രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി യുകെയിലേക്ക്. ഇന്ത്യ‑യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഔപചാരികമായി ഒപ്പുവയ്ക്കുകയാണ് പ്രധാന ലക്ഷ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് വാണിജ്യമന്ത്രി ജോനാഥൻ റെയ്നോൾഡും രണ്ട് പ്രധാനമന്ത്രിമാരുടെയും സാന്നിധ്യത്തിൽ എഫ്‌ടിഎ ഒപ്പുവയ്ക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രിയായ ശേഷം യുകെയിലേക്കുള്ള മോഡിയുടെ നാലാമത്തെ സന്ദർശനമാണിത്. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായും വ്യവസായ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ചാള്‍സ് രാജാവുമായും മോഡി കൂടിക്കാഴ്ച നടത്തും.
കരാർ നിലവിൽ വരുന്നതോടെ ബ്രിട്ടന്റെ 90% ഉല്പന്നങ്ങൾക്കും തീരുവ കുറയും. 2030 ആകുമ്പോഴേക്ക് ഇരുവരും തമ്മിലുള്ള വ്യാപാരം 120 ബില്യണ്‍ ഡോളറായി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. ഇന്ത്യയിൽ നിന്ന് തുണിത്തരങ്ങൾ, പാദരക്ഷകൾ, രത്നങ്ങൾ, ആഭരണങ്ങൾ, വാഹന ഘടകങ്ങൾ എന്നിവയുടെ നിലവിലെ 4 മുതൽ 16% വരെയുള്ള തീരുവ പൂർണമായും ഒഴിവാകാന്‍ സാധ്യതയുണ്ട്. യുകെ ഉല്പന്നങ്ങളുടെ ഇറക്കുമതി തീരുവ ലഘൂകരിക്കുന്നതിന് പകരമായി, ഇന്ത്യൻ നിർമ്മാതാക്കളുടെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് ബ്രിട്ടീഷ് വിപണിയിൽ പ്രവേശനം ലഭിക്കും. ബ്രിട്ടനില്‍ നിന്നുള്ള വിസ്‌കി, കാറുകള്‍ എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കാനും വ്യാപാര കരാറില്‍ നിര്‍ദേശമുണ്ട്.
കരാറിന് ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണ്, ഒരു വർഷത്തിനുള്ളിൽ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷ. കരാർ പ്രകാരം ബ്രിട്ടനിലേക്കുള്ള 99% ഇന്ത്യൻ കയറ്റുമതി ഉല്പന്നങ്ങൾക്കും തീരുവ ഒഴിവാകുമെന്നും ഇത് വലിയ നേട്ടമുണ്ടാക്കുമെന്നും ഇന്ത്യൻ വാണിജ്യ മന്ത്രാലയം അറിയിച്ചു.
ബിസിനസ് ആവശ്യങ്ങൾക്കായി സന്ദർശിക്കുന്നവർക്കും കരാർ അടിസ്ഥാനത്തിൽ സേവനം നൽകുന്നവർക്കും യോഗ പരിശീലകർ, ഷെഫുമാർ, സംഗീതജ്ഞർ എന്നിവർക്കും യുകെയിൽ താൽക്കാലികമായി താമസിക്കുന്നതിനുള്ള അനുമതി ലഭിക്കും. യുകെയിൽ താൽക്കാലികമായി ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളെയും അവരുടെ തൊഴിലുടമകളെയും മൂന്ന് വർഷത്തേക്ക് യുകെയിലെ സാമൂഹിക സുരക്ഷാ വിഹിതം അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. യുകെ സന്ദര്‍ശനത്തിന് ശേഷം മാലിദ്വീപിലേക്കായിരിക്കും മോഡിയുടെ അടുത്ത യാത്ര. 2023 നവംബറിൽ മുഹമ്മദ് മുയിസു പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള മോഡിയുടെ ആദ്യ സന്ദര്‍ശനമാണിത്. ഇരു രാജ്യത്തലവന്മാരും കൂടിക്കാഴ്ച നടത്തും. ഇന്ത്യയുടെ സഹായത്തോടെയുള്ള നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. 26ന് നടക്കുന്ന മാലിദ്വീപ് സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ മോഡി വിശിഷ്‌ടാതിഥിയായി പങ്കെടുക്കും.

