Site iconSite icon Janayugom Online

പെഗാസസ് ഇപ്പോഴും സജീവം; റിപ്പോര്‍ട്ട് പുറത്തുവിട്ട് ആംനെസ്റ്റി ഇന്റര്‍നാഷണല്‍

ഇസ്രയേല്‍ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് ഇപ്പോഴും രാജ്യത്തെ മാധ്യമ പ്രവര്‍ത്തകരുടെയും പ്രതിപക്ഷ നേതാക്കളുടെയും വിവരങ്ങള്‍ ചോര്‍ത്തുന്നു. ആംനസ്റ്റി ഇന്റര്‍നാഷണലും വാഷിങ്ടണ്‍ പോസ്റ്റും പ്രസിദ്ധീകരിച്ച സംയുക്ത അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ഭരണകൂട ചാരപ്രവര്‍ത്തനം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയ ആപ്പിള്‍ കമ്പനിയോട് മുന്നറിയിപ്പ് തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരുടെയും പ്രതിപക്ഷ നേതാക്കളുടെയും ഫോണില്‍ ഇപ്പോഴും പെഗാസസ് സജീവമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, ദി ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ട് പ്രോജക്ട് (ഒസിസിആര്‍പി) ദക്ഷിണേഷ്യാ എഡിറ്റര്‍ ആനന്ദ് മന്‍ഗാലെ എന്നിവരുടെ ഐ ഫോണില്‍ പെഗാസസ് ചാര സോഫ്റ്റ്‌വേര്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി.

2023 ഒക്ടോബറിലാണ് പെഗാസസ് സാന്നിധ്യം ഏറ്റവും ഒടുവിലായി കണ്ടെത്തിയ സംഭവം. ഇതിനെത്തുടര്‍ന്നാണ് പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് ആപ്പിളിന്റെ മുന്നറിയിപ്പ് സന്ദേശം എത്തിയത്.
സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍മാര്‍ ഫോണിലെ വിവരം ചോര്‍ത്താന്‍ ശ്രമിക്കുന്നതായിട്ടായിരുന്നു ആപ്പിളിന്റെ മുന്നറിയിപ്പ്. വിവാദമായതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മുന്നറിയിപ്പ് സന്ദേശം 100 ശതമാനം സത്യമാകണമെന്നില്ലെന്ന് ആപ്പിള്‍ വിശദീകരിച്ചു. ഇത്തരത്തിലൊരു വിശദീകരണം നല്‍കാന്‍ ആപ്പിളിനുമേല്‍ മോഡി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആദ്യ മുന്നറിയിപ്പ് സന്ദേശത്തിന് പിന്നാലെ ആപ്പിള്‍ കമ്പനി പ്രതിനിധിയെ കേന്ദ്ര ഐടി മന്ത്രാലയം വിളിച്ചുവരുത്തി. എത്രയും വേഗം മുന്നറിയിപ്പ് സന്ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം സാധ്യമല്ലെന്ന് കമ്പനി അറിയിച്ചതോടെ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ആപ്പിള്‍ മുന്നറിയിപ്പ് ലഘൂകരിച്ച് രംഗത്തുവന്നത്.

ആനന്ദ് മന്‍ഗാലെയുടെ ഫോണില്‍ പെഗാസസ് ഇന്‍സ്റ്റാള്‍ ചെയ്തത് അഡാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നിതിടെയാണെന്നും വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. അഡാനി കമ്പനിയുടെ ഇടപാട് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി അതിന്മേല്‍ അഡാനി കമ്പനിയുടെ പ്രതികരണം തേടി ഇ മെയില്‍ സന്ദേശം അയച്ചശേഷമാണ് ഫോണില്‍ പെഗാസസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടതെന്നും കണ്ടെത്തി. ഐ വെരിഫൈ എന്ന സൈബര്‍ സുരക്ഷാ എജന്‍സിയുടെ കൂടി സഹകരണത്തോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

Eng­lish Sum­ma­ry: India sur­veilling high-pro­file jour­nal­ists with Pega­sus Spy­ware, reveals Amnesty probe
You may also like this video

Exit mobile version