ഡിറ്റ്‍വ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ ദുരിതാശ്വാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീലങ്കയ്ക്ക് ഇന്ത്യ 45 കോടി ഡോളറിന്റെ സഹായ പാക്കേജ് പ്രഖ്യാപിച്ചു. ടൂറിസം, പുനർനിർമ്മാണത്തിനുള്ള നിക്ഷേപം തുടങ്ങിയ നിർണായക മേഖലകളിൽ കൂടുതൽ സഹായം നൽകാൻ തയ്യാറാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. തിങ്കളാഴ്ച ശ്രീലങ്കയിലെത്തിയ ജയശങ്കർ, പുനർനിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രസിഡന്റ് അനുര കുമാര ദിസനായകെയെ കണ്ടു. 35 കോടി ഡോളറിന്റെ ക്രെഡിറ്റ് ലൈനുകളും 10 കോടി ഡോളർ ഗ്രാന്റുകളും ഉൾപ്പെടുന്ന പാക്കേജ് സംബന്ധിച്ച ഓദ്യോഗിക കത്ത് ജയശങ്കര്‍ ദിസനായകെയ്ക്ക് കെെമാറി.
ശ്രീലങ്കയുമായി കൂടിയാലോചിച്ചാണ് പുനർനിർമ്മാണ പാക്കേജിന് അന്തിമരൂപം നൽകുകയെന്നും ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ജയ്ശങ്കർ കൂട്ടിച്ചേര്‍ത്തു. റോഡ്, റെയിൽവേ, പാലം എന്നിവയുടെ അറ്റകുറ്റപ്പണികൾ, വീടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയുടെ പുനര്‍നിര്‍മ്മാണം, ദുരന്ത പ്രതികരണവും തയ്യാറെടുപ്പും മെച്ചപ്പെടുത്തൽ എന്നിവ പാക്കേജിൽ ഉൾപ്പെടും.
പുതിയ ദുരിതാശ്വാസ പാക്കേജ് വീണ്ടെടുക്കലിനും പുനർനിർമ്മാണത്തിനും അർത്ഥവത്തായ പിന്തുണ നൽകുമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പറഞ്ഞു. നവംബർ അവസാനം ആഞ്ഞടിച്ച ഡിറ്റ്‍വാ ചുഴലിക്കാറ്റ് കെട്ടിടങ്ങൾക്കും കൃഷിക്കും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും ഉള്‍പ്പെടെ 410 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടാക്കിയതായി ലോകബാങ്ക് റിപ്പോർട്ട് പറയുന്നു. ഇത് ശ്രീലങ്കന്‍ ജിഡിപിയുടെ നാല് ശതമാനം വരും.

