Site icon Janayugom Online

ഇന്ത്യ x ലെബനന്‍; ആദ്യ സെമിയില്‍ കുവൈറ്റ്-ബംഗ്ലാദേശ് പോരാട്ടം

സാഫ് ചാമ്പ്യന്‍ഷിപ്പ് സെമിഫൈനല്‍ ലൈനപ്പായി. ആതിഥേയരായ ഇന്ത്യ ലെബനനെ നേരിടും. ശനിയാഴ്ച രാത്രി 7.30നാണ് മത്സരം. ആദ്യ സെമിയില്‍ കുവൈറ്റും ബംഗ്ലാദേശും ഏറ്റുമുട്ടും. വൈകിട്ട് മൂന്നിനാണ് മത്സരം. ഇന്നലെ നടന്ന മത്സരത്തില്‍ മാലിദീവ്സിനെ തകര്‍ത്താണ് ലെബനന്‍ സെമിഫൈനലിലെത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജയം. 23-ാം മിനിറ്റില്‍ ഹസന്‍ മാട്ടൗക് നേടിയ ഗോളിലാണ് വിജയം നേടിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുമായാണ് ലെബനൻ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. നേരത്തെ ബംഗ്ലാദേശിനെയും ഭൂട്ടാനെയും തോല്പിച്ചിരുന്നു. സെമിയില്‍ ഗ്രൂപ്പ് എയില്‍ രണ്ടാമത് ഫിനിഷ് ചെയ്ത ഇന്ത്യയെ ഇനി ലെബനൻ സെമിയില്‍ നേരിടും. 

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനലില്‍ ലെബനനെ തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ഇതിന് പ്രതികാരം വീട്ടുകയെന്ന ലക്ഷ്യത്തോടെ ലെബനന്‍ മികച്ച ഫോമില്‍ തുടരുന്ന ഇന്ത്യക്ക് എത്രത്തോളം വെല്ലുവിളിയുണ്ടാക്കുമെന്ന് കണ്ടറിയണം. സാഫ് കപ്പ് ഉയര്‍ത്തിയാല്‍ നിലവില്‍ 101-ാം റാങ്കിലുള്ള ഇന്ത്യക്ക് മുന്നേറാം. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഭൂട്ടാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗ്ലാദേശ് സെമിയില്‍ കുതിച്ചത്. 12-ാം മിനിറ്റില്‍ സെന്റ് ഡോര്‍ജിയിലൂടെ ഭൂട്ടാനാണ് ആദ്യം മുന്നിലെത്തിയത്. 

അധികം വൈകാതെ 21-ാം മിനിറ്റില്‍ ഷേക്ക് മോര്‍സലിയിലൂടെ ബംഗ്ലാദേശ് സമനില നേടി. 30-ാം മിനിറ്റില്‍ ഭൂട്ടാന്റെ ഫുന്‍ഷോ ജിഗ്മെയുടെ സെല്‍ഫ്ഗോള്‍ ബംഗ്ലാദേശ് സ്കോര്‍ബോര്‍ഡില്‍ രണ്ടാം ഗോളുമെത്തിച്ചു. ആറ് മിനിറ്റിനുള്ളില്‍ വീണ്ടും ബംഗ്ലാദേശ് ഗോള്‍ നേടി. റാക്കിബ് ഹൊസൈനാണ് സ്കോറര്‍. അവസനം വിസി­ല്‍ മുഴങ്ങിയപ്പോള്‍ 3–1ന് ബംഗ്ലാദേശ് വിജയമുറപ്പിച്ച് സെമിയിലേക്ക് കടന്നു.

Eng­lish Summary:India x Lebanon; Kuwait-Bangladesh match in the first semi-final

You may also like this video

Exit mobile version