Site iconSite icon Janayugom Online

റഷ്യയിൽ നിന്ന് S‑400 ഉൾപ്പെടെ കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ

റഷ്യയിൽ നിന്ന് കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ. ചർച്ചകൾ ആരംഭിച്ചതായി റഷ്യൻ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. അമേരിക്കയുടെ തീരുവ പ്രഹരത്തിനിടെയാണ് ഇന്ത്യയുടെ നിർണായക നീക്കം. ഇതിനിടെ ഇന്ത്യക്ക് കുറഞ്ഞവിലയിൽ എണ്ണ നൽകാൻ റഷ്യ തീരുമാനിച്ചതായി ബിസിനസ് മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ യുദ്ധോപകരണങ്ങൾ വാങ്ങുന്നതിൽ ഇന്ത്യയുമായി ചർച്ചകൾ പുരോഗമിക്കുന്നതായി റഷ്യ. എസ്-400 മിസൈലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുടെ ഇടപാടുകളിൽ ധാരണയാകുമെന്നാണ് സൂചന. ഇരു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതിൻറെ ഭാഗമായാണ് ഇന്ത്യ കൂടുതൽ യുദ്ധോപകരണങ്ങൾ വാങ്ങുന്നത്, ഇന്ത്യ പാക് അതിർത്തിയിൽ വിന്യസിച്ച എസ് 400 മിസൈലുകൾ റഷ്യയിൽ നിന്ന് വാങ്ങിയതാണ്. കൂടുതൽ യൂണിറ്റുകൾ വാങ്ങുന്നതിലാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. 2018ൽ റഷ്യയുമായി ഇന്ത്യ ഒപ്പുവച്ച 5.5ബില്യൺ ഡോളറിൻറെ കരാർ പ്രകാരം രണ്ട് എസ് 400യൂണിറ്റുകൾ കൂടി റഷ്യ ഇന്ത്യക്ക് കൈമാറേണ്ടതുണ്ട്. ഈ യൂണിറ്റുകൾ 2026–27 വർഷങ്ങളിൽ ഇന്ത്യക്ക് കൈമാറാൻ കഴിയുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് ആയുധങ്ങളും ക്രൂഡ് ഓയിലും വാങ്ങുന്നത് യുദ്ധ കുറ്റകൃത്യമാണെന്ന് കാണിച്ചാണ് ഇന്ത്യക്കുമേൽ അമേരിക്ക അധികതീരുവ ചുമത്തിയത്.

എന്നാൽ ഷാങ്ഹായ് ഉച്ചകോടിക്കു പിന്നാലെ ഇന്ത്യക്ക് കുറഞ്ഞ വിലയിൽ ക്രൂഡ് ഓയിൽ നൽകാൻ റഷ്യ തീരുമാനിച്ചതായി ബിസിനസ് മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ബാരലിന് മൂന്ന് മുതൽ നാല് ഡോളർ വരെ വിലകുറയുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ പ്രതിദിനം 3 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങും എന്നാണ് റിപ്പോർട്ടുകൾ.

Exit mobile version