Site iconSite icon Janayugom Online

തിരിച്ചടിക്കാന്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനം ഇന്ന്

ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട സമ്പൂര്‍ണ തോല്‍വിയില്‍ നിന്നും കരകയറാന്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഉച്ചയ്ക്ക് 1.30ന് നടക്കും. ശുഭ്മാന്‍ ഗില്ലിന്റെയും ശ്രേയസ് അയ്യരുടെയും അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുക. ഗില്ലിന്റെ അഭാവത്തില്‍ രോഹിത്തിനൊപ്പം ഓപ്പണറായി ആരിറങ്ങുമെന്നാണ് കാത്തിരുന്ന് കാണണ്ടത്. യശസ്വി ജയ്സ്വാളിനും റുതുരാജ് ഗെയ്‌ക്‌വാദിനുമാണ് അവസരമുള്ളത്. ഇവരില്‍ ഒരാളായിരിക്കും രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുക. ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കഴിഞ്ഞ രണ്ട് പരമ്പരകളിലെ വിജയത്തിലാണ് ഇന്ത്യയുടെ ആത്മവിശ്വാസം. കഴിഞ്ഞ പരമ്പരകളിലും ജയ്സ്വാള്‍ ബാക്ക് അപ്പ് ഓപ്പണറാണ്. ദേശീയ ടീമില്‍ വിവിധ ഫോര്‍മാറ്റുകളിലായി 52 മത്സരങ്ങള്‍ കളിച്ച ജയ്സ്വാളിന് ഒരു ഏകദിനത്തില്‍ മാത്രമാണ് ഓപ്പണറായി ഇറങ്ങാന്‍ സാധിച്ചത്. 

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് റുതുരാജിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചത്. വിരാട് കോലിയും രോഹിത് ശര്‍മ്മയുമുള്ളതാണ് ഏകദിനത്തില്‍ ഇന്ത്യയുടെ കരുത്ത്. ഇരുവരുമില്ലാതെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം നാട്ടിലിറങ്ങിയ ഇന്ത്യ ടെസ്റ്റ് പരമ്പര കൈവിട്ടിരുന്നു. ഏകദിനത്തില്‍ 84 സെഞ്ചുറികളോടെ ഇരുവരും അടിച്ചുകൂട്ടിയത് 47,575 റണ്‍സ്. മൂന്നാം നമ്പറില്‍ വിരാട് കോലിയാണിറങ്ങുക. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചതോടെ അർഷ്‍ദീപ് സിങ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസ് ബോളിങ്ങിലെ പ്രതീക്ഷകൾ. വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ അഭാവത്തിൽ മധ്യനിര ബാറ്ററായി തിലക് വർമ്മയും ടീമിലുണ്ട്. 

അതേസമയം നാലാം നമ്പറില്‍ റിഷഭ് പന്തോ തിലകോ ആയിരിക്കും ഇറങ്ങുക. തിലക് വര്‍മ്മ നാലാം നമ്പറിലിറങ്ങിയാല്‍ ഫിനിഷറുടെ റോളിലാകും പന്തെത്തുക. ക്ഷമയോടെ ക്രീസില്‍ നിന്ന് വലിയ ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ തിലകിന് സാധിക്കും. അതിനാല്‍ നാലാം നമ്പറില്‍ തിലക് തന്നെയാകുമിറങ്ങുക. അഞ്ചാം നമ്പറില്‍ രാഹുലുണ്ട്. ഹാര്‍ദിക് പണ്ഡ്യയുടെയും അക്‌സര്‍ പട്ടേലിന്റെയും അഭാവത്തില്‍ രവീന്ദ്ര ജഡേജയ്ക്കും വാഷിങ്ടണ്‍ സുന്ദറിനുമാണ് ഓള്‍റൗണ്ടര്‍മാരുടെ ചുമതല. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വിരമിക്കല്‍ പിന്‍വലിച്ചെത്തിയ ക്വിന്റണ്‍ ഡി കോക്കിന്റെ അനുഭവ സമ്പത്ത് അവര്‍ക്ക് കരുത്ത് പകരും. എയ്ഡന്‍ മാര്‍ക്രം, ടോണി സോഴ്സി, റയാന്‍ റിക്കിള്‍ട്ടണ്‍ എന്നിവരാണ് ബാറ്റിങ് നിരയില്‍ പ്രോട്ടീസ്‌പടയുടെ മറ്റു കുന്തമുനകള്‍. കാഗിസോ റബാഡയില്ലാത്തതിനാല്‍ ലുംഗി എന്‍ഗിഡിയാണ് പേസ് നിരയെ നയിക്കുക. 

Exit mobile version