Site iconSite icon Janayugom Online

ടി20 പരമ്പര പിടിക്കാന്‍ ഇന്ത്യ; ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരം നാളെ

ഏകദിന പരമ്പര നഷ്ടത്തിന് ശേഷം ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യ നാളെയിറങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45ന് നടക്കും. ഏകദിന പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ ഓസീസിനോട് 1–2ന് പരമ്പര കൈവിട്ടിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ അവസാന മത്സരത്തില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മ സെഞ്ചുറിയുമായും വിരാട് കോലി അര്‍ധസെഞ്ചുറിയുമായും പുറത്താകാതെ നിന്ന് വിജയത്തിലെത്തിച്ചിരുന്നു. എന്നാല്‍ നേരത്തെ ടി20യില്‍ നിന്നും വിരമിച്ചതിനാല്‍ യുവതാരങ്ങളുമായാണ് ഇന്ത്യ ഓസീസ് മണ്ണില്‍ ടി20 മത്സരത്തിനായിറങ്ങുക. 

സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യ അടുത്തിടെ അവസാനിച്ച ഏഷ്യാ കപ്പ് കിരീടം ചൂടിയിരുന്നു. അന്ന് ടീമില്‍ പ്രധാന വിക്കറ്റ് കീപ്പറായ കളിച്ച മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും ഇറങ്ങുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണര്‍മാരായി അഭിഷേക് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലുമെത്തുമ്പോള്‍ മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങും. നാലാം നമ്പറില്‍ തിലക് വര്‍മ്മ കളിക്കും. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സഞ്ജു സാംസണ് ഫിനിഷറുടെ ഉത്തരവാദിത്തമാകും നല്‍കുക. ഏഷ്യാ കപ്പില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ഓള്‍റൗണ്ടര്‍മാരായി ശിവം ദുബെയും അക്സര്‍ പട്ടേലും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടും. ശിവം ദുബെക്കൊപ്പം നിതീഷ് കുമാര്‍ റെഡ്ഡിയെയും പേസ് ഔള്‍ റൗണ്ടറായി പ്ലേയിങ് ഇലവനിലേക്ക് പരിഗണിച്ചേക്കും. 

ഏകദിന പരമ്പരയില്‍ ഉള്‍പ്പെടാതിരുന്ന ജസ്പ്രീത് ബുംറ ഇന്നിറങ്ങിയേക്കും. ഹര്‍ഷിത് റാണ, അര്‍ഷദീപ് സിങ് എന്നിവരാണ് മറ്റു പേസര്‍മാര്‍. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയുമാണ് സ്ക്വാഡിലുള്ളത്. ഇതില്‍ ഒരാള്‍ക്കായിരിക്കും പ്ലേയിങ് ഇലവനില്‍ സ്ഥാനം. ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Exit mobile version