Site iconSite icon Janayugom Online

അരി ഉല്പാദനത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത്

ലോകത്ത് അരി ഉല്പാദനത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ. 150.18 മില്യണ്‍ ടണ്‍ അരിയാണ് ഇന്ത്യ ഉല്പാദിപ്പിച്ചത്. ചൈനയുടെ 145.28 മില്യണ്‍ ടണ്‍ അരിയെന്ന നേട്ടം മറികടന്നാണിതെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിൽ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) വികസിപ്പിച്ചെടുത്ത 25 വിളകളുടെ 184 പുതിയ ഇനങ്ങള്‍ മന്ത്രി പുറത്തിറക്കി. ഉയര്‍ന്ന വിളവ് നല്‍കുന്ന വിത്തുകള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യ വലിയ വിജയം കൈവരിച്ചതായും ഭക്ഷ്യക്ഷാമമുള്ള ഒരു രാജ്യത്തില്‍ നിന്ന് ആഗോള ഭക്ഷ്യ ദാതാവായി മാറിയതായും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചൗഹാന്‍ പറഞ്ഞു.

എന്നാല്‍ അരി ഉല്പാദനവുമായി മുന്നോട്ടുപോകുമ്പോള്‍ പഞ്ചാബില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനൊപ്പം പാരിസ്ഥിതിക നഷ്ടങ്ങളെക്കുറിച്ചും ജാഗരൂപരായിരിക്കണമെന്ന് പഞ്ചാബ് കാര്‍ഷിക സര്‍വകലാശാല (പിഎയു) വൈസ് ചാന്‍സലര്‍ ഡോ. സത്ബീര്‍ സിങ് ഗോസല്‍ പറഞ്ഞു. പഞ്ചാബില്‍ കൈവരിച്ച നേട്ടങ്ങള്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലും നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഒഡിഷ, കിഴക്കന്‍ യുപി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളെ കേന്ദ്രീകരിച്ച് കിഴക്കേന്ത്യയിലെ ഹരിതവിപ്ലവമെന്ന പേരിലാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി വലിയ രീതിയിലുള്ള ആനുകൂല്യങ്ങളും സബ്സിഡികളും നല്‍കുന്നുണ്ട്. എല്ലാത്തരത്തിലുമുള്ള കാര്‍ഷിക പദ്ധതികളുടെ പരീക്ഷണ ശാലയാണ് പഞ്ചാബെന്നും അദ്ദേഹം പറഞ്ഞു. ജലവിതാനങ്ങളുടെ അപര്യാപ്തത പഞ്ചാബിലേത് സമാനമായി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കും. വൈക്കോല്‍ കത്തിക്കല്‍ കേസുകളും കൂടുതല്‍ ഇടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും അദ്ദേഹം പറ‌ഞ്ഞു.

Exit mobile version