Site iconSite icon Janayugom Online

ലങ്ക കത്തിച്ച് ഇന്ത്യക്ക് കിരീടം; ജയം 97 റണ്‍സിന്

തകര്‍പ്പന്‍ സെഞ്ചുറിയോടെ സ്മൃതി മന്ദാനയും മികച്ച ബൗളിങ്ങുമായി സ്നേഹ് റാണയും തിളങ്ങിയതോടെ വനിതാ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ ജേതാക്കള്‍. ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ 97 റണ്‍സ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 48.2 ഓവറില്‍ 245 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യക്കായി സ്നേഹ് റാണ നാല് വിക്കറ്റും അമന്‍ജോക് കൗര്‍ മൂന്ന് വിക്കറ്റും നേടി.
ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവാണ് ( 51 ) ലങ്കയുടെ ടോപ് സ്‌കോറര്‍. വിഷ്മി ഗുണരത്‌നെ(36), പിന്നീട് നിളാക്ഷി ഡി സില്‍വ(48), ഹര്‍ഷിത സമരവിക്രമ(26), സുഗന്ധിക കുമാരി(27), അനുഷ്‌ക സഞ്ജീവനി(28) എന്നിവര്‍ പൊരുതിയെങ്കിലും വിജയലക്ഷ്യത്തിലെത്തിയില്ല. 

നേരത്തെ പ്രതിക റാവലും സ്മൃതി മന്ദാനയും ചേര്‍ന്ന് 70 റണ്‍സാണ് ഓപ്പണിങ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 30 റണ്‍സെടുത്ത് പ്രതിക പുറത്തായി. മൂന്നാം വിക്കറ്റില്‍ ഹര്‍ലിന്‍ ഡിയോളും സ്മൃതിയും ചേര്‍ന്ന് 120 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അര്‍ധസെഞ്ചുറിക്കരികെ ഹര്‍ലിന്‍ (47) പുറത്തായി. ഹര്‍മന്‍പ്രീത് കൗര്‍(41), ജെമീമ റോഡ്രിഗസ്(44) എന്നിവരുടെ പ്രകടനവും ഇന്ത്യയുടെ സ്കോര്‍ 300 കടക്കുന്നതില്‍ സഹായകമായി. ഏകദിനത്തില്‍ 11-ാം സെ‌ഞ്ചുറിയാണ് സ്മൃതി കുറിച്ചത്. ഇതോടെ വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരങ്ങളുടെ എലൈറ്റ് പട്ടികയില്‍ സ്മൃതി മൂന്നാം സ്ഥാനത്തെത്തി. ലങ്കയ്ക്കായി മല്‍കി മദര, ഡെവ്മി വിഹംഗ, സുഗന്ധിക കുമാരി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 

Exit mobile version