിധി രൂക്ഷമായി വിമര്‍ശിച്ചു.

നിര്‍ഭാഗ്യവശാല്‍ എല്ലാവര്‍ഷവും എന്റെ രാജ്യത്തിനെതിരേ, പ്രത്യേകിച്ച് അവര്‍ കണ്ണുവെയ്ക്കുന്ന ജമ്മുകശ്മീരിനെതിരേ പാകിസ്താന്റെ വഞ്ചനാപരമായ അധിക്ഷേപങ്ങള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ വിധിക്കപ്പെട്ടിരിക്കുകയാണ്. സ്ത്രീകള്‍, അവരുടെ സുരക്ഷ, സമാധാനം എന്നിവയില്‍ ഞങ്ങളുടെ പ്രവര്‍ത്തനം കളങ്കമില്ലാത്തതും കോട്ടംതട്ടാത്തതുമാണ്.

സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുകയും ആസൂത്രിതമായ വംശഹത്യ നടത്തുകയുംചെയ്യുന്ന ഒരു രാജ്യത്തിന് തെറ്റിദ്ധാരണകള്‍ പരത്തി ലോകത്തിന്റെ ശ്രദ്ധതിരിക്കാനുള്ള ശ്രമം നടത്താനേ കഴിയുകയുള്ളൂ. 1971‑ല്‍ ഓപ്പറേഷന്‍ സെര്‍ച്ച്‌ലൈറ്റിലൂടെ സ്വന്തം സൈന്യത്തിന് നാലുലക്ഷത്തോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാനുള്ള അനുമതി നല്‍കിയ രാജ്യമാണ് പാകിസ്താന്‍. ലോകം പാകിസ്താന്റെ പ്രോപഗാന്‍ഡ കാണുന്നുണ്ട് ഇന്ത്യയുടെ യുഎന്‍ അംബാസഡര്‍ പര്‍വതനേനി ഹരീഷ് പറഞ്ഞു.

Exit mobile version