Site iconSite icon Janayugom Online

വിൻഡീസിനെതിരെ പരമ്പര ഇന്ത്യ തൂത്തുവാരി; ജയം ഏഴു വിക്കറ്റിന്

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. രണ്ടാമത്തെ ടെസ്റ്റ് മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 121 റണ്‍സ് വിജയലക്ഷ്യം പിന്തു‍ടര്‍ന്ന ഇന്ത്യ അവസാന ദിനമായ ഇന്നലെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലാണ് ഇന്നലെ ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ഒമ്പത് വിക്കറ്റ് കയ്യിലിരിക്കെ 58 റണ്‍സ് കൂടി മതിയായിരുന്നു ജയത്തിലേക്ക്. സ്കോര്‍ 88ല്‍ നില്‍ക്കെ സായ് സുദര്‍ശനെ റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ ഷായ് ഹോപ്പ് സ്ലിപ്പില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി. പിന്നീട് ക്രീസിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ കൂട്ടുപിടിച്ച് രാഹുൽ ഇന്ത്യൻ സ്കോർ 100 കടത്തി. ഒരു സിക്സും ഒരു ഫോറും നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മികച്ച തുടക്കം നേടിയെങ്കിലും ഇന്നിങ്സ് അധികം നീണ്ടില്ല. 13 റൺസെടുത്ത ഗില്ലിനെ റോസ്റ്റൻ ചെയ്സിന്റെ പന്തിൽ ജസ്റ്റിൻ ഗ്രീവ്സ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പിന്നാലെ അർധസെഞ്ചുറി തികച്ച രാഹുൽ ജുറേലുമൊത്ത് ടീമിനെ വിജയത്തിലെത്തിച്ചു. രാഹുൽ പുറത്താകാതെ 58 റൺസെടുത്തു. ആറ് റണ്‍സുമായി ജൂറലും ക്രീസിലുണ്ടായിരുന്നു. നാലാം ദിനത്തില്‍ യശസ്വി ജയ്സ്വാളിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. എട്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

ഫോളോ ഓണിലേക്ക് നീണ്ട വിന്‍ഡീസ് രണ്ടാം ഇന്നിങ്സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 390 റണ്‍സ് നേടിയ വിന്‍ഡീസ് 121 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍ വച്ചു. സെ‍ഞ്ചുറി നേടിയ ജോൺ കാംബെൽ (115), ഷായ് ഹോപ് (103) എന്നിവരുടെ ഇന്നിങ്സുകളാണ് വിൻഡീസിനെ ഈ സ്കോറിലെത്തിച്ചത്. ഷായ് ഹോപ്പും കാംപെലും ചേര്‍ന്ന് 177 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. രണ്ടിന് 35 റണ്‍സെന്ന നിലയില്‍ ഒത്തുച്ചേര്‍ന്ന ഇരുവരും 212 റണ്‍സില്‍ നില്‍ക്കെയാണ് പിരിഞ്ഞത്. കാംപെലിനെ രവീന്ദ്ര ജഡേജ എല്‍ബിഡബ്ല്യുവില്‍ കുരുക്കി. 115 റണ്‍സെടുത്താണ് താരം മടങ്ങിയത്. നാലാം വിക്കറ്റിൽ ഹോപ്പ്– ചേസ് സഖ്യം 59 റൺസും കൂട്ടിച്ചേർത്തു. പരമ്പരയിൽ ഇതാദ്യമായാണ് ഒരു വിൻഡീസ് ജോടി 100 റൺസിനു മുകളിൽ കൂട്ടുകെട്ട് ഉണ്ടാക്കുന്നത്. സെഞ്ചുറി തികച്ച ഹോപ്പ് ടീമിന് പ്രതീക്ഷ നല്‍കിയെങ്കിലും താരത്തെ പുറത്താക്കി സിറാജ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു. 103 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നീട് വിന്‍ഡീസിന്റെ വിക്കറ്റുകള്‍ കൊഴിയാന്‍ തുടങ്ങിയതോടെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെന്ന നിലയിലായി. എന്നാല്‍ 10-ാം വിക്കറ്റില്‍ ജസ്റ്റിൻ ഗ്രീവ്സും ജെയ്ഡൻ സീൽസും 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതോടെ വിന്‍ഡീസ് സ്കോര്‍ 390ലെത്തി. ഇന്ത്യക്കായി കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ജയ്സ്വാളിന്റെയും (175), ശുഭ്മാന്‍ ഗില്ലിന്റെയും (129) സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. കെ എല്‍ രാഹുല്‍-ജയ്സ്വാള്‍ സഖ്യം ഓപ്പണിങ് കൂട്ടുകെട്ടില്‍ 58 റണ്‍സാണ് കൂട്ടിച്ചേര്‍ത്തു. 54 പന്തില്‍ 38 റണ്‍സെടുത്ത രാഹുലിനെ ജോമല്‍ വരിക്കാന്‍ പുറത്താക്കി. സായ് സുദര്‍ശന്‍ ജയ്സ്വാളിനൊപ്പം രണ്ടാം വിക്കറ്റില്‍ 193 റണ്‍സ് അടിച്ചെടുത്തു. ഒടുവില്‍ കന്നി സെഞ്ചുറിയിലേക്കു മുന്നേറിയ സായിയെ 87 റണ്‍സില്‍ നില്‍ക്കെ വാരിക്കന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. ഇരുവരും മൂന്നാം സെഷനില്‍ 251ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്. പിന്നീട് ഒത്തുച്ചേര്‍ന്ന ഗില്ലും ജയ്സ്വാളും 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടെസ്റ്റ് കരിയറില്‍ ഗില്‍ 10-ാം സെഞ്ചുറി കുറിച്ചു. സായ് സുദര്‍ശന്‍ (87), നിതീഷ് കുമാര്‍ റെഡ്ഡി (43), ധ്രുവ് ജൂറേല്‍ (44), കെ എല്‍ രാഹുല്‍ (38) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് 248ന് പുറത്തായതോടെ ഫോളോ ഓണ്‍ വഴങ്ങുകയായിരുന്നു. കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും സ്വന്തമാക്കി.

Exit mobile version