Site iconSite icon Janayugom Online

ടി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യ നാളെയിറങ്ങും

ആദ്യരണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര തൂത്തുവാരാന്‍ നാളെയിറങ്ങും. രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ നാളെ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. മത്സരം എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് നടക്കും. ആദ്യ രണ്ട് മത്സരങ്ങളില്‍ ബെഞ്ചിലിരുന്ന മലയാളി താരം സഞ്ജു സാംസണ് അവസാന മത്സരമായ നാളെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുണ്ടാകുമോയെന്ന് കണ്ടറിയണം. നിലവില്‍ ജിതേഷ് ശര്‍മ്മയാണ് വിക്കറ്റ് കീപ്പറായി ടീമിലുള്ളത്. സഞ്ജുടീമിലെത്തിയാല്‍ ജിതേഷിന് സ്ഥാനം നഷ്ടമാകും. കഴിഞ്ഞ മത്സരത്തില്‍ രണ്ട് പന്ത് നേരിട്ട ജിതേഷ് റണ്‍സൊന്നുമെടുക്കാതെ പുറത്തായിരുന്നു. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര ടി20 മത്സരമാണിത്. അതിനാല്‍ തന്നെ ലോകകപ്പ് ടീമില്‍ സാധ്യത നിലനിര്‍ത്താന്‍ സഞ്ജുവിന് കളത്തിലെത്തി മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.

ഓപ്പണിങ്ങില്‍ രോഹിത്തും യശസ്വി ജയ്സ്വാളും മൂന്നാമനായി വിരാട് കോലിയും തുടരും. എന്നാല്‍ ഇടവേളയ്ക്ക് ശേഷം ടി20യിലേക്ക് തിരികെയെത്തിയ ക്യാപ്റ്റന്‍ രോഹിത് മോശം ഫോമിലാണുള്ളത്. രണ്ട് കളിയും പൂജ്യത്തിന് താരം പുറത്തായിരുന്നു. ടി20 ലോകകപ്പിന് മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ ക്യാപ്റ്റന്റെ മോശം പ്രകടനം ടീമിനെ ആശങ്കയുയര്‍ത്തും. ലോകകപ്പിന് ഹാര്‍ദിക് പാണ്ഡ്യ ടീമിനെ നയിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രോഹിത്തിന്റെ മോശം പ്രകടനവും. എന്നാല്‍ യുവതാരം യശസ്വി ജയ്സ്വാള്‍ തകര്‍പ്പന്‍ ഫോമിലാണുള്ളത്. കഴിഞ്ഞ മത്സരത്തില്‍ ജയ്സ്വാളിന്റെയും ഓള്‍റൗണ്ടര്‍ ശിവം ദുബെയുടെയും തകര്‍പ്പന്‍ അര്‍ധസെ‌ഞ്ചുറി മികവില്‍ ഇന്ത്യ അനായാസം ജയിക്കുകയായിരുന്നു. വിരാട് കോലിയും ഭേദപ്പട്ട പ്രകടനം തന്നെ കാഴ്ചവച്ചിരുന്നു. ഫിനിഷിങ്ങില്‍ റിങ്കു സിങ് ഇന്ത്യയുടെ വിശ്വസ്തനായി മാറിക്കഴിഞ്ഞു. മറ്റൊരു ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍ വിക്കറ്റ് പിഴുതെറിയുന്നതില്‍ മുന്‍പന്തിയിലാണ്. ബൗളര്‍മാരില്‍ ആവേഷ് ഖാന്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Eng­lish Summary;India will come tomor­row to sweep the T20 series
You may also like this video

Exit mobile version