ഇന്ത്യ‑യുഎസ് സ്വതന്ത്ര വ്യാപാര കരാർ (എഫ്‍ടിഎ) ഇന്ത്യൻ കാർഷിക മേഖലയെ ഗുരുതരമായ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക തകർച്ചയിലേക്ക് നയിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട കർഷകർ, സഹകരണ സ്ഥാപനങ്ങൾ, ഗ്രാമീണ സമൂഹങ്ങൾ എന്നിവയെ ഈ കരാർ പ്രതികൂലമായി ബാധിക്കും. അമേരിക്കയ്ക്ക് അനുകൂലമായി നയങ്ങൾ കേന്ദ്രസർക്കാർ സ്വീകരിച്ചാൽ ഇന്ത്യയിലെ കാർഷിക മേഖലയുടെ സർവനാശം ആയിരിക്കും ഇതിലൂടെ ഉണ്ടാവുക. അതിനാൽ തന്നെ ഈ കരാർ ഒപ്പിടാൻ പാടില്ലെന്നും അദ്ദേഹം കേന്ദ്ര വാണിജ്യമന്ത്രിക്കും കേന്ദ്ര കൃഷിമന്ത്രിക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടന പ്രകാരം കൃഷി ഒരു സംസ്ഥാന വിഷയമാണ്. അതിനാൽ കാർഷിക മേഖലയെ ബാധിക്കുന്ന ഏതൊരു വ്യാപാര കരാറിനും സംസ്ഥാന സർക്കാരുകളുമായി സമഗ്രമായ കൂടിയാലോചനകൾ നടത്തേണ്ടത് അനിവാര്യമാണ്. എന്നാൽ ഇത്തരം ഒരു കൂടിയാലോചന നടത്താതെ ജൂലൈ ഒമ്പതിനകം കരാർ അന്തിമമാക്കിയില്ലെങ്കിൽ അമേരിക്ക 26 ശതമാനം പകരം തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണിക്ക് വഴങ്ങി ചില മേഖലകൾക്ക് ഇളവ് നേടാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമായി കാർഷിക മേഖലയിൽ വൻ ഇളവുകൾ ആവശ്യപ്പെടുന്ന അമേരിക്കന്‍ നിലപാടിന് കേന്ദ്രസർക്കാർ വഴങ്ങരുതെന്നും പി പ്രസാദ് ആവശ്യപ്പെട്ടു.
കേരളത്തിന്റെ വിളകളായ നാളികേരം, റബ്ബർ, കുരുമുളക്, ഏലം, ചായ, കാപ്പി എന്നീ മേഖലകളിലും പാൽ, കോഴിവളർത്തൽ തുടങ്ങിയ മേഖലകളിലും കരാർ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അതീവ ഗൗരവമുള്ളതാണ്. 80 ശതമാനം വരെ സബ്‌സിഡിയോടെ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ സോയാബീൻ എണ്ണ കേരളത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായ നാളികേരത്തിന്റെ വിപണിയെ തകർക്കും. ഇതിനകം തന്നെ കുറഞ്ഞ ഉല്പാദനക്ഷമതയും ഉയർന്ന ഉല്പാദനച്ചെലവും നേരിടുന്ന ലക്ഷക്കണക്കിന് നാളികേര കർഷകർക്ക് ഇത് വിനാശകരമാകും.
വിലകുറഞ്ഞ സിന്തറ്റിക് റബ്ബറിന്റെ (ഒരു കിലോഗ്രാമിന് 90 രൂപ) ഇറക്കുമതി കേരളത്തിന്റെ പ്രകൃതിദത്ത റബ്ബർ കർഷകർക്ക് ഗുരുതരമായ തിരിച്ചടിയാകും. ഇറക്കുമതി വർധിക്കുന്നത് റബ്ബറിന്റെ ആവശ്യകതയും വിലയും കുറയ്ക്കുകയും. കാർഷിക പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യും. കുരുമുളക്, ഏലം, ചായ, കാപ്പി തുടങ്ങിയ വിളകൾക്ക് തീരുവ കുറയ്ക്കുന്നത് കേരളത്തിന്റെ കർഷകർക്ക് അന്യായമായ മത്സരം സൃഷ്ടിക്കും. 2009‑ലെ ഇന്തോ-ആസിയാൻ എഫ്‍ടിഎ, ഭക്ഷ്യ എണ്ണകൾ, കുരുമുളക്, ചായ, കാപ്പി എന്നിവയുടെ തീരുവ കുറച്ചപ്പോൾ വിലത്തകർച്ചയും കർഷകരുടെ വരുമാന നഷ്ടവും ഉണ്ടാക്കിയതും മന്ത്രി കത്തില്‍ ഓർമ്മപ്പെടുത്തി.
India-US Free Trade Agreement will destroy agriculture sector: Agriculture Minister P Prasad

